തിരുവനന്തപുരത്ത് സുരേന്ദ്രന് സാധ്യത തെളിഞ്ഞു

0
17

തിരുവനന്തപുരം: 2019 ലോക്സഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വിജയ പ്രതീക്ഷയുള്ള കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട മണ്ഡലമാണ് തിരുവനന്തപുരം. മണ്ഡലത്തിലെ ഏറ്റവും അനുയോജ്യനായ സ്ഥാനാര്‍ത്ഥിയെ കണ്ടുപിടിക്കുന്നതിന് പാര്‍ട്ടിയെ സംബന്ധിച്ച് നിര്‍ണായകമായ തീരുമാനമാണ്. മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ മുതല്‍ കെ.സുരേന്ദ്രന്‍, സുരേഷ് ഗോപി എന്നിവര്‍ വരെ സ്ഥാനാര്‍ത്ഥിയായി പരിഗണനയിലുണ്ട്. കുമ്മനം രാജശേഖരന്റെ ഗവര്‍ണര്‍ പദവി രാജിവയ്പ്പിച്ച് സ്ഥാനാര്‍ത്ഥിയാക്കാനുള്ള ആര്‍.എസ്.എസ് ശ്രമവും അണിയറയില്‍ ശക്തമായി നടക്കുന്നുണ്ട്. ഇതിനിടെയാണ് സംസ്ഥാന നേതൃത്വം ഏകപക്ഷീയമായി മുന്നോട്ട് പോകുന്നെന്ന വിമര്‍ശനങ്ങള്‍ ഉയരുന്നത്.എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ക്ക് പരിഹാരമായി എല്ലാവരെയും ഉള്‍ക്കൊള്ളിച്ചുള്ള പ്രവര്‍ത്തനങ്ങള്‍തക്ക് പാര്‍ട്ടി രൂപം നല്‍കുകയുണ്ടായി. ദേശിയ അദ്ധ്യക്ഷന്‍ അമിത് ഷാ ഇന്നലെ പാലക്കാട്ട് എത്തുന്നതിന് മുമ്പ് പരിഹാരം കാണാനാണ് സംസ്ഥാന ബി.ജെ.പി നേതൃത്വം തീരുമാനിച്ചത്. ഇതുകൂടാതെ 20 ലോക്സഭാ മണ്ഡലങ്ങളെ നാലു മേഖലകളാക്കി തിരിച്ച് ബി.ജെ.പി ജനറല്‍ സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ മാര്‍ച്ച് 5 മുതല്‍ പത്തുവരെ പരിവര്‍ത്തന യാത്ര നടത്താന്‍ ഇന്നലെ ചേര്‍ന്ന സംസ്ഥാന നേതൃയോഗത്തില്‍ തീരുമാനമായി.കേരളവും മോദിയോടൊപ്പം, വീണ്ടും വേണം മോദി ഭരണം എന്ന മുദ്രാവാക്യമുയര്‍ത്തിയാവും യാത്ര. ശബരിമല തകര്‍ക്കുന്നതിനെതിരായ ബോധവത്കരണവും സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരായ പ്രചരണവും വിഷയമാവും. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, കോഴിക്കോട് മേഖലകളില്‍ യഥാക്രമം കെ.സുരേന്ദ്രന്‍, എ.എന്‍. രാധാകൃഷ്ണന്‍, ശോഭാ സുരേന്ദ്രന്‍, എം.ടി. രമേശ് എന്നിവരാണ് ജാഥ നയിക്കുക.എന്നാല്‍ തെക്കന്‍മേഖലാ ജാഥയുടെ ചുമതല അപ്രതീക്ഷിതമായി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് നല്‍കിയതോടെ, അദ്ദേഹം തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയാവുമെന്ന അഭ്യൂഹവും ശക്തമായി. തിരുവനന്തപുരത്തിന്റെ ചുമതലയുണ്ടായിരുന്ന എം.ടി. രമേശ് കോഴിക്കോട് മേഖലാജാഥ നയിക്കും.സുരേന്ദ്രനെ മഞ്ചേശ്വരം നിയമസഭാമണ്ഡലത്തില്‍ത്തന്നെ വീണ്ടും മത്സരിപ്പിക്കാന്‍ ഒരുവിഭാഗം കരുക്കള്‍ നീക്കിയിരുന്നു. മഞ്ചേശ്വരത്ത് മത്സരിക്കാനില്ലെന്ന് സുരേന്ദ്രന്‍ സൂചിപ്പിക്കുകയും ചെയ്തു. കുമ്മനമല്ലെങ്കില്‍ സുരേന്ദ്രന്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയായാല്‍ കനത്ത മത്സരം നടക്കുമെന്ന് ആര്‍.എസ്.എസും വിലയിരുത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ തിരുവനന്തപുരം മേഖലാജാഥയുടെ ചുമതല സുരേന്ദ്രനിലെത്തുന്നതിന് പ്രാധാന്യമേറെയുണ്ട്. പത്തനംതിട്ട മണ്ഡലത്തില്‍ ഏറ്റവും പരിഗണിക്കപ്പെടുന്ന പേര് എ.ടി. രമേശിന്റേതാണ്. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള തിരഞ്ഞെടുപ്പ് ചുമതലകളുമായി മത്സരത്തില്‍നിന്ന് വിട്ടുനില്‍ക്കാനുള്ള സാദ്ധ്യതയാണ് കൂടുതല്‍. കുമ്മനമോ സുരേഷ് ഗോപിയോ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയായാല്‍ സുരേന്ദ്രന് തൃശൂരില്‍ നറുക്കുവീഴും.

LEAVE A REPLY

Please enter your comment!
Please enter your name here