കൊച്ചി:  പ്രളയ ഫണ്ട് തട്ടിപ്പ് കേസ് പ്രതി മുൻ സിപിഎം ലോക്കൽ കമ്മിറ്റി അംഗം എം എം അൻവറിന്‍റെ ജാമ്യാപേക്ഷ മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളി. അന്‍വറിനെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രളയ ഫണ്ട് തട്ടിപ്പ് കേസില്‍ ഒളിവിിലായിരുന്ന കാക്കനാട് സ്വദേശിയും തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന എം എം അൻവർ തിങ്കളാഴ്ചയാണ് അന്വേഷണ സംംഘം മുൻപാകെ കീഴടങ്ങിയത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 10,54,000 അനധികൃതമായി തട്ടിയെടുത്ത കേസിൽ മൂന്ന് മാസത്തില്‍ ഏറെയായി ഒളിവിൽ കഴിഞ്ഞ ശേഷമാണ് അൻവർ ഇന്ന് ക്രൈംബ്രാ‌ഞ്ച് ഓഫീസിൽ കീഴടങ്ങിയത്. നേരത്തെ രണ്ട് തവണ ഹൈക്കോടതി അൻവറിന്‍റെ ജാമ്യ ഹർജി തള്ളിയിരുന്നു. തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാനും കോടതി ആവശ്യപ്പെട്ടു. ഇന്ന് ഉച്ചയോടെയാണ് അന്‍വര്‍ ക്രൈംബ്രാ‌ഞ്ചിന് മുന്നില്‍ കീഴടങ്ങിയത്. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കുകയായിരുന്നു.

സിപിഎം നിയന്ത്രണത്തിലുള്ള അയ്യനാട് സഹകരണ ബാങ്കിന്‍റെ അക്കൗണ്ട് വഴിയാണ് പ്രതി പണം തട്ടിയെടുത്തത്. ബാങ്ക് ഡയറക്ടറായ അൻവറിന്‍റെ ഭാര്യയാണ് പണം പിൻവലിക്കാൻ അൻവറിനെ സഹായിച്ചത്. 2020 നവംബര്‍ 28 നാണ് ആദ്യം കളക്ട്രേറ്റിലെ ക്ലര്‍ക്കും മുഖ്യ ആസൂത്രകനുമായ വിഷണു പ്രസാദ് അഞ്ച് ലക്ഷം രൂപ അൻവറിന്‍റെ അക്കൗണ്ടിൽ അയച്ചത്. പിന്നീട് വീണ്ടും ദുരിതാശ്വാസ നിധിയിൽ നിന്ന് പണം വന്നതോടെ ബാങ്ക് മനേജർക്ക് സംശയമായി.

5,54,000 രൂപകൂടി അക്കൗണ്ടിൽ വന്നിരുന്നെങ്കിലും ഈ പണം പിൻവലിക്കാൻ അന്‍വറിനെ മാനേജർ അനുവദിച്ചില്ല.  തട്ടിപ്പ് പുറത്തായെന്ന് മനസ്സിലായതോടെ അൻവർ സിപിഎം നേതാക്കൾക്കൊപ്പം കളക്ടറെ കണ്ട് പണം കൈമാറി കേസ് ഒതുക്കാൻ ശ്രമിച്ചു. എന്നാൽ ജില്ലാ കളക്ടർ പരാതിയുമായി പൊലീസിനെ സമീപിച്ചതോടെയാണ് കളക്ട്രേറ്റ് കേന്ദ്രീകരിച്ചുള്ളു കോടികളുടെ തട്ടിപ്പ് പുറത്ത് വന്നത്.

73 ലക്ഷം രൂപ കാണാതായ രണ്ടാമത്തെ കേസിലും അൻവറിന്‍റെ പങ്ക് ക്രൈംബ്രാ‌ഞ്ച് പരിശോധിക്കുന്നുണ്ട്. കേസിൽ പ്രതിയായ അൻവറിന്‍റെ ഭാര്യ കൗലത്ത് അൻവറിന് നേരത്തെ ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. ഈ ജാമ്യം റദ്ദാക്കാൻ പോലീസ് സുപ്രീം കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here