ഒന്നര കിലോ കഞ്ചാവുമായി മഞ്ചേരിയില്‍യുവാവ് അറസ്റ്റില്‍; വില്‍പന വിദ്യാര്‍ത്ഥികള്‍ക്കിടയില്‍

0
9

മഞ്ചേരി: ഒന്നര കിലോ കഞ്ചാവു സഹിതം യുവാവിനെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. മേലാറ്റൂര്‍ വെള്ളിയാര്‍ നഗര്‍ അമ്പലക്കുന്നന്‍ ഷബീര്‍ (22) ആണ് അറസ്റ്റിലായത്. ഓണം, പെരുന്നാള്‍ എന്നിവയോടനുബന്ധിച്ച് ജില്ലയില്‍ മയക്കുമരുന്ന് വിപണനം തടയുന്നതിനായി പ്രത്യേക അന്വേഷണ സംഘം നടത്തിയ നീക്കത്തിലാണ് പയ്യനാട് നെല്ലിക്കുത്ത് വച്ച് പ്രതി പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തതില്‍ മഞ്ചേരിയിലെ കോളേജിലേയും വിദ്യാലയങ്ങളിലേയും വിദ്യാര്‍ത്ഥികള്‍ക്ക് വില്‍പനക്കായാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരു വര്‍ഷത്തോളമായി ഇയാള്‍ പ്രദേശത്ത് കഞ്ചാവ് വിതരണം ചെയ്തു വരികയായിരുന്നു. പ്രദേശത്തെ വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തുന്ന സംഘത്തെ കുറിച്ച് പ്രത്യേക അന്വേഷണ സംഘത്തിന് നേരത്തേ വിവരം ലഭിച്ചിരുന്നു. മാസങ്ങളായി നടത്തിയ നിരീക്ഷണത്തിനിടെ പയ്യനാട് സ്വദേശികളായ കാഞ്ഞിരക്കാട്ട് ശിഹാബ്, സുല്‍ഫീക്കര്‍ എന്നിവരെ 4 കിലോ കഞ്ചാവുമായി കഴിഞ്ഞ മാസം പിടികൂടിയിരുന്നു. ഇവര്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കിയ ആളാണ് ഇപ്പോള്‍ പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തതില്‍ പ്രദേശത്തെ ചെറുതും വലുതുമായ നിരവധി കഞ്ചാവ് കച്ചവടക്കാരെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവര്‍ നിരീക്ഷണത്തിലാണെന്നും പൊലീസ് പറഞ്ഞു. ഇവരില്‍ നിന്നും കഞ്ചാവ് വാങ്ങുന്ന വിദ്യാര്‍ത്ഥികളെ കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്. പ്രതിയെ ചോദ്യം ചെയ്തതില്‍ ഇയാള്‍ക്ക് കഞ്ചാവ് എത്തിച്ചുനല്‍കുന്ന മാഫിയയെക്കുറിച്ചും വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഓണ സീസണില്‍ ആറിരട്ടി വിലക്കാണ് കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നത്. കിലോക്ക് 5000 രൂപയ്ക്ക് തമിഴ്‌നാട്ടില്‍ നിന്നും വാങ്ങുന്ന കഞ്ചാവ് 30,000 രൂപക്കാണ് ഇവര്‍ ഇവിടെ വില്‍പ്പന നടത്തുന്നത്. പ്രതിയെ പരപ്പനങ്ങാടി ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. മഞ്ചേരി സിഐ എന്‍ബി ഷൈജു, എസ് ഐ ജലീല്‍ കറുത്തേടത്ത് എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ പി.സഞ്ജീവ്, സത്യനാഥന്‍ മനാട്ട്, ശശി കുണ്ടറക്കാട്, മുഹമ്മദ് സലീം, സുബൈര്‍, എന്നിവരാണ് പ്രതിയെ പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here