ചാലിയാര്‍ അരിച്ചു പെറുക്കിയിട്ടും അനൂപിനെ കണ്ടെത്താനായില്ല; കാണാതായിട്ട് രണ്ടുമാസം

0
5
ചാലിയാര്‍ പുഴയില്‍ കാണാതായ അനൂപ് എന്ന അരുണ്‍

മഞ്ചേരി: സുഹൃത്തുക്കള്‍ക്കൊപ്പം സംസാരിച്ചു നില്‍ക്കുന്നതിനിടെ പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടി കാണാതായ അനൂപിനെ അമ്പത് ദിവസം കഴിഞ്ഞിട്ടും കണ്ടെത്താനായില്ല. അരീക്കോട് വാവൂര്‍ വെട്ടുപാറ ചെറുകുളത്തില്‍ സാമിക്കുട്ടിയുടെ മകന്‍ അനൂപ് എന്ന അരുണി (24)നെയാണ് കാണാതായത്. കഴിഞ്ഞ ജൂലൈ എട്ടിന് രാത്രിയാണ് സംഭവം. ചാലിയാറിനു കുറുകെ കീഴുപറമ്പിനെയും വാഴക്കാടിനെയും ബന്ധിപ്പിക്കുന്ന എടശ്ശേരിക്കടവ് പാലത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം നില്‍ക്കുകയായിരുന്നു അനൂപ്. പ്രണയ പരാജയത്തില്‍ നിരാശനായ അനൂപ് മദ്യലഹരിയിലായിരുന്നു. പുഴയിലേക്ക് എടുത്തു ചാടിയതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ ബഹളം വെക്കുകയും നാട്ടുകാരെ അറിയിക്കുകയുമായിരുന്നു. മണല്‍ തൊഴിലാളികളും നാട്ടുകാരും തെരച്ചില്‍ നടത്തി കണ്ടെത്താത്തതിനെ തുടര്‍ന്ന് പൊലീസില്‍ അറിയിച്ചു. അരീക്കോട് പൊലീസിന്റെ നേതൃത്വത്തില്‍ നടത്തിയ തെരച്ചിലും ഫലം കണ്ടില്ല. തുടര്‍ന്ന് മുക്കത്തു നിന്നും മലപ്പുറത്തു നിന്നും ഫയര്‍ ഫോഴ്‌സ് യൂണിറ്റുകളെത്തി വ്യാപകമായ തെരച്ചില്‍ നടത്തി. കൊച്ചിയില്‍ നിന്നും നേവി യൂണിറ്റെത്തിയും ചാലിയാര്‍ അരിച്ചു പെറുക്കി. ഇതിനിടെ താനൂരില്‍ നിന്നെത്തിയ മുങ്ങല്‍ വിദഗ്ധരും സ്ഥലത്തെത്തി ഒരു കൈ നോക്കിയെങ്കിലും അനൂപിനെ കണ്ടെത്താനായില്ല.
മണല്‍ തൊഴിലാളിയായ അനൂപ് നീന്തലില്‍ വിദഗ്ധനായിരുന്നു. അതുകൊണ്ടു തന്നെ പാലത്തില്‍ നിന്ന് ചാടിയ അനൂപ് രക്ഷപ്പെട്ടിരിക്കാമെന്ന് പൊലീസ് ഊഹിച്ചിരുന്നു. എന്നാല്‍ രണ്ടു മാസത്തോളമായിട്ടും ഇയാളെ സംബന്ധിച്ച് ഒരു വിവരവും ലഭിക്കാത്തതാണ് പൊലീസിനെ കുഴക്കുന്നത്. പാലത്തിന് ചുവട്ടില്‍ ചെളി നിറഞ്ഞ ഭാഗമാണ്. ചാടുന്ന സമയത്ത് ചെളിയില്‍ പുതഞ്ഞ് അപകടം സംഭവിക്കാമെന്നതും തള്ളിക്കളയാനാവില്ല. ഇതിനിടെയുണ്ടായ ശക്തമായ പ്രളയവും അന്വേഷണ ഉദ്യോഗസ്ഥരെ വലയ്ക്കുന്നുണ്ട്.
സംഭവത്തില്‍ അരീക്കോട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അനൂപിനെ സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലോ 0483-2850222, 9497980652 എന്നീ നമ്പറുകളിലോ അറിയിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here