പുഴയില്‍ അപകടക്കെണികളേറെ; തൃത്താലയില്‍ മുങ്ങിമരണങ്ങള്‍ വര്‍ദ്ധിക്കുന്നു

0
41
കൂറ്റനാട്: തൃത്താല മേഖലയില്‍ മുങ്ങിമരണങ്ങള്‍ വര്‍ദ്ധിക്കുന്നു. ഒന്നര വര്‍ഷത്തിനിടെ പൊലിഞ്ഞത് പന്ത്രണ്ടിലധികം ജീവനുകള്‍. രക്ഷപ്പെട്ടവരുടെ എണ്ണം ഇതിലുമേറെയാണ്.
കഴിഞ്ഞ വ്യാഴാഴ്ച്ച കുമ്പിടി ഉമ്മത്തൂരില്‍ ബന്ധു വീട്ടിലേക്കു വന്ന മൂന്നു കുട്ടികള്‍  ഭാരതപ്പുഴയില്‍ മുങ്ങി മരിച്ചതാണ് ഒടുവിലത്തേത്. കൗമാരക്കാര്‍ക്കാണ് മിക്ക അപകടങ്ങളിലും ജീവന്‍ നഷ്ടമാവുന്നത്. കുളവും,പുഴയും അടക്കമുള്ള ജലസ്രോതസ്സുകളേറെയുള്ള മേഖലയില്‍ അടിക്കടിയുണ്ടാവുന്ന മുങ്ങി മരണങ്ങള്‍ നാട്ടുകാരിലും ആശങ്ക ഉയര്‍ത്തുന്നുണ്ട്. കഴിഞ്ഞ ആറുമാസത്തിനിടെ അഞ്ച് കുട്ടികളും ഒരു ഇതര സംസ്ഥാന തൊഴിലാളിയുമടക്കം ആറു പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. മഴക്കാലമായതോടെ ജല സ്രോതസ്സുകളും കുഴികളുമെല്ലാം വെള്ളം നിറഞ്ഞ് അപകടക്കെണികളായി കിടക്കുകയാണ്. ഇത്തരം ഇടങ്ങളില്‍ കുളിക്കാനോ മീന്‍പിടുത്തത്തിനോ ഇറങ്ങുമ്പോഴാണ് കൂടുതലും അപകടം സംഭവിക്കുന്നത്.
അപരിചിതമായ ജലസ്രോതസ്സുകളില്‍ കുളിക്കാനിറങ്ങുമ്പോള്‍ പുഴയെ കുറിച്ച് അറിയുന്ന പ്രദേശവാസികളോട് ചോദിക്കാതെയാണ് അധിക ആളുകളും ഇറങ്ങുന്നത്. ഇത് മൂലവും അപകട സാധ്യത കൂടുന്നു. പ്രളയത്തില്‍ പുഴ ദിശമാറി ഒഴുകിയതുകൊണ്ട് ചില സ്ഥലങ്ങളില്‍ ആഴത്തിലുള്ള കുഴിയും രൂപപ്പെട്ടിട്ടുണ്ട്.ഇതും അപകട സാധ്യത കൂട്ടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here