വനഭൂമിയില്‍ ആട്ടിന്‍കൂടു നിര്‍മിച്ച ആദിവാസി യുവാവിനെ അറസ്റ്റ് ചെയ്തു; സംഘര്‍ഷം, 10 പേര്‍ക്ക് പരുക്ക്

0
12

വടക്കഞ്ചേരി: ഒളകരയില്‍ വനഭൂമി കയ്യേറി ആട്ടിന്‍കൂട് നിര്‍മിച്ചെന്നാരോപിച്ച് ആദിവാസി പ്രമോട്ടര്‍ ഒളകര പുല്‍പ്പുറത്ത് കുട്ടപ്പന്റെ മകന്‍ രതീഷിനെ (33) അറസ്റ്റ് ചെയ്തു. ഇതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 8 ആദിവാസികള്‍ക്കും 2 വനം ജീവനക്കാര്‍ക്കും പരുക്കേറ്റു. ഒളകര ആദിവാസി കോളനിയിലെ രതീഷ് (33), ചന്ദ്രിക നാരായണന്‍ (32), ഇന്ദിര വേലായുധന്‍ (38), രജിത (42), ബിന്ദു (30), സുധ (29), അനീഷ് (24), സുഭാഷ് (23), സുബീഷ് (23), സന്ദീപ് (24) എന്നിവര്‍ക്കും പീച്ചി റേഞ്ച് ഓഫിസര്‍ എന്‍.കെ.അജയഘോഷ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍മാരായ ജയദേവന്‍, സുനില്‍ എന്നിവര്‍ക്കുമാണു പരുക്കേറ്റത്.
സംഭവത്തെത്തുടര്‍ന്ന് ഒളകരയിലും പീച്ചിയിലും വനം ഓഫിസുകള്‍ക്കു മുന്നില്‍ ആദിവാസികള്‍ പ്രതിഷേധിച്ചു. ഒളകരയില്‍ വനം ഉദ്യോഗസ്ഥരെ 12 മണിക്കൂര്‍ ഉപരോധിച്ചു. വൈകിട്ട് ജനപ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നു രതീഷിനെ വിട്ടയച്ചു. ഇതോടെ ഉപരോധവും അവസാനിപ്പിച്ചു. വനപാലക സംഘം രാവിലെ 6.30ന് ആണ് അട്ടിന്‍ കൂടുകള്‍ പൊളിച്ചുനീക്കി രതീഷിനെ (33) അറസ്റ്റ് ചെയ്തത്. 3 ഷെഡുകളാണ് തകര്‍ത്തത്. ദ്രുത കര്‍മ സേന എത്തിയത് ജനത്തെ ഭീതിയിലാക്കി. രതീഷിനെ മോചിപ്പിക്കണമെന്ന ആവശ്യവുമായി നൂറിലേറെ ആദിവാസികള്‍ ഒളകരയിലെ വനം വകുപ്പ് ഓഫിസിനു മുന്നില്‍ കുത്തിയിരുന്നു.
വനം വകുപ്പിന്റെ 5 ജീപ്പുകള്‍ തടഞ്ഞു. പീച്ചിയില്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഓഫിസും ആദിവാസികള്‍ ഉപരോധിച്ചു. വൈകിട്ട് 5.30ന് നേരിയ തോതില്‍ കല്ലേറുണ്ടായി. കെ. രാജന്‍ എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റ് കെ.വി. അനിത, പഞ്ചായത്തംഗങ്ങളായ ബാബു തോമസ്, ഇ.എം. മനോജ് എന്നിവര്‍ വനം അധികൃതരുമായി ചര്‍ച്ച ചെയ്‌തെങ്കിലും ഉദ്യോഗസ്ഥര്‍ വിട്ടുവീഴ്ചക്കു തയാറായില്ല. രണ്ടാം വട്ട ചര്‍ച്ചയിലാണു കേസെടുത്ത ശേഷം യുവാവിനെ വിട്ടയയ്ക്കാന്‍ തീരുമാനിച്ചത്. കലക്ടറുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി ഭാവി കാര്യങ്ങള്‍ തീരുമാനിക്കാനും ധാരണയായി.
ആട്ടിന്‍ കൂടുകള്‍ നിര്‍മിക്കുന്നത് ജില്ലാ പട്ടിക വര്‍ഗ വകുപ്പ് നല്‍കുന്ന 1.50 ലക്ഷം രൂപ ഉപയോഗിച്ചാണ്. ഇതില്‍ 75000 രൂപ കൈപ്പറ്റി. ആട്ടിന്‍ കൂടുകളുടെ നിര്‍മാണം ആഴ്ചകള്‍ക്കു മുന്‍പേ ആരംഭിച്ചതാണെന്നും നാട്ടുകാര്‍ പറയുന്നു. വീടുകളില്‍ ആട്ടിന്‍കൂടിനു സൗകര്യമില്ലെന്നു കണ്ട് വീടിനു സമീപം വനത്തില്‍ പണിയുകയായിരുന്നു.
ഇതിന് ഡിഎഫ്ഒ ഉള്‍പെടെയുള്ളവരുടെ വാക്കാലുള്ള അനുമതി വാങ്ങിയിരുന്നതായി ആദിവാസി ഊരുമൂപ്പന്‍ തങ്കപ്പന്‍ പറഞ്ഞു. 3 സെന്റ് സ്ഥലത്ത് പണിത ഷെഡുകള്‍ തകര്‍ത്ത് വഴിയാധാരമാക്കുകയാണ് വനം അധികൃതര്‍ ചെയ്തതെന്നും മൂപ്പന്‍ ആരോപിച്ചു. മൂപ്പന്‍ ഉള്‍പ്പെടെ 4 പേര്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തിട്ടുണ്ട്. വനഭൂമിയില്‍ കൃഷിക്ക് അനുമതി വേണമെന്നാവശ്യപ്പെട്ടു ഏറെക്കാലമായി ആദിവാസികള്‍ സമരം നടത്തുന്ന മേഖലയാണിത്.
ഒളകരയില്‍ കെട്ടിടങ്ങളും ക്വാര്‍ട്ടേഴ്‌സുകളും നിര്‍മിക്കുന്നതില്‍ അഴിമതിയുണ്ടെന്നാരോപിച്ചു പരാതി നല്‍കിയതിന്റെ പ്രതികാരത്തിലാണ് തന്നെ അറസ്റ്റു ചെയ്തതെന്നു രതീഷ് പറഞ്ഞു. ഉദ്യോഗസ്ഥര്‍ തന്നെ മര്‍ദിച്ചതായും രതീഷ് കുറ്റപ്പെടുത്തി.
വനഭൂമി കയ്യേറി നിര്‍മിച്ചതിനെ തുടര്‍ന്നാണ് ആട്ടിന്‍ കൂടുകള്‍ പൊളിച്ചു നീക്കിയതെന്നും നടപടി നിയമപരമാണന്നും പീച്ചി റേഞ്ച് ഓഫിസര്‍ എന്‍.കെ. അജയഘോഷ് പറഞ്ഞു. ഒരാഴ്ച മുന്‍പ് കൂടുകള്‍ പൊളിച്ചു നീക്കണമെന്ന് അറിയിപ്പ് നല്‍കിയിരുന്നതായും ഇക്കാര്യം െ്രെട ബല്‍ ഓഫിസറെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here