നിപ കാലത്ത് സേവനത്തിനിറങ്ങിയവരെ ശുചീകരണ ജോലിയില്‍ നിന്നു മാറ്റിയതിനെതിരെ പ്രതിഷേധം

0
38

കോഴിക്കോട് : ഭീതിയിലാഴ്ത്തിയ നിപ വൈറസ് വ്യാപന ഘട്ടത്തില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്വയം സേവന സന്നദ്ധരായി ശുചീകരണ ജോലിയില്‍ പ്രവേശിച്ച പത്തോളം ജീവനക്കാരികളെ മെഡിക്കല്‍ കോളേജ് ആശുപത്രി ശുചീകരണ ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തുന്നു. ഇതിനെതിരെ ജില്ലാ കലക്ടര്‍ക്കും മെഡിക്കല്‍ കോളേജ് ആശുപത്രി പ്രിന്‍സിപ്പാള്‍, ആശുപത്രി സൂപ്രണ്ട് എന്നിവര്‍ക്ക് രേഖാമൂലം പരാതികള്‍ നല്‍കിയിട്ടും പരിഹാരം കാണാത്തതിനെ തുടര്‍ന്ന് അഴിമതി വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ കലക്ട്രേറ്റിനു മുന്‍പില്‍ നവംബര്‍ എട്ടിന് രാവിലെ ഏകദിന സൂചനാ ഉപവാസ സമരം നടത്തുമെന്ന് സംഘടന അറിയിച്ചു.

നിപ വൈറസ് കാലത്ത് ജോലി ചെയ്ത നാല്‍പ്പത്തിയഞ്ച് പേര്‍ക്ക് ഒരു മാസത്തേക്ക് കൂടി ജോലി നീട്ടി നല്‍കിയപ്പോള്‍ ശമ്പളം നല്‍കാനുള്ള ഹെഡ് ഓഫ് എക്കൗണ്ടിന്റെ സാങ്കേതികത്വം പറഞ്ഞാണ് കെ.കെ.ലീല, കെ.റീജ, കെ.ശാരദ, കെ.ആര്‍.സീത, എം.കെ.സരോജിനി, ബേബി.കെ.എളമരം, ടി.പി.തങ്കമണി, കെ.ബവിത,. മാധവി, ഒ.എം.ഷൈനി എന്നിവരോട് ജോലിക്ക് ഹാജരാകേണ്ടതില്ലെന്ന് അധികൃതര്‍ അറിയിച്ചത്.

നിപ കാലഘത്തില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവെച്ചവരെയാണ് അധികൃതര്‍ ജോലിയില്‍ നിന്നും പൂര്‍ണ്ണമായി അവഗണിച്ചത്. നിപ കാലഘട്ടത്തില്‍ മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്ത എല്ലാവരേയും പ്പോലെ തന്നെ ജോലി ചെയ്ത ഇവരോട് ഇരട്ട നീതീയാണ് അധികൃതര്‍ കാണിക്കുന്നതെന്നും സൂചനാ സമരത്തില്‍ പരിഹാരമായില്ലെങ്കില്‍ അനിശ്ചിത സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് അഴിമതി വിരുദ്ധ സമിതി ചെയര്‍മാന്‍ സതീഷ് പാറന്നൂര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here