പത്തനംതിട്ട : ശബരിമല ദര്‍ശനത്തിന് വ്യാജ പാസുമായെത്തിയ മൂന്നു പേര്‍ അറസ്റ്റില്‍. ബംഗളൂരു സ്വദേശികളായ മന്ദീപ്, കേശവ മൂര്‍ത്തി, ലക്ഷ്മണ എന്നിവരാണ് പിടിയിലായത്. അഷ്ടാഭിഷേകത്തിനുള്ള പാസുമായാണ് ഇവര്‍ പമ്പയിലെത്തിയത്. ദേവസ്വം ബോര്‍ഡ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇവരെ പമ്പ പോലീസ് അറസ്റ്റ് ചെയ്തത്.

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ കര്‍ശന പരിശോധനയ്ക്ക് ശേഷമാണ് ഭക്തരെ പ്രവേശിപ്പിക്കുന്നത്. കൊറോണ പരിശോധനാഫലം നെഗറ്റീവാണെന്ന് വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ക്ക് മാത്രമാണ് മലചവിട്ടാനും ദര്‍ശനത്തിനും അനുമതിയുളളത്. നിലയ്ക്കലിലും പമ്പയിലും പോലീസ് ഇക്കാര്യം പരിശോധിക്കുന്നുണ്ട്.

വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്യുന്ന തീര്‍ത്ഥാടകര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുളളതും. ഇവരെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. കൊറോണയുടെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മനസിലാക്കാതെ എത്തിയവരാണോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here