ചാലക്കുടിയില്‍ പ്രചാരണത്തിന് നേതൃത്വം നല്‍കാന്‍ നാല് എം എല്‍ എ മാര്‍

0
2

അങ്കമാലി: ചാലക്കുടി മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ഥി ബെന്നി ബഹനാന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിനാല്‍ സ്ഥാനാര്‍ഥിയുടെ അസാന്നിധ്യത്തില്‍ പ്രചാരണത്തിന് നേതൃത്വം നല്‍കാന്‍ എം എല്‍ എ മാരായ വി. പി സജീന്ദ്രന്‍, അന്‍വര്‍ സാദത്ത്, എല്‍ദോസ് കുന്നപ്പിള്ളി, റോജി എം ജോണ്‍ എന്നിവരെ ചുമതലപ്പെടുത്തി. തുറന്ന വാഹനത്തിലുള്ള മണ്ഡല പര്യടന പരിപാടിയില്‍ സ്ഥാനാര്‍ഥിക്ക് പകരം എം എല്‍ എ മാര്‍ പങ്കെടുക്കും. കൊടുങ്ങല്ലൂരില്‍ വി. ഡി സതീശനും കൈപ്പമംഗലം, ചാലക്കുടി മണ്ഡലങ്ങളില്‍ ഇതേ എം എല്‍ എ മാരും സംസ്ഥാന നേതാക്കളും പര്യടനം നടത്തും. സ്ഥാനാര്‍ഥി പര്യടന പരിപാടി എന്നത് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയാക്കി മാറ്റാനും അങ്കമാലിയില്‍ നടന്ന തിരഞ്ഞെടുപ്പ് സമിതി യോഗം തീരുമാനിച്ചു. സ്ഥാനാര്‍ഥി പ്രചാരണ രംഗത്തേക്ക് തിരിച്ചു വരുന്നത് വരെ ഈ സംവിധാനം തുടരും. ദേശീയ, സംസ്ഥാന നേതാക്കള്‍ പങ്കെടുക്കുന്ന റോഡ്ഷോയും വിവിധ കേന്ദ്രങ്ങളില്‍ നടക്കും. യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ പി. ജെ ജോയിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എം എല്‍ എ മാരായ റോജി ജോണ്‍, അന്‍വര്‍ സാദത്ത്, തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി ടി.യു രാധാകൃഷ്ണന്‍, ഡി സി സി പ്രസിഡണ്ട് ടി. ജെ വിനോദ്, യു ഡി എഫ് ജില്ലാ കണ്‍വീനര്‍ എം.ഒ ജോണ്‍, ഘടകകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കൊച്ചിയിലെത്തിയ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ പ്രചാരണ പരിപാടികള്‍ സംബന്ധിച്ച അവലോകനവും നടന്നു.

LEAVE A REPLY

Please enter your comment!
Please enter your name here