വേനല്‍ കടുത്തതോടെ കല്ലാര്‍ ഡാം വറ്റി വരണ്ടു തുടങ്ങി

0
87
വറ്റിവരണ്ട കല്ലാര്‍ ഡാം

കല്ലാര്‍ : ഹൈറേഞ്ചില്‍ വേനല്‍ കടുത്തതോടെ ജലസ്രോതസ്സുകളില്‍ നിന്നുള്ള ജല ലഭ്യത ഗണ്യമായി കുറഞ്ഞത് വന്‍ ജലപ്രതിസന്ധിയ്ക്ക് കാരണമായി തീരുന്നു. കല്ലാര്‍ ഡൈവേര്‍ഷന്‍ ഡാമില്‍ ഇനി 3.32 അടി വെള്ളം മാത്രമാണ് ഇപ്പോള്‍ ഉള്ളത്. വേനല്‍ ചൂട് കൂടിയതോടെ കല്ലാര്‍ പുഴയിലെ ജല ഒഴുക്ക് തീര്‍ത്തും കുറഞ്ഞു. ആയിരക്കണക്കിന് ജനങ്ങള്‍ക്ക് വെള്ളമെത്തിക്കുന്ന താന്നിമൂട് ജലവിതരണ പദ്ധതിയും താലൂക്ക് ആശുപത്രി അടക്കം വെള്ളമെത്തിക്കുന്ന പദ്ധതി, വിവിധ ജലനിധിയുടെ കുടിവെള്ള പദ്ധതികള്‍ എന്നിങ്ങനെ നിരവധി ജലവിതരണ പദ്ധതിയാണ് കല്ലാര്‍ പുഴയെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്നത്. നെടുങ്കണ്ടം ഗ്രാമപഞ്ചായത്തില്‍ ജലനിധി നടപ്പിലാക്കിയിരിക്കുന്ന 65 ജലവിതരണ-കുടിവെള്ള പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. ഇതില്‍ 12 ഓളം വന്‍ പദ്ധതികള്‍ കല്ലാര്‍ പുഴയെ ആശ്രയിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്.
ഇത് കൂടാതെ കൃഷി ആവശ്യത്തിനും മറ്റുമായി ചെറുതും വലുതുമായ നിരവധി തടയിണകളും കുളങ്ങളും സ്വകാര്യ വ്യക്തികളുടെ നേത്യത്വത്തില്‍ ഈ പുഴയില്‍ നിര്‍മ്മിച്ചിട്ടുണ്ട്. മഴ കുറഞ്ഞതും വേനല്‍ ചൂടിന്റെ കാഠിന്യം വര്‍ദ്ധിച്ചതും പുഴയിലെ ജലത്തിന്റെ ഒഴുക്ക് ഏകദേശം നിലച്ച നിലയിലാണ്. വേനല്‍ മഴ ലഭിക്കാത്തത് ഈ ജലപ്രതിസന്ധിയ്ക്ക് ആക്കം കൂട്ടുന്നു. ചിലയിടങ്ങളില്‍ ചെറുതായി മഴ ചാറിപ്പോയതൊഴിച്ചാല്‍ നല്ലൊരു വേനല്‍ മഴ ഇതുവരെ എങ്ങും ലഭിച്ചിട്ടില്ല. ഇത് ചൂടിന്റെ തീവ്രത രാവും പകലും ഒരുപോലെ വര്‍ദ്ധിക്കുവാന്‍ കാരണമാകുന്നു. ചൂട് കൂടിയതോടെ കാട്ടു തീ ഹൈറേഞ്ചില്‍ സ്ഥിരം സംഭവമായി മാറിയിരിക്കുകയാണ്.
ഇത്തരത്തില്‍ ഏക്കറ് കണക്കിന് ക്യഷിയിടങ്ങളാണ് പൂര്‍ണ്ണമായും തീയില്‍ കത്തിയമര്‍ന്നത്. മാര്‍ച്ച് ആരംഭിച്ചപ്പോള്‍ തന്നെ വിവിധ പ്രദേശങ്ങളിലുള്ളവര്‍ വെള്ളം വാങ്ങുവാനുള്ള തയ്യാറെടുപ്പുകള്‍ നടത്തി കഴിഞ്ഞു. വേനല്‍ കടുക്കുന്നതോടെ ജലദൗര്‍ലഭ്യത തീരെ കുറയുകയും പല പദ്ധതികളുടേയും പ്രവര്‍ത്തനം താളം തെറ്റുന്നതോടെ ജലത്തിനായി ജനങ്ങള്‍ നെട്ടോട്ടമോടേണ്ട അവസ്ഥയില്‍ എത്തുന്ന സ്ഥിതിയാണ് വരുവാന്‍ പോകുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here