മലങ്കര തൊടുപുഴ വൈക്കം ടൂറിസം ജലപാത യാഥാര്‍ത്ഥ്യമാക്കും : ജോയ്‌സ് ജോര്‍ജ്

0
6
എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്‌സ് ജോര്‍ജിന് തൊടുപുഴ പ്ലാന്റേഷനില്‍ നല്‍കിയ സ്വീകരണം

തൊടുപുഴ: മലങ്കര തൊടുപുഴ മൂവാറ്റുപുഴ വൈക്കം ജലപാത തുറന്ന് ടൂറിസം മുന്നേറ്റത്തിന് സാധ്യത തുറക്കുമെന്ന് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്സ് ജോര്‍ജ് പറഞ്ഞു.
തൊടുപുഴയില്‍ വിവിധ കേന്ദ്രങ്ങളില്‍ ലഭിച്ച സ്വീകരണത്തിന് മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഒരിക്കലും വറ്റാത്ത തൊടുപുഴ മൂവാറ്റുപുഴ പുഴയിലൂടെ വൈക്കത്തേക്ക് ജലപാത തുറന്ന് ഹൗസ് ബോട്ടുകള്‍ ഉള്‍പ്പടെ സര്‍വ്വീസ് നടത്തും.
കേന്ദ്ര ടൂറിസം പദ്ധതിയിലുള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ പദ്ധതി നടപ്പിലാക്കാന്‍ മുന്‍കയ്യെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. തൊടുപുഴ മേഖലയിലാകെ വന്‍ സ്വീകരണമാണ് ജനങ്ങള്‍ ജോയ്സ് ജോര്‍ജിനായി ഒരുക്കിയത്. പറയുന്നത് ചെയ്യുകയും ചെയ്യാന്‍ കഴിയുന്നത് മാത്രം പറയുകയും ചെയ്യുന്ന രീതിയാണ് തനിക്കുള്ളതെന്നും അദ്ദേഹം വോട്ടര്‍മാരോട് പറഞ്ഞു. തന്‍പ്രമാണിത്ത ശൈലിക്കാരോട് സമരസപ്പെടാറില്ലെന്നും സാധാരണക്കാരുടെ ഒപ്പം ചേര്‍ന്ന് നടക്കുന്നതാണ് തന്റെ അയോഗ്യതയായി ചിലര്‍ കാണുന്നതെന്നും ജോയ്സ് ജോര്‍ജ് പറഞ്ഞു. പാവപ്പെട്ടവരോടും കര്‍ഷകരോടും ഒപ്പം ചേര്‍ന്ന് സഞ്ചരിക്കുന്നതാണ് തന്റെ രീതി.
ന്യൂനപക്ഷ ജനതയുടേയും ദളിത് പിന്നോക്ക ഗോത്രജന വിഭാഗത്തിന്റേയും സാമൂഹ്യപുരോഗതിക്കുവേണ്ടി പാര്‍ലമെന്റില്‍ നിരന്തരം പോരാടിയിട്ടുള്ള കാര്യം അദ്ദേഹം അനുസ്മരിച്ചു.
ജില്ലയുടെ അതിര്‍ത്തി ഗ്രാമമായ നെല്ലാപ്പാറയില്‍ നിന്നും രാവിലെ 7 നാണ് തൊടുപുഴ നിയോജക മണ്ഡലത്തിലെ പര്യടനം ആരംഭിച്ചത്. നൂറുകണക്കിന് ആളുകള്‍ രാവിലെ തന്നെ നെല്ലാപ്പാറയില്‍ അണിനിരന്നു. തൊടുപുഴയില്‍ സ്വീകരണ പരിപാടി വിജയിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വാശിയോടെയാണ് ഇടുപക്ഷ പ്രവര്‍ത്തകര്‍ ഏറ്റെടുത്തത്. എല്‍ഡിഎഫ് പാര്‍ലമെന്റ് മണ്ഡലം കമ്മറ്റി പ്രസിഡന്റ് കെ.കെ. ശിവരാമന്‍ പര്യടന പരിപാടി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കരിങ്കുന്നം, മ്രാല, പെരുമറ്റം, മുട്ടം, കല്ലാനിക്കല്‍, കാഞ്ഞിരമറ്റം, കാരിക്കോട്, ഇടവെട്ടി, ആലക്കോട്, കലയന്താനി, വെള്ളിയാമറ്റം, പൂമാല, നാളിയാനി എന്നിവിടങ്ങളില്‍ പര്യടനം നടത്തി ഇളംദേശത്ത് സമാപിച്ചു. പാതയോരങ്ങളിലാകെ സ്ത്രീകളും കുട്ടികളും അടങ്ങുന്ന ജനങ്ങളാണ് സ്ഥാനര്‍ത്ഥിയെ കാണുന്നതിനായി കാത്തു നിന്നിരുന്നത്.
എല്‍ഡിഎഫ് നേതാക്കളായ കെ.പി. മേരി, വി.വി. മത്തായി, കെ. സലീംകുമാര്‍, ജോര്‍ജ് അഗസ്റ്റിന്‍, ഫൈസല്‍ മുഹമ്മദ്, പി.പി. ജോയി, എം.എം. സുലൈമാന്‍, പി.കെ. വിനോദ്, അനില്‍ പൂമാല, ടി.ആര്‍. സോമന്‍, പി.പി. അനില്‍കുമാര്‍, എം.കെ. ജോണ്‍സണ്‍, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് എരിച്ചിലക്കാട്ട്, വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ രാജശേഖരന്‍, മുട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുട്ടിയമ്മ മൈക്കിള്‍ എന്നിവര്‍ സ്വീകരണ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here