ബഷിര്‍ കല്ലായി

മഞ്ചേരി: പൊതുസ്ഥലങ്ങളില്‍ നിയമവിരുദ്ധമായി സ്ഥാപിച്ച പരസ്യബോര്‍ഡുകളും ബാനറുകളും കൊടിതോരണങ്ങളും നീക്കം ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവ് പല തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും നടപ്പാക്കിയില്ല. ഇവ നീക്കംചെയ്യുന്നതിന് ഹൈക്കോടതി നല്‍കിയ കാലപരിധി ചൊവ്വാഴ്ച അവസാനിച്ചു. ഉത്തരവു നടപ്പാക്കുന്നതില്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ഇടപെടല്‍ ഫലപ്രദമാവുന്നില്ല. ബോര്‍ഡുകള്‍ സ്ഥാപിച്ചവര്‍ സ്വമേധയാ ഇവ നീക്കണമെന്ന സമീപനമാണ് സംസ്ഥാനവ്യാപകമായി തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെ ബോര്‍ഡുകള്‍ മാറ്റുന്നതിന് തദ്ദേശസ്വയംഭരണസ്ഥാപന ജീവനക്കാര്‍ വിമുഖതകാണിക്കുകയും ചെയ്യുന്നു.

നിയമവിരുദ്ധമായി സ്ഥാപിച്ച പരസ്യബോര്‍ഡുകളും ബാനറുകളും കൊടിതോരണങ്ങളും നീക്കം ചെയ്തില്ലെങ്കില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും ഫീല്‍ഡ് സ്റ്റാഫുകളും ഉത്തരവാദികളാകുമെന്ന് ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞിട്ടുണ്ടെങ്കിലും ബന്ധപ്പെട്ടവര്‍ അത് മുഖവിലയ്‌ക്കെടുത്തിട്ടില്ല. ഇതു സംബന്ധിച്ചു മാധ്യമങ്ങള്‍ വഴി അറിയിപ്പു നല്‍കുന്നതില്‍ കവിഞ്ഞ് ക്രിയാത്മക ഇടപെടലുകള്‍ ഒന്നും ഉണ്ടായില്ല.

ദേശീയ-സംസ്ഥാന പാതകളിലടക്കം നിയന്ത്രണങ്ങളേതുമില്ലാതെ മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തിയാണ് വന്‍തോതില്‍ കൂറ്റന്‍ ബോര്‍ഡുകള്‍ അടക്കം സ്ഥാപിച്ചിരിക്കുന്നത്. സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെ സ്ഥാപിക്കുന്ന ഇത്തരം ബോര്‍ഡുകള്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. വാഹനങ്ങളോടിക്കുന്നവര്‍ക്കും യാത്രക്കാര്‍ക്കും കാഴ്ച്ച മറയ്ക്കുംവിധം ബോര്‍ഡുകളും തോരണങ്ങളും സ്ഥാപിച്ചവര്‍ക്കെതിരെ നടപടിയെടുക്കാനോ നിയന്ത്രണമേര്‍പ്പെടുത്താനോ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല.
സ്വകാര്യവ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പൊതു ഇടങ്ങളില്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ നിന്ന് മുന്‍കൂട്ടി അനുമതി വാങ്ങണമെന്നാണ് ചട്ടം. അനുമതിക്കുള്ള അപേക്ഷകള്‍ പോലും സമര്‍പ്പിക്കാതെയാണ് നിയമവിരുദ്ധമായി പലരും പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത്. ഇക്കാരണത്താല്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്കു ലഭിക്കേണ്ട നികുതി വരുമാനവും ഗണ്യമായി കുറയുന്നു.

സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ സര്‍ക്കാറിനു ഉപയോഗപ്പെടുത്താവുന്ന ലളിതമായ സംവിധാനമായിട്ടുപോലും ഇക്കാര്യത്തില്‍ ശക്തമായ നടപടികളില്ലാത്തത് അഴിമതിക്കു കളമൊരുക്കുന്നുണ്ട്. പൊതു ഇടങ്ങളില്‍ സ്ഥാപിച്ച ബോര്‍ഡ് നീക്കംചെയ്യാന്‍ അതാത് കമ്പനികളില്‍ നിന്ന് ചെലവും പിഴയും ഈടാക്കാമെന്നും നിയമനടപടികള്‍ സ്വീകരിക്കാമെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പുറപ്പെടുവിപ്പിച്ച ഉത്തരവിലുണ്ട്. പൊതു ഇടങ്ങളിലെ അനധികൃത പരസ്യബോര്‍ഡുകള്‍ നീക്കംചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു നല്‍കുന്ന പരാതികള്‍ പരിഗണിക്കപ്പെടാറില്ല. രാഷ്ട്രീയ സമ്മര്‍ദ്ദം മൂലമാണ് ഇക്കാര്യത്തില്‍ കൃത്യമായ ഇടപെടലിനു ഉദ്യോസ്ഥര്‍ ശ്രമിക്കാത്തതെന്ന ആക്ഷേപവും ശക്തമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here