വടകരയിലേക്കുള്ള മുരളീധരന്റെ വരവിനെ ആഘോഷിച്ചും പരിഹസിച്ചും ട്രോള്‍ മഴ; എംഎം മണിയുടെയും ബല്‍റാമിന്റെയും ട്രോളുകള്‍ ഹിറ്റ്

0
31

കൊച്ചി: സ്ഥാനാര്‍ത്ഥി നിര്‍ണയ തര്‍ക്കങ്ങള്‍ക്കൊടുവില്‍ വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി കെ മുരളീരനെ പ്രഖ്യാപിച്ചതിന് പിന്നാലെ ട്രോള്‍ മഴ. വൈദ്യുതി മന്ത്രി എംഎം മണി, വിടി ബല്‍റാം തുടങ്ങി നികവധിപേരാണ് ട്രോളുകളുമായെത്തിയത്.

കെപിസിസിയ്ക്ക് വേണ്ടി രമണന്‍ ഗോദയില്‍ ഇറങ്ങുന്നതാവും എന്നതാണ് മണിയുടെ ട്രോള്‍. നേരത്തെയും സമാനമായ മന്ത്രിയുടെ ട്രോളുകള്‍ സമൂഹമാധ്യമങ്ങളില്‍ ഏറെ പ്രചാരം ലഭിച്ചിരുന്നു.

കോണ്‍ഗ്രസ് വക്താവ് അജയ് തറയില്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നതിനെയും മണിയാശാന്‍ പരിഹസിച്ചിരുന്നു. അവസാനം പോകുന്നവരോട് ഒരു അഭ്യര്‍ത്ഥന. പാര്‍ട്ടി ഓഫീസ് പൂട്ടി പോകുമ്പോള്‍ ഫാനും ലൈറ്റും ഓഫ് ചെയ്യണം. കാരണം നിങ്ങളുടെ നട്ടെല്ലിന് വിലയില്ലെങ്കിലും ‘വൈദ്യുതി അമൂല്യമാണ് അത് പാഴാക്കരുത് ‘- എന്നായിരുന്നു മണിയുടെ പരിഹാസം.

വടകരയില്‍ പി ജയരാജന്‍ സ്ഥാനാര്‍ത്ഥിയായതിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കളുടെ ട്രോളുകള്‍ക്കും കുറവുണ്ടായിരുന്നില്ല. ഇപ്പോഴിതാ വടകരയില്‍ കോണ്‍ഗ്രസുകാര്‍ പോലും സ്വപ്നം കാണാത്ത സ്ഥാനാര്‍ഥിയെ ഇറക്കി കേരളത്തെ തന്നെ ഹൈക്കമാന്‍ഡ് അമ്പരപ്പിച്ചു. ജയരാജനെ ഇരുത്താന്‍ മുരളീധരന്‍ എത്തിയതോടെ തൊട്ടുപിന്നാലെ എത്തി ബല്‍റാമിന്റെ പ്രതികരണം.

ബല്‍റാമിന്റെ ട്രോള്‍ നെഞ്ചുവേദനയില്‍ തന്നെ കയറി പിടിച്ചായിരുന്നു. പക്ഷേ ജയരാജന്റെ പേരോ വടകരയോ മുരളിയോ ഒന്നും എടുത്ത് പറയാത്ത തരത്തിലായിരുന്നു. ‘ഇത് ഇന്ദ്രജിത്ത്. സുകുമാരന്റെയും മല്ലികയുടേയും മകന്‍, പൃഥ്വിരാജിന്റെ ചേട്ടന്‍, പൂര്‍ണ്ണിമയുടെ ഭര്‍ത്താവ്. നല്ല അഭിനയമാണ്, നന്നായി പാടുകേം ചെയ്യും. ചുമ്മാ ഒന്ന് പരിചയപ്പെടുത്തീന്നേ ഉള്ളൂ. ഈപ്പന്‍ പാപ്പച്ചി മുതല്‍ ഞാനിദ്ദേഹത്തിന്റെ ഒരു ഫാനാ…’
ഈ കുറിപ്പിനൊപ്പം ‘ഞെട്ടി’ നെഞ്ചുവേദന വരുന്ന ഇന്ദ്രജിത്തിന്റെ ചിത്രവും പങ്കുവച്ച് മുരളീധരന്റെ വരവ് ബല്‍റാമും ആഘോഷമാക്കി. മുരളീധരന്റെ വരവില്‍ ഞെട്ടിയ സിപിഎമ്മുകാരെ പരിഹസിക്കുകയാണ് ബല്‍റാം എന്ന് വ്യക്തം.

LEAVE A REPLY

Please enter your comment!
Please enter your name here