chowara
ആലുവ: കൊച്ചനുജന്മാർക്കും അനിയത്തിമാർക്കും ടെലിവിഷനും ബാഗുകളും പുസ്തകങ്ങളും നൽകി പ്ലസ് ടു വിദ്യാർത്ഥികളുടെ കൂട്ടായ്മ. ചൊവ്വര ഗവ. ഹയർ സെക്കണ്ടറി സ്ക്കൂളിലെ പരീക്ഷാ ഫലം കാത്തു നിൽക്കുന്ന പ്ലസ് ടു സയൻസ് ബാച്ചിലെ 59 വിദ്യാർത്ഥികളാണ് മാതൃകയായത്.
ഇതേ സ്ക്കൂളിൽ പഠിക്കുന്ന നാല് വിദ്യാർത്ഥികൾക്കാണ് ചേട്ടന്മാരും ചേച്ചിമാരും സഹായഹസ്തവുമായി എത്തിയത്. അഞ്ചാം ക്ലാസിലും രണ്ടാം ക്ലാസിലുമായി പഠിക്കുന്ന സഹോദരീ സഹോദരന്മാർക്കാണ്  ടി വി നൽകിയത്. ഏഴിലും അഞ്ചിലും പഠിക്കുന്നവർക്ക് ബാഗുകളും നൽകുകയായിരുന്നു. എല്ലാവർക്കും നോട്ടുബുക്കുകളും നൽകി.
കുട്ടികളുടെ സാമ്പത്തിക ബുദ്ധിമുട്ട് മനസ്സിലാക്കിയാണ് പ്ലസ് ടു വിദ്യാർത്ഥികൾ തുക പിരിച്ച് ടി വി യും പഠനോപകരണങ്ങളും വാങ്ങി നൽകാൻ തീരുമാനിച്ചതെന്ന് ക്ലാസ് ലീഡർ പറഞ്ഞു.  എല്ലാവരുടേയും വീടുകളിലെത്തിയാണ് സമ്മാനങ്ങൾ കൈമാറിയത്.
പരീക്ഷാ ഫലം വരുന്നതോടെ പൂർവ്വ വിദ്യാർത്ഥികളായി മാറുമെങ്കിലും വിദ്യാലയത്തിലെ എല്ലാ പ്രവർത്തനങ്ങൾക്കും മുന്നിട്ട് നിൽക്കുന്ന ബാച്ച് കൂടിയാണീ സംഘം. ചികിത്സാ ചെലവുകൾക്ക് പണം പിരിച്ച് സഹായം നൽകുന്നതിലും ഈ സംഘം മുന്നിലാണെന്ന് അധ്യാപകർ പറഞ്ഞു.
ഫോട്ടോ: ടെലിവിഷനുമായി ചൊവ്വര ഗവ. ഹയർ സെക്കണ്ടറി പ്ലസ് ടു വിദ്യാർത്ഥികൾ

LEAVE A REPLY

Please enter your comment!
Please enter your name here