തൃശൂർ: തെച്ചിക്കോട്ട്കാവ് രാമചന്ദ്രന് വീണ്ടും വിലക്ക്. താത്ക്കാലികമായാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡൻ ആനയെ എഴുന്നള്ളിക്കുന്നത് എതിർത്ത് തൃശൂർ ജില്ല കളക്ടർക്ക് കത്തയച്ചു. ജില്ലാ കളക്ടർ അദ്ധ്യക്ഷനായ നിരീക്ഷണ സമിതിയുടെ റിപ്പോർട്ടിൽ അപാകതകൾ ഉള്ളതായി ചീഫ് വൈൽഡ് ലൈഫ് വാർഡൻ അയച്ച കത്തിൽ പറയുന്നു.

തൃശ്ശൂർ പാലക്കാട് ജില്ലകളിൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതിന് ജില്ലാ കളക്ടർമാർ നേതൃത്വം നൽകുന്ന സമിതി അനുവാദം നൽകിയിരുന്നു. ഈ അനുമതിയിലെ അപാകതകൾ ചൂണ്ടിക്കാട്ടിയാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ആനയെ എഴുന്നള്ളിക്കുന്നത് വിലക്കിക്കൊണ്ട് കത്തയച്ചത്. നേരത്തെ തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ എഴുന്നള്ളിച്ച സാഹചര്യങ്ങളിൽ പത്തോളം പേരുടെ മരണത്തിനിടയാക്കിയ ദുരന്തങ്ങൾ ഉണ്ടായതായും കത്തിൽ പറയുന്നു.

ആനയുടെ കാഴ്ച തകരാറുകൾ മൂടിവെച്ചതിനെതിരെ വിശദീകരണം നൽകണമെന്നും ചീഫ് വൈൽഡ് ലൈഫ് വാർഡൻ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. കത്ത് ലഭിച്ചതിനെ തുടർന്ന് ആനയെ പരിശോധിക്കുന്നതിന് ഡോക്ടർമാരുടെ സംഘത്തെ നിയോഗിക്കുമെന്ന് ജില്ല കളക്ടർ അറിയിച്ചു. അഞ്ചംഗ മെഡിക്കൽ ബോഡിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ കൈക്കൊള്ളൂമെന്നും ജില്ല കളക്ടർ അറിയിച്ചു. കത്ത് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഒരാഴ്ചത്തേക്ക് ആനയെ എഴുന്നള്ളിക്കുന്നത് നിർത്തി വയ്ക്കാൻ നിർദേശം നൽകിയതായും തൃശൂർ ജില്ലാ കളക്ടർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here