മെഡിക്കല്‍ കോളജ് മാസ്റ്റര്‍പ്ലാന്‍ പദ്ധതി :ആദ്യഗഡു 58.37 കോടി രൂപ അനുവദിച്ചു

0
8

സ്വന്തം ലേഖകന്‍
ഉള്ളൂര്‍: തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ സമഗ്രവികസനത്തിനായി ആവിഷ്‌കരിച്ച 717 കോടിയുടെ മാസ്റ്റര്‍പ്ലാനിലെ പദ്ധതികള്‍ യാഥാര്‍ഥ്യമാക്കാന്‍ ആദ്യഗഡുവായി 58.37 കോടി രൂപ കിഫ്ബി വഴി അനുവദിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. അടിസ്ഥാന റോഡ് വികസനത്തിനും മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിങ്ങിനുമായാണ് ഈ അനുവദിച്ചത്. മെഡിക്കല്‍ കോളേജ് റോഡ് വികസനത്തിന് 18.6 കോടിയും പുതിയ മേല്‍പ്പാല റോഡിന് 12.31 കോടിയും മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിങ്ങിന് 25.24 കോടി രൂപയും ഇലക്ട്രിക്കല്‍ ജോലികള്‍ക്ക് 2.18 കോടി രൂപയുമാണ് അനുവദിച്ചത്. സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളെ സെന്റര്‍ ഓഫ് എക്സലന്‍സ് ആക്കുന്നതിന്റെ ഭാഗമായാണ് മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കുന്നത്.

ഗതാഗതവും അനുബന്ധസൗകര്യങ്ങളുമാണ് ആദ്യഘട്ടത്തില്‍ വികസിപ്പിക്കുന്നത്. ഗതാഗതക്കുരുക്ക് കൊണ്ട് ഏറെ ബുദ്ധിമുട്ടുന്ന മെഡിക്കല്‍ കോളേജ് ക്യാമ്പസ് റോഡ് നവീകരണമാണ് ഇതിലാദ്യത്തേത്. മെഡിക്കല്‍ കോളേജ് പ്രവേശനകവാടംമുതല്‍ ശ്രീ ചിത്രയ്ക്ക് സമീപം കൂടി സിഡിസി വരെയും എസ്എടി അമ്മയും കുഞ്ഞും പ്രതിമ മുതല്‍ മോര്‍ച്ചറിയും എസ്എസ്ബിയും കഴിഞ്ഞ് പ്രധാന റോഡ് വരെയും ഒപി റോഡ് മുതല്‍ ശ്രീചിത്രയുടെ പുതിയ കെട്ടിടം വരെയുമുള്ള റോഡുകളാണ് വികസിപ്പിക്കുന്നത്. നിലവിലുള്ള രണ്ടുവരിപ്പാത മൂന്നുവരിയാക്കി വണ്‍വേ സമ്പ്രദായം ഏര്‍പ്പെടുത്തും.ഗതാഗതക്കുരുക്ക് പരിഹരിക്കാനായി ശ്രീചിത്രയ്ക്ക് സമീപം മുതല്‍ ഒപി ബ്ലോക്കിന് മുന്‍വശത്തുള്ള ചതുപ്പ് നിലത്തിന് മുകളിലൂടെ മെന്‍സ് ഹോസ്റ്റലിനും പിഎംആറിനും ഇടയിലൂടെ കുമാരപുരം റോഡില്‍ വന്നിറങ്ങുന്ന ഇലവേറ്റഡ് റോഡ് കോറിഡോറും നിര്‍മിക്കും.

മെഡിക്കല്‍ കോളേജിനെ വലയ്ക്കുന്ന പ്രശ്നമായ പാര്‍ക്കിങ്ങിന് പരിഹാരമായി രണ്ട് മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് സംവിധാനങ്ങളാണ് ഒരുക്കുന്നത്. അത്യാഹിതവിഭാഗത്തിന് മുമ്പിലുള്ള മള്‍ട്ടിലെവല്‍ പാര്‍ക്കിങില്‍ 300 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനാകും. ഒപി ബ്ലോക്കിന് മുന്‍വശത്തായുള്ള സ്ഥലത്ത് 200 വാഹങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനാകും. ആറു തട്ടുകളാണ് ഓരോ കെട്ടിടത്തിലുമുണ്ടാകുക. തെരുവുവിളക്കുകള്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രിക്കല്‍ നവീകരണത്തിനും തുക അനുവദിച്ചിട്ടുണ്ട്. പുതിയ കെട്ടിടങ്ങളുടെ നിര്‍മാണത്തിനാണ് അടുത്ത ഘട്ടത്തില്‍ തുക അനുവദിക്കുന്നത്. 6 നിലകളുള്ള മോഡ്യുലാര്‍ ഓപ്പറേഷന്‍ തിയറ്റര്‍ കോംപ്ലക്സ്, 11 നിലകളുള്ള പീഡിയാട്രിക് കെട്ടിടം, 6 നിലകളുള്ള പുതിയ അക്കാദമിക് ബ്ലോക്ക്, 6 നിലകളുള്ള എംഎല്‍ടി കെട്ടിടം എന്നിവയ്ക്കാണ് ഇനി തുക അനുവദിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here