കൊച്ചി > രാഹുൽഗാന്ധിയുടെ ഭാരത്‌ജോഡോ യാത്ര എറണാകുളം ജില്ലാ അതിർത്തിയിൽ എത്തിയ ദിവസം കോൺഗ്രസിന്റെ മണ്ഡലം പ്രസിഡന്റ്‌ പാർടി വിട്ട്‌ ബിജെപിയിൽ ചേർന്നു.

കോൺഗ്രസ്‌ ഐ എറണാകുളം സെൻട്രൽ മണ്ഡലം പ്രസിഡന്റ്‌ രാധാകൃഷ്‌ണൻ പാറപ്പുറമാണ്‌ ചൊവ്വാഴ്‌ച പാർടിയിൽ നിന്നു രാജിവച്ച്‌ ബിജെപിയിൽ ചേരുന്നകാര്യം വാർത്താ സമ്മേളനത്തിൽ പറഞ്ഞത്‌. ബിജെപി നേതാവ്‌ എ എൻ രാധാകൃഷ്‌നൊപ്പമാണ്‌ വാർത്താ സമ്മേളനം നടത്തിയത്‌. കോൺഗ്രസിന്റെ വ്യാപാരി സംഘടനാ ജില്ലാ പ്രസിഡന്റ്‌, ഒബിസി കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്‌.

നരേന്ദ്രമോദി സർക്കാർ രാജ്യത്ത് നടപ്പാക്കുന്ന വികസനപ്രവർത്തനങ്ങളിലുളള വിശ്വാസമാണ് തന്നെ ബിജെപിയിലേക്ക് ആകർഷിച്ചതെന്ന് രാധാകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഭാരത് ജോഡോ യാത്ര മോദി സർക്കാരിനെ ബാധിക്കില്ലെന്നാണ് തന്റെ വിശ്വാസം. മറ്റ് രാഷ്ട്രീയ പാർട്ടികളുമായി താരതമ്യം ചെയ്യുമ്പോൾ നേതൃപാടവവും അഴിമതിയില്ലായ്മയും ബിജെപിക്ക് അഭിമാനകരമാണ്. കേന്ദ്രസർക്കാരിന്റെ അഴിമതി മുക്ത പ്രതിച്ഛായയും തന്നെ ആകർഷിച്ചതായി രാധാകൃഷ്ണൻ പറഞ്ഞു.
കോൺഗ്രസിൽ നിരവധി പ്രശ്നങ്ങളുണ്ട്. അതുകൊണ്ടാണ് അവർ യാത്ര തന്നെ നടത്തുന്നത്. രാജ്യത്തിന്റെ മുന്നോട്ടുളള പ്രയാണത്തിൽ ബിജെപിക്കാണ് പ്രസക്തി. മുൻ പഞ്ചാബ് മുഖ്യമന്ത്രി അടക്കം കോൺഗ്രസ് വിട്ട് വരുന്ന സമയമാണ്. അതിന് പിന്നിലുളള കാര്യങ്ങൾ പാർട്ടി ചിന്തിക്കണമെന്നും രാധാകൃഷ്ണൻ പറഞ്ഞു.
ഭാരത് ജോഡോ യാത്ര കൊച്ചിയിൽ എത്തിച്ചേരുമ്പോൾ രാഹുൽ ഗാന്ധിക്ക് ബിജെപി നൽകുന്ന പാരിതോഷികമാണ് രാധാകൃഷ്ണൻ പാറപ്പുറത്തിന്റെ മാറ്റമെന്ന് ബിജെപി നേതാവ് എ.എൻ രാധാകൃഷ്ണൻ പറഞ്ഞു. ആലപ്പുഴ ജില്ല കടന്ന് ഇന്ന് വൈകിട്ടോടെ ഭാരത് ജോഡോ യാത്ര ജില്ലയിൽ എത്തി.

 

 

LEAVE A REPLY

Please enter your comment!
Please enter your name here