പരുന്തായി പകര്‍ന്നാടി നാടിന്റെ കലാകാരന്‍മാര്‍

0
92
നെടുങ്കണ്ടം ഫെസ്റ്റിനോടനുബന്ധിച്ച് സംഘടിപ്പിച്ച നാടന്‍ കലാരൂപം പരുന്താട്ടം

നെടുങ്കണ്ടം: പരുന്തിന്റെ ജീവിത കഥയുമായി നാടന്‍ പാട്ട്. ഗാനത്തിനൊപ്പം പരുന്തിന്‌റെ വേഷത്തില്‍ ചടുല നൃത്ത ചുവടുകളുമായി കലാകാരന്‍മാരും. നെടുങ്കണ്ടം ഗ്രാമപഞ്ചയാത്ത് സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ഫെസ്റ്റിനോടനുബന്ധിച്ചാണ് നാടന്‍ കലാരൂപങ്ങള്‍ അവതരിപ്പിച്ചത്.
പാമ്പാടുംപാറ ആദിയാര്‍പുരം കേന്ദ്രമാക്കി പ്രവര്‍ത്തിയ്ക്കുന്ന ദേശതുടി ട്രൂപ്പാണ് നാടന്‍ കലകളുടെ അവതരണം നടത്തിയത്.
നെടുങ്കണ്ടത്തിന്റെ സമീപ ഗ്രാമങ്ങളിലുള്ള യുവാക്കളുടെ കൂട്ടായ്മയാണ് ദേശതുടി ബാന്റിന് പിന്നില്‍. പ്രസിഡന്റ് ആദിയാര്‍പുരം സ്വദേശി ബാലകൃഷ്ണന്‍ പ്ലാച്ചിക്കല്‍ അടക്കം ട്രൂപ്പിലെ ഭൂപിപക്ഷം കലാകാരന്മാരും വിദ്യാര്‍ത്ഥികളാണ്. ആദിയാര്‍പുരം സ്വദേശി അജിത്കുമാര്‍ റൈറ്റണ്‍പറമ്പിലാണ് സെക്രട്ടറി. നാടന്‍പാട്ടുകള്‍, കുമ്മാട്ടി, പരുന്താട്ടം, തെയ്യം, കാളകളി, മയിലാട്ടം തുടങ്ങിയവയാണ് ഈ കലാകാരന്‍മാര്‍ വേദിയിലവതരിപ്പിയ്ക്കുന്നത്. പഴമയുടെ പാട്ടുകള്‍ക്ക് ആധുനീക സംഗീത ഉപകരണങ്ങളുടെ സഹായത്താലാണ് താളം ഒരുക്കുന്നത്. ഡ്രംസ്, റിഥംപാട്, കീബോര്‍ഡ്, ഗിറ്റാറ് തുടങ്ങിയ സംഗീത ഉപകരണങ്ങളെല്ലാം ഇവര്‍ നാടന്‍ പാട്ടുകള്‍ക്ക് താളമൊരുക്കാന്‍ ഉപയോഗിക്കുന്നുണ്ട്. പാട്ടുകളുടെ പഴമ നഷ്ടപെടുത്താതെയുള്ള അവതരണം കാണികളെ ഏറെ ആകര്‍ഷിയ്ക്കുന്നു.
ആധുനീക കാലഘട്ടത്തില്‍ ഹൈറേഞ്ചില്‍ അധികം അവതരിപ്പിയ്ക്കാത്ത കലാരൂപങ്ങളെ തിരികെ എത്തിയ്ക്കാനാണ് ഈ യുവജന കൂട്ടായ്മ ശ്രമിയ്ക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here