തിരുവനന്തപുരം: ഇന്ധന സെസ് അടക്കം സംസ്ഥാന ബഡ്ജറ്റിൽ പ്രഖ്യാപിച്ച നികുതി വർദ്ധനവിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ പ്രതിപക്ഷ ബഹളത്തെത്തുടർന്ന് സഭ പിരിഞ്ഞു. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ സഭാ നടപടികൾ വേഗത്തിലാക്കിയിരുന്നു. ചോദ്യോത്തരവേള ഭാഗികമായി റദ്ദാക്കി. സ്പീക്കറുടെ ഡയസിന് മുന്നിലും പ്രതിപക്ഷം മുദ്രാവാക്യങ്ങളുയർത്തി. പിന്നാലെയാണ് നടപടികൾ വേഗത്തിലാക്കി സഭ പിരിഞ്ഞത്. ഈ മാസം 27നായിരിക്കും ഇനി വീണ്ടും സഭ സമ്മേളിക്കുന്നത്.

അഹങ്കാരം പിടിച്ച സർക്കാരാണിതെന്ന് വി ഡി സതീശൻ എംഎൽഎ ഹോസ്റ്റലിൽ നിന്നും നടന്ന കാൽനട പ്രതിഷേധ പ്രകടനത്തിനിടെ കുറ്റപ്പെടുത്തി. തുടർഭരണം കിട്ടിയതിന്റെ അഹങ്കാരം. സമരത്തോട് സർക്കാരിന് പുച്ഛമാണ്. നികുതി കൊടുക്കാതെ പ്രതിഷേധിക്കണമെന്ന് പറഞ്ഞയാളാണ് പിണറായി വിജയൻ. പിണറായി വിജയൻ എല്ലാം മറന്നെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

ജനങ്ങളോട് സർക്കാരിന് പുച്ഛമാണ്. ജനങ്ങൾ പ്രയാസപ്പെടുമ്പോഴാണ് നാലായിരം കോടിയുടെ നികുതി നിർദേശങ്ങൾ മുന്നോട്ടുവച്ചിരിക്കുന്നത്. ഇത് വച്ചുപൊറുപ്പിക്കാനാകില്ല. പ്രതിപക്ഷത്തിന്റെ ധാർമ്മിക ഉത്തരവാദിത്തമാണ് നിറവേറ്റുന്നത്. പ്രതിപക്ഷം സമരം ചെയ്യുന്നതുകൊണ്ട് നികുതി കുറയ്ക്കില്ലെന്ന് പറയുന്നത് എവിടെയെങ്കിലും കേട്ടിട്ടുണ്ടോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

അതേസമയം, സഭയ്ക്ക് മുന്നിൽ നാല് പ്രതിപക്ഷ എം എൽ എമാർ നടത്തുന്ന സത്യഗ്രഹം തുടരുകയാണ്. സഭാ സമ്മേളനം ഇന്ന് അവസാനിക്കുന്നതോടെ ശക്തമായ പ്രതിഷേധ പരിപാടികൾ ജില്ലാ തലത്തിൽ സംഘടിപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. പ്രതിപക്ഷ പ്രതിഷേധം കണക്കിലെടുത്ത് ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ സുരക്ഷ വർദ്ധിപ്പിച്ചു. ഇന്നലെ പ്രതിപക്ഷ പ്രതിഷേധം പല ജില്ലകളിലും സംഘർഷത്തിൽ കലാശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സുരക്ഷ കൂട്ടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here