വെണ്ടേക്കുംപൊയില്‍-കക്കാടംപൊയില്‍ റോഡ് മണ്ണിനടിയിലായിട്ട് 18 നാളുകള്‍; മണ്ണ് നീക്കാന്‍ നടപടിയില്ല

0
38
ചാലിയാര്‍ പഞ്ചായത്തിലെ വെണ്ടേക്കുംപൊയില്‍ പൊതുമരാമത്ത് റോഡില്‍ രണ്ടാള്‍പ്പൊക്കത്തില്‍ മണ്ണ് വീണ് ഗതാഗതം തടസപ്പെട്ട നിലയില്‍

മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും മൂലം തകര്‍ന്ന വെണ്ടേക്കും പൊയില്‍-കരിമ്പ്-കക്കാടംപൊയില്‍ റോഡിലെ മണ്ണു നീക്കാന്‍ 18 ദിവസങ്ങള്‍ കഴിഞ്ഞിട്ടും പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിച്ചില്ല. ആഗസ്റ്റ് 16-നാണ് വെണ്ടേക്കുംപൊയിലിനും കരിമ്പിനുമിടയില്‍ വ്യാപക മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായത്. 200ലോഡ് മണ്ണെങ്കിലും റോഡില്‍ നിന്ന് നീക്കം ചെയ്താല്‍ മാത്രമേ റോഡ് പൂര്‍വ്വസ്ഥിതിയിലാക്കാന്‍ കഴിയൂ. റോഡിലെ മണ്ണ് നീക്കം ചെയ്യുന്നതോടെ കൂടുതല്‍ മണ്ണ് റോഡിലേക്ക് ഇടിഞ്ഞിറങ്ങാനുളള സാധ്യതയും കൂടുതലാണ്. 2014ലാണ് ഈ റോഡ് നിര്‍മ്മിച്ചത്. കഴിഞ്ഞ 16നുണ്ടായ ഉരുള്‍പൊട്ടല്‍ മൂലം റോഡ് തകര്‍ന്നതോടെ നിലമ്പൂരില്‍ നിന്ന് അകമ്പാടം-കക്കാടംപൊയില്‍ വഴി തിരുവമ്പാടിയിലേക്ക് കെ.എസ് ആര്‍.ടി.സി നടത്തിയിരുന്ന സര്‍വീസ് മുടങ്ങിയിരിക്കുകയാണ്. രണ്ട് വീടുകളും ഇവിടെ തകര്‍ന്നിട്ടുണ്ട്. ഊര്‍ങ്ങാട്ടിരി പഞ്ചായത്തിന്റെ ഒന്നാം വാര്‍ഡിലെ തോട്ടുപുറം തങ്കച്ചന്‍, കാവുങ്കല്‍ മിനി എന്നിവരുടെ വീടുകളാണ് ഉരുള്‍പൊട്ടലില്‍ പൂര്‍ണ്ണമായും തകര്‍ന്നത്. ഒന്‍പത് ആദിവാസി കോളനി നിവാസികളുടെയും 1000ത്തോളം മലയോര കര്‍ഷകരുടെയും ആശ്രയമായിരുന്നു ഈ വഴിയുള്ള കെ.എസ്.ആര്‍.ടി.സി സര്‍വീസ.് 2012ലാണ് കെ.എസ്ആര്‍.ടി.സി ഈ റൂട്ടില്‍ സര്‍വീസ് ആരംഭിച്ചത്. ഈ പ്രദേശങ്ങളിലെ ആളുകള്‍ക്ക് ടാക്‌സി വാഹനങ്ങള്‍ വിളിച്ചു വേണം ഇപ്പോള്‍ അകമ്പാടം, ഊര്‍ങ്ങാട്ടിരി എന്നിവിടങ്ങളില്‍ പഞ്ചായത്ത് ഓഫീസ് ആവശ്യങ്ങള്‍ക്കുള്‍പ്പെടെ എത്താന്‍. അതിനാല്‍ റോഡിലെ മണ്ണ് നീക്കാന്‍ അടിയന്തര നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here