മൂവാറ്റുപുഴയുടെ ഹൃദയംതൊട്ട് ജോയ്‌സ് ജോര്‍ജിന്റെ പര്യടനം

0
11

തൊടുപുഴ: അങ്കമാലി-എരുമേലി-ശബരി റെയില്‍ പാത യാഥാര്‍ത്ഥ്യമാക്കാന്‍ നിശ്ചയദാര്‍ഡ്യത്തോടെ പ്രവര്‍ത്തിക്കുമെന്ന് എല്‍.ഡി.എഫ്. സ്വതന്ത്ര സ്ഥാനാര്‍ഥി ജോയ്സ് ജോര്‍ജ് പറഞ്ഞു. ഇടുക്കി മണ്ഡലത്തില്‍ ട്രെയിന്‍ എത്തിക്കുന്നതുവരെ വിശ്രമിക്കില്ല. മൂവാറ്റുപുഴ മണ്ഡലത്തിലെ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ വോട്ടര്‍മാരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതി ചിലവിന്റെ പകുതി 1408 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തയാറായതോടെ പദ്ധതി നടപ്പാകുമെന്ന് ഉറപ്പായിട്ടുണ്ട്. 20 വര്‍ഷമായി ഒരു തീരുമാനവുമാകാതെ വിസ്മൃതിയിലേക്ക് മറയുകയായിരുന്നു ശബരി റെയില്‍ പദ്ധതി. റെയില്‍വേ ലൈന്‍ കടന്നു പോകുന്ന ഇടങ്ങളില്‍ നൂറ് കണക്കിന് സ്ഥലം ഉടമകള്‍ ഭൂമിയുടെ ക്രയവിക്രയം നടത്താനാകാതെ പ്രതിസന്ധി നേരിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ശബരി റെയില്‍ പദ്ധതി പുനരുജ്ജീവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമര സന്ദേശ ജാഥ സംഘടിപ്പിച്ചത്. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയുടെ നാലാംഘട്ട പര്യടനത്തിന്റെ തുടക്കം വ്യാഴാഴ്ച മൂവാറ്റുപുഴയിലായിരുന്നു. ആവോലി പഞ്ചായത്തിലെ കാവനയില്‍ ജനാധിപത്യ കേരളാ കോണ്‍ഗ്രസ് സംസ്ഥാന ചെയര്‍മാന്‍ കെ. ഫ്രാന്‍സിസ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ആവോലി, ആരക്കുഴ, പാലക്കുഴ, മാറാടി, വാളകം പഞ്ചായത്തുകളില്‍ ഉജ്ജ്വല വരവേല്‍പാണ് സ്ഥാനാര്‍ഥിക്ക് ലഭിച്ചത്. നൂറ് കണക്കിന് യുവാക്കള്‍ അണിനിരന്ന ബൈക്ക് റാലിയോടെയാണ് പര്യടനം നീങ്ങിയത്. വഴിയോരങ്ങളിലെല്ലാം കൊന്നപ്പൂക്കളും റോസപ്പൂക്കളുമായി നൂറ് കണക്കിന് ആളുകള്‍ കാത്തു നിന്നിരുന്നു. രാത്രി ഏറെ വൈകിയാണ് വാളകത്ത് പര്യടനം സമാപിച്ചത്. എല്‍ദോ ഏബ്രഹാം എം.എല്‍.എ, എല്‍.ഡി.എഫ്. നേതാക്കളായ ഗോപി കോട്ടമുറിക്കല്‍, ബാബു പോള്‍, പി.ആര്‍. മുരളീധരന്‍, ജോസ് പള്ളമറ്റം, എന്‍. അരുണ്‍, എം.ആര്‍. പ്രഭാകരന്‍ തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here