ഇടുക്കി ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഡാം തുറക്കുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് ആലുവയിൽ  മന്ത്രി ശ്രീ പി. രാജീവിന്റെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു. നിലവിലെ സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി വ്യക്തമാക്കി.

ഇടുക്കി ഡാം തുറന്ന് വെള്ളം പെരിയാറിലെത്തിയാലും ഒഴുകിയെത്തുന്ന ജലം സുഗമമായി ഒഴുകിപ്പോകും. ഓപ്പറേഷന്‍ വാഹിനി പദ്ധതിക്ക് ശേഷം പെരിയാറിന്റെ കൈവഴികളിലൂടെയുള്ള നീരൊഴുക്ക് സുഗമമായിട്ടുണ്ട്. കടലിലേക്ക് വെള്ളം ഒഴുകിപ്പോകുന്നതിനുള്ള ഔട്ട്‌ലെറ്റുകളെല്ലാം തുറന്ന നിലയിലാണ്. അതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. നിലവില്‍ പെരിയാറിലെ മാര്‍ത്താണ്ഡവര്‍മ്മ പാലം, മംഗലപ്പുഴ, കാലടി സ്റ്റേഷനുകളിലെ ജലനിരപ്പ് കുറയുകയാണ്. ഇവിടെ അപകടകരമായ നിലയില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടില്ല.

പെരിയാറിന്റെ തീരത്തുള്ളവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ താലൂക്കുകളിലും ക്യാംമ്പുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ക്യാംപുകളിലേക്കുള്ള ഭക്ഷണം ഉള്‍പ്പടെയുള്ള സൗകര്യങ്ങളും സജ്ജമാണ്. മരുന്നുകളും സ്‌റ്റോക്ക് ചെയ്തിട്ടുണ്ട്. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതാത് സന്ദര്‍ഭങ്ങളിലെ സാഹചര്യം വിലയിരുത്തി നടപടികള്‍ സ്വീകരിക്കും. ഓരോ മണ്ഡലത്തിലും നടപടികള്‍ ഏകോപിപ്പിക്കുന്നതിനായി നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചിട്ടുണ്ട്. വിവരങ്ങള്‍ യഥാസമയം അറിയിക്കുന്നതിനായി ജനപ്രതിനിധികള്‍ ഉള്‍ക്കൊള്ളിച്ച് വാട്ട്‌സ് അപ്പ് ഗ്രൂപ്പുകള്‍ ആരംഭിക്കും. ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കരയിലുളളവരെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ഇവരോട് രണ്ടുദിവസം കൂടി ക്യാംപില്‍ തുടരാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ വിവിധ ജില്ലാതല ഉദ്യോഗസ്ഥരുടെയും തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെയും എംഎല്‍എമാരുടെയും ഏകോപനത്തോടെയാകും സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തുക

അന്‍വര്‍ സാദത്ത് എംഎല്‍എ, ആലുവ നഗരസഭ ചെയര്‍മാന്‍ എം.ഒ. ജോണ്‍, സബ് കളക്ടര്‍ പി. വിഷ്ണുരാജ്, ആലുവ റൂറല്‍ എസ്പി പി. വിവേക് കുമാര്‍, കൊച്ചിന്‍ സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ എസ്. ശശിധരന്‍, ഇറിഗേഷന്‍ വകുപ്പ് സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ബാജി ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എം.എൽ.എമാർ, തദ്ദേശസ്ഥാപന അധ്യക്ഷൻമാർ എന്നിവർ ഓൺലൈനിലും യോഗത്തിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here