മലപ്പുറത്ത് ജനം വീടുകളിലേക്ക്;ശേഷിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകള്‍ അഞ്ച് മാത്രം

0
9

മലപ്പുറം: മഴയ്ക്ക് അറുതിവന്നതോടെ ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. വെള്ളം നേരത്തെ ഇറങ്ങിയിരുന്നെങ്കിലും വീടുകളിലെ ചെളി ഉള്‍പ്പടെ നീക്കി താമസയോഗ്യമാക്കുന്നതിനായി പലരും ക്യാമ്പുകളില്‍ തുടരുകയായിരുന്നു. നിലവില്‍ ജില്ലയില്‍ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകളിലായി 126 കുടുംബങ്ങളാണുള്ളത്. ഇവരില്‍ 139 പുരുഷന്മാരും, 178 സ്ത്രീകളും, 132 കുട്ടികളുമാണ്. തിരൂര്‍, താനൂര്‍ താലൂക്കുകളിലെ ക്യാമ്പുകള്‍ പൂര്‍ണമായും പൊന്നാനി താലൂക്കിലെ ഒരു ക്യാമ്പും നിര്‍ത്തി.
മഴക്കെടുതി ഏറെ ബാധിച്ച നിലമ്പൂര്‍ താലൂക്കിലാണ് കൂടുതല്‍ കുടുംബങ്ങള്‍ ക്യമ്പിലുള്ളത്. കുറുമ്പലങ്ങോട് വില്ലേജിലെ എരഞ്ഞിമങ്ങാട് യത്തീംഖാനയിലെ ക്യാമ്പില്‍ 83 കുടുംങ്ങളില്‍ നിന്നായി 294 ആളുകളുണ്ടായിരുന്നു. ഇനി 59 പേര്‍ മാത്രമാണ് ഇവിടെയുള്ളത്. കൊണ്ടോട്ടി മൊറയൂര്‍ വില്ലേജിലെ രണ്ട് ക്യാംപുകളിലായി 28 ആളുകളും, മൊറയൂര്‍ ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലെ ക്യാമ്പില്‍ അഞ്ച് കുടുംബങ്ങളില്‍ നിന്നായി ഒമ്പത് പുരുഷന്മാരും, ആറ് സ്ത്രീകളും, മൂന്ന് കുട്ടികളുമാണുള്ളത്. ഒഴുകൂര്‍ കുന്നക്കാട് അംഗന്‍വാടിയിലെ ക്യാമ്പില്‍ മൂന്ന് പുരുഷന്മാരും, നാല് സ്ത്രീകളും, മൂന്ന് കുട്ടികളും. പൊന്നാനി താലൂക്കില്‍ രണ്ടു ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. തിരൂരങ്ങാടി താലൂക്കിലെ നെടുവ വില്ലേജില്‍ 27 കുടുംബങ്ങളില്‍ നിന്നുള്ള 98 ആളുകളാണ് ക്യാമ്പില്‍ കഴിയുന്നത്. ഇവരില്‍ 38 പുരുഷന്മാരും, 54 സ്ത്രീകളും, ആറ് കുട്ടികളുമാണ്.
ജില്ലയിലെ എല്ലാവിധ നഷ്ടങ്ങളുടെയും കണക്കെടുപ്പ് സെപ്റ്റംബര്‍ അഞ്ചിനകം പൂര്‍ത്തിയാക്കുമെന്ന് കളക്ടര്‍ അമിത് മീണ പറഞ്ഞു. ജില്ലയിലെ പ്രളയത്തെക്കുറിച്ചും പ്രളയബാധിത പ്രദേശങ്ങളെക്കുറിച്ചും റിപ്പോര്‍ട്ട് തയ്യാറാക്കും. പഠനത്തിലൂടെ പരിസ്ഥിതിലോല പ്രദേശങ്ങള്‍, നദികളുടെ ശരിയായ അതിര്‍ത്തികള്‍ തുടങ്ങിയവ മനസിലാക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് കോട്ടം തട്ടാത്ത രീതിയിലായിക്കും ഇനി നിര്‍മാണങ്ങള്‍. ഇതുവഴി ഭാവിയില്‍ ഇതുപാലെയുള്ള ദുരന്തങ്ങള്‍ ഒരുപരിധിവരെ ഒഴിവാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here