കുട്ടയ്ക്കും മുറത്തിനും വില്‍പനയില്ല; ഈറ്റ നെയ്ത്തു തൊഴിലാളി കുടുംബങ്ങള്‍ പട്ടിണിയിലേക്ക്

0
143

അടിമാലി: പരമ്പരാഗത തൊഴിലുകളില്‍ നിന്നും തൊഴിലാളികള്‍ പിന്നാക്കം പോകുമ്പോള്‍ ഈറ്റ ഉപയോഗിച്ചുള്ള നെയ്ത്ത് ജോലികളില്‍ ശേഷിക്കുന്ന കുടുംബങ്ങള്‍ കടുത്ത പ്രതിസന്ധിയില്‍. കാലങ്ങളായി ഈറ്റ ഉപയോഗിച്ചുള്ള നെയ്ത്തുജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന നിരവധി കുടുംബങ്ങള്‍ അടിമാലി ഉള്‍പ്പെടുന്ന ജില്ലയുടെ വിവിധ മേഖലകളില്‍ ഉണ്ട്. എന്നാല്‍ ഒരോവര്‍ഷവും ഈ പരമ്പരാഗത തൊഴില്‍ മേഖലയില്‍ ജോലിയെടുക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടാകുന്നുവെന്നാണ് കണക്ക്.
ഇവര്‍ നിര്‍മ്മിക്കുന്ന കുട്ടയും മുറവും അടക്കമുള്ള വസ്തുക്കള്‍ വിറ്റഴിക്കാന്‍ സാധിക്കാത്തതും ഇടനിലക്കാരുടെ ചൂഷണവും ഈറ്റയുടെ ലഭ്യത കുറവും പലരേയും ഈ തൊഴില്‍ മേഖല ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നു. വര്‍ഷത്തില്‍ 365 ദിവസവും തൊഴില്‍ ചെയ്താലും ജീവിക്കാനുള്ള വക കിട്ടുന്നില്ലെന്ന് നെയ്ത്ത് തൊഴിലാളിയായ അമ്മിണി പറയുന്നു.
മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്നതുപോലുള്ള ബാംബുകോര്‍പ്പറേഷന്റെയും സര്‍ക്കാരിന്റെയും ഇടപെടല്‍ ഈ രംഗത്തുണ്ടാകുന്നില്ലെന്ന ആക്ഷേപവും തൊഴിലാളികള്‍ ഉയര്‍ത്തുന്നു.
സര്‍ക്കാരിന്റെ സംഭരണം ഈ മേഖലയില്‍ ഇല്ലാത്തതിനാല്‍ ഇടനിലക്കാരായ സ്വകാര്യ വ്യക്തികള്‍ക്ക് ഉത്പന്നങ്ങള്‍ വിറ്റഴിക്കുകയേ തരമുള്ളു.ഇത് പലപ്പോഴും വിലയുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ചൂഷണത്തിന് ഇടയാക്കുന്നു. വനംവകുപ്പ് നിഷ്‌കര്‍ഷിക്കും വിധം വിലകൊടുത്ത് നിശ്ചിത എണ്ണം ഈറ്റവാങ്ങി നെയ്ത്ത്ുതൊഴില്‍ മുമ്പോട്ട് കൊണ്ടുപോകാനാവുന്നില്ല. തൊഴിലാളികള്‍ക്ക് വനത്തിനുള്ളില്‍ നിന്നും ഈറ്റ ശേഖരിക്കുന്ന കാര്യത്തില്‍ ഇളവുകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും പരാമ്പരാഗത നെയ്ത്ത് തൊഴിലാളികള്‍ ആവശ്യപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here