റിസോര്‍ട്ട് വിവാദത്തിലെ വാര്‍ത്തകളിൽ പ്രതികരണവുമായി എൽഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. വിവാദങ്ങൾ തനിക്ക് പ്രശ്‌നമല്ല, ആരുമായും ഗുസ്തിക്കില്ല. പി ജയരാജൻ അംഗീകരിച്ച പദ്ധതിയായിരുന്നു. വിഷയം പാർട്ടിയിലും ചർച്ച ചെയ്തിരുന്നു. പി എഫ് തുകയാണ് ഭാര്യ നിക്ഷേപിച്ചത്. വിവാദങ്ങൾ സർക്കാരിനെ ബാധിക്കില്ല. രമേശനുമായുള്ള പ്രശ്‌നം തനിക്ക് അറിയില്ലെന്നും അദ്ദേഹം  പറഞ്ഞു.

പി ജയരാജന്റെ നിലപാടിന് അനുസരിച്ചല്ല തന്റെ നിലപാട്. തനിക്കെതിരെ വിവാദങ്ങൾ ഉണ്ടാക്കുന്നത് സിപിഐഎം ആയതിനാലാണ്. ചികിത്സാ കേന്ദ്രത്തിന്റെ കാര്യം പാർട്ടി ചർച്ച ചെയ്തതാണ്. പി ജയരാജന് ഇക്കാര്യം അറിയാം. പി ജയരാജൻ പങ്കെടുത്ത പാർട്ടി സെക്രട്ടറിയേറ്റ് യോഗത്തിലും വിഷയം ചർച്ച ചെയ്തു. ഇപ്പോൾ ഈ വിഷയം ചർച്ചയ്ക്കെത്തിയത് എങ്ങനെയെന്ന് അറിയില്ല. വിവാദങ്ങൾ തനിക്ക് പ്രശ്‌നമല്ല. മാധ്യമങ്ങളിൽ വന്നത് എങ്ങനെയെന്ന് തനിക്ക് അറിയാം. ഇതിന് പിന്നിൽ ആരാണെന്നും അറിയാം, എന്നാൽ അവരോട് ശത്രുതയില്ലെന്നും ഇ പി ജയരാജൻ പ്രതികരിച്ചു.

ആത്മാർത്ഥമായി പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നവരെ വേട്ടയാടുന്നു. താൻ രാഷ്ട്രീയ പ്രവർത്തനം നിർത്തുമെന്ന വാർത്ത തെറ്റാണ്. താൻ പോളിറ്റ് ബ്യുറോ അംഗമാകാൻ യോഗ്യനാണെന്ന് തോന്നുന്നില്ല.
കണ്ണൂരിൽ ആയൂർ വേദ ചികിത്സാ കേന്ദ്രം തുടങ്ങാൻ മുൻകൈ എടുത്തത് നല്ല ഉദ്ദേശത്തിലാണ്. ചികിത്സാ കേന്ദ്രത്തിന് സ്ഥലം കാണാൻ പോയിട്ടുണ്ട്. രമേശനെ എം ഡി ആക്കിയത് താൻ പറഞ്ഞിട്ടാണ്. ചെയർമാൻ ആകാൻ തന്നോട് പറഞ്ഞു. മകൻ ജെയ്‌സണിന്റേതാണ് ആദ്യ നിക്ഷേപം. സ്ഥാപനത്തിന് പ്രോത്സാഹനം നല്കിയെന്നത് ശരിയാണ്. ഉപദേശവും സഹായവും കൊടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here