കൊച്ചി: നാടിൻെറ സ്പന്ദനമറിയുന്നവരാണ് പ്രാദേശിക പത്രലേഖകരെന്നും ആഴത്തിലേറിയ വിവരങ്ങൾ ലഭിക്കാൻ ഇപ്പോഴും സമൂഹം ആശ്രയിക്കുന്നത് പ്രാദേശിക ലേഖകർ തയ്യാറാക്കുന്നവാർത്തകളെത്തന്നെയാണെന്നും ഹൈബി ഈഡൻ എം പി പറഞ്ഞു.

കേരള ജേർണലിസ്റ്റ്സ് യൂണിയൻെറ (കെ ജെ യു) ഏകദിന ജില്ലാ നേതൃക്യാമ്പ് കളമശേരി പി . ടി രാധാകൃഷ്ണകുറുപ്പ് നഗറിൽ (ഹോട്ടൽ സീ പാർക്ക്)ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു എം പി.

രാഷ്ട്രീയക്കാരടങ്ങുന്ന പൊതു സമൂഹത്തിന് പ്രാദേശിക ലേഖകരുടെ സേവനങ്ങളെ കുറച്ചു കാണാനാകില്ലെന്നും എം പി പറഞ്ഞു. പ്രാദേശിക ലേഖകർക്ക് ക്ഷേമനിധി അർഹതപ്പെട്ടതാണെന്നും അതിനായി സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്നും എം പി ഹൈബി ഈഡൻ പറഞ്ഞു.

മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് മുഖ്യാതിഥിയായി. അച്ചടി മാധ്യമങ്ങൾക്ക് വെല്ലുവിളിയായി ഡിജിറ്റൽ മേഖല വളർച്ചയിലാണെന്നും അച്ചടി മാധ്യമങ്ങൾ ന്യൂസ് പോർട്ടലുകൾക്ക് പ്രാധാന്യം കൊടുക്കണമെന്നും മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞ് ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡൻ്റ് ബോബൻ ബി കിഴക്കേത്തറ അധ്യക്ഷനായി. ചടങ്ങിൽ ഏലൂർ നഗരസഭ ചെയർമാൻ എ ഡി സുജിൽ, ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ്, സി ഐ ടി യു ജില്ലാ ജോയിൻ്റ് സെക്രട്ടറി മുജീബ് റഹ്മാൻ, കെ ജെ യു ജില്ലാ സെക്രട്ടറി സുനീഷ് മണ്ണത്തൂർ, ദേശീയ സമിതിയംഗം എം എ ഷാജി, സ്വാഗത സംഘം ചെയർമാൻ എ കെ സലിം എന്നിവർ സംസാരിച്ചു.

സംഘടനാ ചരിത്രത്തെക്കുറിച്ച് കെ ജെ യു സംസ്ഥാന ജനറൽ സെക്രട്ടറി കെ സി സ്മിജൻ, മാനസിക സമ്മർദ്ദം നേരിടാനുള്ള വഴികളെക്കുറിച്ച് പെരുമ്പാവൂർ ജയഭാരതം കോളേജ് എം എസ് ഡബ്ലിയു മേധാവി പ്രൊഫ. ദീപ്തി രാജ് ക്ലാസുകൾ നയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here