മിത്ത് വിവാദത്തില്‍ എന്‍എസ്എസിനെ പിന്തുണച്ച് ഇടതുമുന്നണി നേതാവും എംഎല്‍എയുമായ കെ.ബി.ഗണേഷ് കുമാര്‍.  മിത്ത് വിവാദത്തില്‍  നിയമപരമായ നടപടി സ്വീകരിക്കുമെന്ന് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞതാണ് കറക്ട് എന്നും ഗണേഷ് കുമാര്‍ പറഞ്ഞു. അന്തസ്സായ ഒരു തീരുമാനം എന്‍.എസ്.എസ്. എടുത്തിട്ടുണ്ടെന്നും ഗണേഷ് കുമാര്‍ പറയുന്നു.

കേരളത്തിലെ മതസൗഹാര്‍ദം തകര്‍ക്കാന്‍ പോകാതെ എന്‍.എസ്.എസ്. വളരെ മാന്യമായ തീരുമാനമാണ് എടുത്തിരിക്കുന്നത്.  തെറ്റുകളെ നിയമപരമായി നേരിടുകയാണ് എന്‍.എസ്.എസിന്റെ നയമെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞുകഴിഞ്ഞു. പിന്നെ അതില്‍ കൂടുതല്‍ പറയേണ്ട കാര്യമില്ല. വിഷയത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചില്ലല്ലോ എന്ന ചോദ്യത്തിന് അക്കാര്യത്തിലൊന്നും താന്‍ അഭിപ്രായം പറഞ്ഞാല്‍ ശരിയാകില്ലെന്നും അദ്ദേഹത്തെ (മുഖ്യമന്ത്രിയെ) കാണുമ്പോള്‍ നിങ്ങള്‍  നേരിട്ട് ചോദിച്ചാല്‍ മതി-ഗണേഷ് പറയുന്നു.

സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ മിത്ത് പരാമര്‍ശ വിവാദവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു പ്രതികരണവും ഇതുവരെ ഉണ്ടാകാത്തതില്‍ ശക്തമായ പ്രതിഷേധമുണ്ടെന്ന്, ഇന്ന്  എന്‍.എസ്.എസ്. ഹെഡ് ക്വാട്ടേഴ്‌സില്‍ നടന്ന ഡയറക്ടര്‍ ബോര്‍ഡിന്റെ അടിയന്തര യോഗത്തിന് പിന്നാലെ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു. പ്രശ്നം കൂടുതല്‍ വഷളാക്കാതെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉടന്‍ നടപടി എടുക്കാത്ത പക്ഷം വിശ്വാസ സംരക്ഷണത്തിനു വേണ്ടി നിയമപരമായ മാര്‍ഗങ്ങളുമായി മുന്നോട്ടു പോകാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നതെന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ഇതിനോടായിരുന്നു ഗണേഷ് കുമാറിന്റെ പ്രതികരണം

LEAVE A REPLY

Please enter your comment!
Please enter your name here