ജോസഫിനെ അനുകൂലിച്ച് കോണ്‍ഗ്രസ്; മാണിക്ക് അതൃപ്തി; രണ്ടു ദിവസത്തിനകം തീരുമാനിക്കാന്‍ നിര്‍ദേശം

0
6

കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം ലോക്സഭാ സീറ്റിലെ സ്ഥാനാര്‍ത്ഥിയെ ചൊല്ലി കേരള കോണ്‍ഗ്രസില്‍ തര്‍ക്കം മുറുകുമ്പോള്‍ പിജെ ജോസഫിനെ അനുകൂലിച്ച് കോണ്‍ഗ്രസ്. മാണിഗ്രൂപ്പ് നേതാക്കള്‍ക്ക് വിജയ സാധ്യത ഇല്ലെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.

കേരള കോണ്‍ഗ്രസില്‍ അഭ്യന്തര കലാപം രൂക്ഷമായതിനിടെ വ്യാഴാഴ്ച്ച രാത്രി നാട്ടകം ഗസ്റ്റ് ഹൗസില്‍ ഉമ്മന്‍ചാണ്ടിയും പിജെ ജോസഫും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു. കോട്ടയം സീറ്റിനായുള്ള അവകാശ വാദത്തില്‍ നിന്നും പിന്നോട്ട് പോകരുതെന്ന് ജോസഫിനോട് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടതായാണ് വിവരം. ജോസഫിന് പിന്നില്‍ കളിക്കുന്നത് കോണ്‍ഗ്രസ് നേതാക്കളാണെന്ന മാണി വിഭാഗം നേരത്തെ തന്നെ ആരോപിച്ചിരുന്നു. പുതിയ സംഭവവികാസങ്ങളില്‍ കെ എം മാണി അടുത്ത അതൃപ്തിയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ന് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കന്മാരുമായി കെ.എം. മാണി കൂടിയാലോചന നടത്തുന്നുണ്ട്. രണ്ടു ദിവസത്തിനകം തീരുമാനം അറിയിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മത്സരിക്കാനുള്ള താത്പര്യം ഇന്നലെ ചേര്‍ന്ന സ്റ്റിയറിങ് കമ്മിറ്റി, പാര്‍ലമെന്ററി പാര്‍ട്ടി യോഗങ്ങളില്‍ ജോസഫ് അറിയിച്ചിരുന്നു. അന്തിമതീരുമാനം പ്രഖ്യാപിക്കാന്‍ പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണിയെ ചുമതലപ്പെടുത്തിയാണു നേതൃയോഗങ്ങള്‍ പിരിഞ്ഞത്.

പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തിന് പിന്നാലെ രാത്രിയില്‍ മാണി വിഭാഗം കോട്ടയത്തു പ്രത്യേകയോഗം ചേര്‍ന്നിരുന്നു.കോട്ടയത്ത് പി ജെ ജോസഫ് വേണ്ടെന്നാണ് കേരള കോണ്‍ഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നിലപാട്. എംഎല്‍എമാരായിരിക്കുന്നവര്‍ മല്‍സരിക്കേണ്ട. ജയസാധ്യതയുള്ള മറ്റ് അനേകം പേര്‍ പാര്‍ട്ടിയിലുണ്ടെന്നും കേരള കോണ്‍ഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം പറഞ്ഞു.

കേരള കോണ്‍ഗ്രസിന്റെ ആസ്ഥാനമായ കോട്ടയത്ത് പിജെ ജോസഫിന് സീറ്റു വിട്ടുകൊടുക്കുന്നതില്‍ മാണി വിഭാഗത്തിനും അതൃപ്തിയുണ്ട്. കോട്ടയത്തെ പ്രാദേശിക നേതാക്കള്‍ ഇക്കാര്യത്തിലെ തങ്ങളുടെ അതൃപ്തിയും അമര്‍ഷവും മാണിയേയും ജോസ് കെ മാണിയേയും അറിയിച്ചിട്ടുണ്ട്. മാണി വിഭാഗത്തില്‍പ്പെട്ട റോഷി അഗസ്റ്റിന്‍ എംഎല്‍എയുടെ പേരും പരിഗണിച്ചിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് അറിയിച്ച റോഷി ആ നിര്‍ദേശം തള്ളി.

പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സീറ്റ് ജോസഫിന് എന്ന തരത്തിലേക്കു കാര്യങ്ങളെത്തിയെങ്കിലും മത്സരിക്കാന്‍ സന്നദ്ധത അറിയിക്കുകയും കോണ്‍ഗ്രസ് പിന്തുണയുമായി രംഗത്ത് വന്നതും മാണി വിഭാഗത്തിന് ജോസഫിനോട് അമര്‍ഷം കൂട്ടിയിട്ടുണ്ട്. നേരത്തേ ഈ തര്‍ക്കം പരിഹരിക്കുന്നതിനായി ഇടുക്കിയിലും കോട്ടയത്തും രണ്ടു സീറ്റ് മാണി വിഭാഗം ചോദിച്ചെങ്കിലും കോണ്‍ഗ്രസ് അനുവദിച്ചില്ല. ഇതോടെയാണ് കോട്ടയം സീറ്റിനായി ജോസഫ് വിഭാഗം അവകാശവാദം ഉന്നയിച്ചത്. വെള്ളിയാഴ്ചയോ ശനിയാഴ്ചയോ കോണ്‍ഗ്രസ് പട്ടികയാകാനിരിക്കെ രണ്ടു ദിവസത്തിനകം തീരുമാനം എടുക്കണമെന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ കേരളാകോണ്‍ഗ്രസ് വന്നു പെട്ടിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here