വിഴിഞ്ഞത്തിന് പാറക്കല്ല് ഗുജറാത്തില്‍ നിന്ന്

0
3
ബാര്‍ജില്‍ നിന്നും കല്ല് നിക്ഷേപിക്കുന്നത് കാണാനായി വിസില്‍ എംഡി ഡോ ജയകുമാര്‍, അദാനി പോര്‍ട്‌സ് ആന്റ് സീസ് സിഇഒ രാജേഷ് ഝാ തുടങ്ങിയവര്‍

വിഴിഞ്ഞം: തുറമുഖത്തിന്റെ പാറക്ഷാമത്തിന് താല്‍ക്കാലിക പരിഹാരം. ഗുജറാത്തില്‍ നിന്ന് കപ്പലില്‍ കരിങ്കല്ലെത്തിച്ച് പുലിമുട്ട് നിര്‍മാണം പുനരാരംഭിച്ചു. മുപ്പതിനായിരം ടണ്‍ പാറയാണ് കപ്പലില്‍ എത്തിച്ചിരിക്കുന്നത്.ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്നാണ് എംബി പ്രൊപ്പല്‍ എന്ന കപ്പലില്‍ 30000 ടണ്‍ കരിങ്കല്ല് എത്തിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്ന് പാറ ലഭിക്കാനുള്ള നടപടിക്രമങ്ങള്‍ നീണ്ടുപോകുന്ന സാഹചര്യത്തിലാണ് ഗുജറാത്തില്‍ നിന്ന് കരിങ്കല്ല് എത്തിച്ചത്. ഇത് പൂര്‍ണമായും പുലിമുട്ട് നിര്‍മാണത്തിനാണ് ഉപയോഗിക്കുന്നത്. കപ്പലില്‍ നിന്ന് ബാര്‍ജിലേക്ക് മാറ്റിയശേഷമാണ് പാറ കടലില്‍ നിക്ഷേപിക്കുന്നത്. നാലു ക്രെയിന്‍ ഉപയോഗിച്ചാണ് കപ്പലില്‍ നിന്ന് ബാര്‍ജിലേക്ക് കരിങ്കല്ല് നീക്കുന്നത്. തുടര്‍ന്ന് ബാര്‍ജിനെ ടഗ്ഗുപയോഗിച്ച് വലിച്ച് ലക്ഷ്യസ്ഥാനത്ത് എത്തിച്ച ശേഷം ബാര്‍ജിന്റെ അടിഭാഗം തുറന്ന് കടലിലേക്ക് കല്ല് നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. കടലില്‍ 20 അടി ആഴത്തിലേക്കാണ് കരിങ്കല്ല് നിക്ഷേപിക്കുന്നത്. ഏഴുദിവസം കൊണ്ട് കരിങ്കല്ല് കടലില്‍ നിക്ഷേപിക്കുന്നത് പൂര്‍ത്തിയാകും. കേരളത്തില്‍ നിന്ന് ലഭിക്കുന്ന പാറയുടെ മൂന്നിരട്ടി വില നല്‍കിയാണ് ഗുജറാത്തില്‍ നിന്ന് എത്തിച്ചിരിക്കുന്നത്. പാറക്ഷാമം മൂലം നിര്‍മാണം വൈകുന്ന സാഹചര്യത്തിലാണ് അധികം പണം മുടക്കിയാണെങ്കിലും പാറ കപ്പലില്‍ എത്തിച്ചതെന്ന് അദാനി ഗ്രൂപ്പ് വിശദീകരിക്കുന്നു. നിലവിലെ സാഹചര്യത്തില്‍ 2020 ഒക്ടോബറിലെ തുറമുഖത്തിന്റെ ആദ്യഘട്ടം നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കൂ എന്ന് അദാനി വിഴിഞ്ഞം പോര്‍ട്ട് സി.ഇ.ഒ രാജേഷ് ഝാ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here