രാജീവില്‍ പ്രതീക്ഷയര്‍പ്പിച്ച് തൃക്കാക്കര

0
16
എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. രാജീവിനെ എളംകുളത്ത് പച്ചക്കറിയില്‍ നിര്‍മിച്ച ചിഹ്നത്തിന്റെ മാതൃക നല്‍കി സ്വീകരിക്കുന്നു.

കൊച്ചി: രാജീവില്‍ പ്രതീക്ഷയര്‍പ്പിച്ച് തൃക്കാക്കര, കൊടും ചൂടിലും പര്യടനമേറ്റെടുത്ത് ജനക്കൂട്ടം. എറണാകുളം ലോക്സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. രാജീവിന്റെ തൃക്കാക്കര നിയോജക മണ്ഡലത്തിലെ രണ്ടാം ഘട്ട പൊതു പര്യടനം ചമ്പക്കര വടക്കേത്തറയില്‍ നിന്നാരംഭിച്ചു. പ്രശസ്ത സംവിധായകന്‍ വിനയന്‍ ഉദ്ഘാടനം ചെയ്തു. എല്‍.ഡി.എഫ് എറണാകുളം ലോക്സഭാ മണ്ഡലം കണ്‍വീനര്‍ സി.എം ദിനേശ് മണി, സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു, സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.എന്‍ ഉണ്ണികൃഷ്ണന്‍, സി.പി.എം വൈറ്റില ഏരിയ സെക്രട്ടറി കെ.ഡി വിന്‍സന്റ് തുടങ്ങിയവര്‍ പങ്കെടുത്തു.
ചമ്പക്കരയില്‍ നല്‍കിയ സ്വീകരണത്തില്‍ സ്ഥാനാര്‍ഥിയെ കാണാന്‍ മത്സ്യകച്ചവടക്കാരായ സ്ത്രീകള്‍ കച്ചവടം കഴിഞ്ഞിട്ടും കാത്തുനിന്നിരുന്നു. വലിയൊരു കൂട പഴങ്ങള്‍ നല്‍കിയാണ് പേട്ടയിലെ ജനങ്ങള്‍ സ്ഥാനാര്‍ഥിയെ സ്വീകരിച്ചത്. എ.കെ.ജി റോഡില്‍ കരേപ്പറമ്പില്‍ കെ.ആര്‍ ജോഷി രാജീവിന് നല്‍കിയത് താന്‍ വളര്‍ത്തിയിരുന്ന പ്രാവിനെയായിരുന്നു.
സ്വാതന്ത്ര്യത്തിന്റെ ലോകത്തേക്ക് രാജീവ് പ്രാവിനെ പറത്തി വിട്ടു. എ.കെ.ജി റോഡില്‍ രക്തസാക്ഷി എം.ആര്‍. വിദ്യാധരന്റെ കുടുംബവുമുണ്ടായിരുന്നു. രോഗശയ്യയില്‍ കഴിയുന്ന മുന്‍ പാര്‍ട്ടി പ്രവര്‍ത്തക വത്സല ചന്ദ്രനെ പി. രാജീവ് തൈക്കൂടത്തെ വീട്ടിലെത്തി കണ്ടു. വൈറ്റില ലോക്കലില്‍ ഉദയ റോഡ് ഒ.എ റോഡ് എന്നിവിടങ്ങളിലും രാജീവ് പര്യടനം നടത്തി.
കടവന്ത്ര അച്ഛാ ജംഗ്ഷനിലെ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ പി. രാജീവിന്റെ സ്വീകരണ യോഗത്തെ ഉപയോഗിച്ചത് എറണാകുളം ജനറല്‍ ആശുപത്രി അടുക്കള പദ്ധതിയിലേക്ക് അരിയും പച്ചക്കറിയും ശേഖരിക്കാനുള്ള വേദിയാക്കിയാണ്. തങ്ങളുടെ അച്ഛന്റെ ഹൃദയശസ്ത്രയക്രിയക്ക് സഹായവുമായെത്തിയ രാജീവിന് വിജയാശംസകള്‍ എഴുതിയ ഉപഹാരവുമായാണ് പൊരിവെയിലിലും കുരുന്നുകളായ ആദര്‍ശും, അയനയും പി. രാജീവിനെ സ്വീകരിക്കാന്‍ വൈറ്റില ബണ്ട് റോഡില്‍ കാത്തുനിന്നിരുന്നത്. 2014 ലാണ് വൈറ്റില ബണ്ട് റോഡിന് സമീപം താമസിക്കുന്ന പൂളത്ത് തൊണ്ടിയില്‍ ടി.എസ് പ്രദീപിന് ഹൃദയഭിത്തിയില്‍ ഹോള്‍ കണ്ടുപിടിച്ചതിനെ തുടര്‍ന്ന് ശാസ്ത്രക്രിയ ആവശ്യമായി വന്നത്. ചുമട്ടു തൊഴിലാളിയായിരുന്ന പ്രദീപിന് ചികിത്സക്കുള്ള പണം സമഹരിക്കുന്നതിന് വലിയ പ്രതിസന്ധി നേരിട്ടപ്പോഴയായിരുന്നു രാജ്യസഭാ എംപിയായിരുന്ന രാജീവിന്റെ ഇടപെടല്‍ ഉണ്ടാകുന്നത്. കാലതാമാസമൊട്ടും കൂടാതെ പണം അനുവദിക്കാനായി രാജീവ് ഇടപ്പെട്ടു. രോഗം മൂലം കഷ്ടപെടുന്ന ആയിരങ്ങള്‍ക്ക് ആശ്രയമാകാന്‍ രാജീവിനാകുമെന്ന് വിശ്വാസത്തിലാണ് പ്രദീപ്. അതുകൊണ്ട് തന്നെ രാജീവിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമാണിപ്പോള്‍ പ്രദീപും ഭാര്യ ഷീജയും.
എളംകുളം പാലാത്തുരുത്തില്‍ കുമാരനാശാന്‍ റോഡിലെ മണികണ്ഠന്‍ തുരുത്തിലെ അനുപമ എം.എസ് സ്ഥാനാര്‍ഥിക്ക് ഛായാചിത്രം വരച്ചുനല്‍കി. പൊന്നുരുന്നി സി.കെ.സി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയായ അനുപമ, മിനി-സതീശന്‍ ദമ്പതികളുടെ മകളാണ്.
കടവന്ത്ര കവലക്കല്‍ ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിന് വന്ന ആനയും എളംകുളം ഐക്യനഗറില്‍ വെച്ച് രാജീവിന്റെ പൊതു പര്യടനത്തില്‍ അണിചേര്‍ന്നു.
മുട്ടത്തില്‍ ലെയിനിലെ സ്വീകരണ കേന്ദ്രത്തില്‍ തട്ടമിട്ട കുട്ടിയും കൊന്തയേന്തിയ കുട്ടിയും കുറിവരച്ച കുട്ടിയും സ്ഥാനാര്‍ഥിക്ക് അഭിവാദ്യങ്ങള്‍ അറിയിക്കാന്‍ എത്തിയത് മതനിരപേക്ഷതയുടെ നേരടയാളമായി. സ്വീകരണ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തകര്‍ പച്ചക്കറികള്‍ കൊണ്ട് തിരഞ്ഞെടുപ്പ് ചിഹ്നം നിര്‍മിച്ചും ചിഹ്നം ആലേഖനം ചെയ്ത അലങ്കാരത്തൊപ്പികള്‍ സ്ഥാനാര്‍ഥിയെ അണിയിച്ചുമാണ് സ്വീകരിച്ചത്.
കടവന്ത്രയില്‍ ബലോണ ക്ലബ്ബ്, വിനോബ നഗര്‍, അച്ച ജംഗ്ഷന്‍, ഗിരിനഗര്‍, കടവന്ത്ര മുത്തൂറ്റ് പരിസരം എന്നിവിടങ്ങളിലും എളംകുളത്ത് കെ.കെ.എഫ് കോളനി ജംഗ്ഷന്‍, പാലാത്തുരുത്ത്, ഐക്യ നഗര്‍, മുട്ടത്തില്‍ ലെയിന്‍ റോഡ് എന്നീ സ്വീകരണ കേന്ദ്രങ്ങളിലും നാട്ടുകാരും എല്‍.ഡി.എഫ് പ്രവര്‍ത്തകരും ചേര്‍ന്ന് സ്ഥാനാര്‍ത്ഥിക്ക് സ്വീകരണം ഏര്‍പ്പെടുത്തി. തുടര്‍ന്ന് വൈറ്റിലയിലും തൃക്കാക്കരയിലും പി. രാജീവ് പര്യടനം നടത്തി.

 

LEAVE A REPLY

Please enter your comment!
Please enter your name here