തിരുവനന്തപുരം:നാൽപത്തിയേഴാമത്‌ വയലാര്‍ അവാര്‍ഡ് ശ്രീകുമാരന്‍ തമ്പിക്ക്. ജീവിതം ഒരു പെന്‍ഡുലം എന്ന രചനയ്ക്കാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയുടെ സമ്മാനത്തുകയും, പ്രശസ്‌ത ശിൽപി കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്‌ത ശില്‍പവും അടങ്ങിയതാണ് പുരസ്‌കാരം.

മലയാള സാഹിത്യത്തിന് പുറമെ ചലച്ചിത്ര മേഖലയിലും തന്റെ വ്യക്തി മുദ്ര പതിപ്പിച്ച കലാകാരനാണ് ശ്രീകുമാരൻ തമ്പി. ചലച്ചിത്ര ഗാന രചനയിൽ സ്വന്തം ശൈലികൊണ്ട് ഏറെ ആരാധകരെ സൃഷ്‌ടിച്ചെടുത്ത അദ്ദേഹം സിനിമയുടെ സകലമേഖകളിലും കഴിവ് തെളിയിച്ച ചുരുക്കം ചില വ്യക്തിത്വങ്ങളിൽ ഒരാൾ കൂടിയാണ്.

ഗാനരചയിതാവ്, സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മാതാവ്, സംഗീത സംവിധായകന്‍ എന്നീ നിലകളില്‍ അദ്ദേഹം പ്രവർത്തിച്ചു. 30 സിനിമകള്‍ സംവിധാനം ചെയ്യുകയും 22 സിനിമകള്‍ നിര്‍മിക്കുകയും ചെയ്‌തിട്ടുണ്ട്.

മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്‌കാരവും അദ്ദേഹം നേടിയിട്ടുണ്ട്. ‘സിനിമ: കണക്കും കവിതയും’ എന്ന പുസ്‌തകം മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള ദേശീയ അവാര്‍ഡും കരസ്ഥമാക്കി. ശ്രീകുമാരന്‍ തമ്പി സംവിധാനം ചെയ്‌ത ‘ഗാനം’ എന്ന ചിത്രം 1981ല്‍ ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു.

നാടകഗാന രചന, ലളിത സംഗീതം എന്നീ മേഖലകളിലെ സമഗ്രസംഭാവനക്കുള്ള കേരളസംഗീത നാടക അക്കാദമിയുടെ പുരസ്‌കാരം 2015ല്‍ ലഭിച്ചു. 2018ല്‍ മലയാള ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ജെസി ഡാനിയേല്‍ പുരസ്‌കാരവും ലഭിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here