തിരുവനന്തപുരം : തോമസ് ഐസക്ക് അവതരിപ്പിച്ച ജനങ്ങളെ കബളിപ്പിക്കുന്ന ബജറ്റ് കേരളത്തെ ഒരിക്കലും രക്ഷപ്പെടാനാവാത്ത തരത്തിലുള്ള കടക്കെണിയിലേക്ക് തള്ളുന്നതാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. മൂന്ന് ലക്ഷം കോടി പൊതുകടത്തിൽ നിന്നും 5 ലക്ഷം കോടിയിലേക്ക് കേരളത്തിനെ എത്തിക്കുന്ന തലതിരിഞ്ഞ സാമ്പത്തിക നയമാണ് തോമസ് ഐസക്കിന്റേത്. സമ്പദ്ഘടനയെ സുശക്തമാക്കി കേരളത്തെ കടത്തിൽ നിന്നും മോചിപ്പിക്കാനുള്ള ഒരു ശ്രമവും ബജറ്റിൽ ഇല്ല.

നരേന്ദ്രമോദി ഡിജിറ്റൽ ഇന്ത്യ കൊണ്ടുവന്നപ്പോൾ പട്ടിണി മാറുമോ എന്ന് ചോദിച്ച് പരിഹസിച്ചവർ ഇപ്പോൾ മോദിയുടെ പദ്ധതി വികൃതമാക്കി അനുകരിക്കുകയാണ് എന്നും സുരേന്ദ്രന്‍ പറഞ്ഞു.

കമ്പ്യൂട്ടറൈസൈഷൻ ജനങ്ങളെ കാർന്നുതിന്നുവെന്നും കമ്പ്യൂട്ടർ ബകനാണെന്നും പറഞ്ഞ ഐസക്ക് തന്നെയാണ് ലാപ്പ്ടോപ്പ് എല്ലാ വീട്ടിലും എത്തിക്കുമെന്ന് പറയുന്നത്. ഡിജിറ്റൽ ഇന്ത്യ വൻവിജയമായമാണെന്ന് ഇനിയെങ്കിലും കമ്മ്യൂണിസ്റ്റുകാർ അംഗീകരിക്കണം. എല്ലാവീട്ടിലും തൊഴിൽ എത്തിക്കുമെന്നാണ് ധനമന്ത്രി പറയുന്നത്. കേന്ദ്രസർക്കാർ തൊഴിൽ ഭേദഗതി കൊണ്ടുവന്നപ്പോൾ തൊഴിൽ നിയമങ്ങളുടെ ലംഘനം, തൊഴിലാളിവിരുദ്ധത എന്ന് പറഞ്ഞ് ഘോരഘോരം പ്രസംഗിച്ചവരാണ് ഇടതുപക്ഷക്കാർ. ഇപ്പോൾ എന്താ തൊഴിൽ നിയമങ്ങൾ മറന്നുപോയോ എന്നും സുരേന്ദ്രൻ പരിഹസിച്ചു.

കർഷകർക്ക് വേണ്ടി മുതലക്കണ്ണീർ ഒഴുക്കുന്ന ഇടതുസർക്കാരിൽ നിന്ന് കേരളത്തിലെ കർഷകർക്ക് പ്രതീക്ഷിക്കാനൊന്നുമില്ല .പച്ചക്കറി,നെല്ല് തുടങ്ങി വിവിധ കാർഷികോത്പന്നങ്ങൾക്ക് മെച്ചപ്പെട്ട വിപണി കണ്ടെത്താൻ 15 അഗ്രോപാർക്കുകൾ തുടങ്ങുമെന്നാണ് പിണറായി സർക്കാരിന്റെ തന്റെ ആദ്യ ബജറ്റിൽ ധനമന്ത്രി പറഞ്ഞത്. എന്നാൽ 5 വർഷം കഴിയാറായിട്ടും വെറും ഒരു അഗ്രോപാർക്കിന്റെ പണി മാത്രമാണ് സർക്കാരിന് തുടങ്ങാനായത്. തൊഴിലില്ലായ്മ പരിഹരിക്കാൻ ഒരു വർഷം കൊണ്ട് 8 ലക്ഷം പേർക്ക് തൊഴിൽ കൊടുക്കുമെന്നാണ് സർക്കാർ പറയുന്നത്. 2016ലെ എൽ.ഡി.എഫിന്റെ പ്രകടനപത്രികയിൽ നൽകിയ വാഗ്ദാനം 25 ലക്ഷം പേർക്ക് തൊഴിൽ നൽകുമെന്നായിരുന്നു. സ്വർണ്ണക്കടത്തുകാർക്കും സി.പിഎം ക്രിമിനലുകൾക്കുമല്ലാതെ ആർക്കാണ് ഈ സർക്കാർ തൊഴിൽ നൽകിയത് എന്നും സുരേന്ദ്രൻ ചോദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here