മാര്‍ത്താണ്ഡം മേല്‍പ്പാലം ഡിസംബറില്‍ തുറക്കും: കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍

0
11

അമ്പൂരി: മാര്‍ത്താണ്ഡം നഗരത്തിന് കുറുകെ നിര്‍മ്മിക്കുന്ന മേല്‍പാലം ഡിസംബര്‍ അവസാനത്തോടെ തുറക്കുമെന്ന് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ മാധ്യമങ്ങളെ അറിയിച്ചു. കുഴിത്തുറ കോതയാറിന് കുറുകെയുള്ള പാലം മുതല്‍ പമ്മം വരെ രണ്ടരകിലോമീറ്റര്‍ മേല്‍പാലത്തിന്റെ പണി അടുത്തമാസം പൂര്‍ത്തിയാക്കുമെന്നും മന്ത്രിപറഞ്ഞു.

രണ്ടുവര്‍ഷങ്ങള്‍ക്കു മുമ്പ് ആരംഭിച്ച പാലത്തിന്റെ അവസാന ഗര്‍ഡറും സ്ഥാപിക്കപ്പെട്ടു. ടാറിംഗ് പണികള്‍ ഉടനെയുണ്ടാകും. റോഡ് വീതികൂട്ടല്‍, ഓടനിര്‍മ്മാണം തുടങ്ങിയവ ഡിസംബര്‍ 20നകം പൂര്‍ത്തിയാകും. നഗരത്തിലെ വന്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണീ മേല്‍പാലം.

105 സ്പാനുകളിലായി ഏകദേശം 500 ഗര്‍ഡറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കോണ്‍ക്രീറ്റ് റോഡാണെങ്കിലും വാഹനങ്ങളുടെ സുരക്ഷയ്ക്കായി റബറൈസ്ഡ് ടാറിംഗ് ഉണ്ടാകും. ഇനി 350 മീറ്റര്‍ കോണ്‍ക്രീറ്റുണ്ട്. അടുത്ത ആഴ്ചയില്‍ അവയും പൂര്‍ത്തിയാകുമെന്ന് എസ്.പി.എല്‍ പ്രതിനിധി അനൂപ് പറഞ്ഞു.

പാലത്തിന്റെ ബലക്ഷത പരിശോധനകള്‍ കഴിഞ്ഞു. വാഹന ഗതാഗതം തുടങ്ങും മുമ്പ് മേല്‍പ്പാലം നാട്ടുകാര്‍ക്കായി തുറക്കും. മേല്‍പ്പാലത്തിന്റെ മുകളില്‍ കയറി നഗരത്തിന്റെ ഭംഗി ആസ്വദിക്കാന്‍ വേണ്ടിയാണിത്. വാഹനഗതാഗതം ആരംഭിച്ചാല്‍ കാല്‍നട അസാദ്ധ്യമാകും.

LEAVE A REPLY

Please enter your comment!
Please enter your name here