കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം നവംബര്‍ 2 മുതല്‍ 11 വരെ എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍

0
52

കൊച്ചി:ഇരുപത്തിരണ്ടാമതു കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം നവംബര്‍ 2 മുതല്‍11 വരെ എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ നടക്കും. ഇത്തവണ മുന്നൂറിലേറെ പ്രസാധകര്‍, ഇരുന്നൂറിലധികം എഴുത്തുകാര്‍, വിദ്യാഭ്യാസ വിചക്ഷണര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.പത്ത് ലക്ഷത്തിലധികം പുസ്തകങ്ങള്‍ മേളയില്‍ ലഭ്യമാകും. പെന്‍ഗിന്‍ ബുക്ക്സ്, പാന്‍ മാക് മില്ലന്‍, എന്‍.ബി.ടി, രാഷ്ട്രീയ സംസ്‌കൃത സംസ്ഥാന്‍, ചൗക്കമ്പ വാരണാസി, ഗ്രോളിയര്‍, ഡി.സി.ബുക്ക്സ്, കേന്ദ്രസാഹിത്യഅക്കാദമി,ഐ.സി.എച്ച്.ആര്‍,ഐ.സി.പി.ആര്‍, ഇന്ദിരാ ഗാന്ധി കള്‍ച്ചറല്‍ സെന്റര്‍, ലളിത കലാ അക്കാദമി, കേരളസാഹിത്യഅക്കാദമി തുടങ്ങി വിവിധ സംസ്ഥാനങ്ങളുടെ ടൂറിസം, സാംസ്‌കാരികവകുപ്പുകളുടെപവലിയനുകള്‍, മാധ്യമസ്റ്റാളുകള്‍, തുടങ്ങിയവരുടെ സാന്നിധ്യവുമുണ്ടാകും.

നവംബര്‍ 2 ന് പുസ്തകോത്സവം ഉദ്ഘാടനം സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ നിര്‍വഹിക്കും.സമാപന സമ്മേളനത്തില്‍ ഗോവ ഗവര്‍ണര്‍ ഡോ.മൃദുല സിന്‍ഹ പങ്കെടുക്കുമെന്ന് കൊച്ചി അന്താരാഷ്ട പുസ്തകോത്സവ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നവംബര്‍ 3 ന് നടക്കുന്ന വിദ്യാഭ്യാസ സമ്മേളനത്തില്‍ പത്തോളം വൈസ്ചാന്‍സലര്‍മാരും നിരവധി പ്രിന്‍സിപ്പല്‍മാരും പങ്കെടുക്കും.

മഹാത്മാഗാന്ധിയുടെ നൂറ്റമ്പതാം ജന്മ വാര്‍ഷികത്തോടനുബന്ധിച്ചു നടത്തുന്ന സെമിനാറില്‍ ഗാന്ധിജിയുടെ പ്രൈവറ് സെക്രട്ടറിയായിരുന്ന വി.കല്യാണം, ഗാന്ധി മ്യൂസിയം ഡയറക്ടര്‍ അണ്ണാമലൈ തുടങ്ങിയവര്‍ പങ്കെടുക്കും. പത്രപ്രവര്‍ത്തകയായിരുന്ന ലീല മേനോന്റെ പേരിലുള്ള മാധ്യമ പുരസ്‌ക്കാരം പി.വേണുഗോപാലിന് അഞ്ചാം തീയതി സമര്‍പ്പിക്കും. യു ഡി എഫ് കണ്‍വീനര്‍ ബെന്നിബെഹനാന്‍ മുഖ്യാതിഥിയാകും. ഈ വര്‍ഷത്തെ ബാലാമണിയമ്മ അവാര്‍ഡ് ശ്രീകുമാരന്‍ തമ്പിക്ക് നവംബര്‍ 8 നടക്കുന്ന ചടങ്ങില്‍ പ്രശസ്ത കൊങ്കണി സാഹിത്യകാരന്‍ മഹാബലേശ്വര്‍ സെയില്‍ സമര്‍പ്പിക്കും. നവംബര്‍ 7 മുതല്‍ 11 വരെ കൊച്ചി സാഹിത്യോത്സവം 3 വേദികളിലായി നടക്കും..ഇരുന്നൂറോളം സാഹിത്യകാരന്മാര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ പതിനൊന്നോളം ഭാഷകളില്‍ നിന്നുള്ള എഴുത്തുകാര്‍ പങ്കെടുക്കും. ആസ്സാമീസ് സാഹിത്യകാരി അരൂപ കാലിത പതങ്കിയ, ഭാരതി മണി, മഹാബലേശ്വര്‍ സെയില്‍ ( കൊങ്കണി ), എന്നീ പ്രമുഖരോടൊപ്പം യുവ സാഹിത്യകാരന്മാരായ ദേബകാന്ത രാംചിയാറി (ബോഡോ), ശരത് ചന്ത് തിയാം (മണിപ്പൂരി), ചന്ദ്ര കുമാര്‍ റായ് (നേപ്പാളി), പ്രശാന്ത് കുമാര്‍ ദാസ് (ആസാമിസ്), കെ.ബി. സിദ്ധയ്യ (കന്നഡ), യാക്കൂബ് (തെലുങ്ക്), വയവന്‍(തമിഴ് ), ഉമേഷാ ശാലിയന്‍ (തുളു) എന്നിവരും മലയാളത്തിലെ പ്രശസ്ത സഹിത്യകാരന്മാരായഡോ.എം.ലീലാവതി, സാനുമാസ്റ്റര്‍, സി.രാധാകൃഷ്ണന്‍, ഓ.വി.ഉഷ, കെ. എല്‍.മോഹനവര്‍മ്മ,എസ്.രമേശന്‍ നായര്‍, ഡോ.തോമസ് മാത്യു, ഡോ.ശ്രീനിവാസ റാവു, സിപ്പി പള്ളിപ്പുറം, പ്രഭാ വര്‍മ്മ, എം.കെ.ഹരികുമാര്‍, കെ.ബി.ശ്രീദേവി, പി.ആര്‍.നാഥന്‍ തുടങ്ങിയവരും പങ്കെടുക്കുന്നു. ഇംഗ്ലീഷില്‍ നിന്ന്ആനന്ദ് നീലകണ്ഠന്‍, അനുരാധ വിജയകൃഷ്ണന്‍, യോഗിനി ശാംഭവി, ടോണി വി. ഫ്രാന്‍സിസ്, കരണ്‍ ദോഷി, ബര്‍ണാലി റേ ശുക്ല, ലോപാമുദ്രാ സെന്‍ എന്നിവര്‍ പങ്കെടുക്കും.

‘ഭാരതീയ തത്വചിന്ത’ കോണ്‍ഫറന്‍സില്‍ ഡോ.ഡേവിഡ്ഫ്രോളി, ജെ.നന്ദകുമാര്‍, ഡോ.രജനീഷ്‌കുമാര്‍ശുക്ല എന്നിവര്‍ പങ്കെടുക്കുന്നു. എം.ഗോവിന്ദന്‍ അനുസ്മരണ സെമിനാര്‍, നൂറോളം മലയാള സാഹിത്യകാരന്മാര്‍ പങ്കെടുക്കുന്ന സാഹിത്യകാര സംഗമം, ഇരുപത്തഞ്ചോളം ഭാഷകള്‍ സംസാരിക്കുന്ന കൊച്ചി നിവാസികളുടെ സംഗമം എന്നിവ വിവിധ ദിവസങ്ങളില്‍ നടക്കും. കലയുടെ സാഹിത്യത്തെപ്പറ്റിയുള്ള ചര്‍ച്ചകളില്‍ ഡോ.കലാമണ്ഡലം ഗോപി, കലാമണ്ഡലം പ്രഭാകരന്‍, കലാമണ്ഡലം ശ്രീദേവി രാജന്‍, അലി അക്ബര്‍, അമ്പലപ്പുഴ വിജയകുമാര്‍, മനു മാസ്റ്റര്‍, ശ്യാമള സുരേന്ദ്രന്‍,എന്നിവര്‍ പങ്കെടുക്കും. ധരണി സ്‌കൂള്‍ ഓഫ് ആര്‍ട്സ്, സംഗീത അയ്യര്‍, ആര്‍ എല്‍ വി ശാലിനി ഹരികുമാര്‍ എന്നിവരുടേതുള്‍പ്പെടെ എല്ലാ ദിവസവും കലാപരിപാടികള്‍ നടക്കും. വിവിധപരിപാടികളിലായി മുന്‍ അംബാസഡര്‍ പി.ശ്രീനിവാസന്‍, പ്രൊഫ.കെ.വി.തോമസ്, പി.കെ.കൃഷ്ണദാസ്, മങ്കൊമ്പ് ഗോപാലകൃഷ്ണന്‍, വയലാര്‍ മാധവന്‍കുട്ടി, എം.പി മാര്‍, എം.എല്‍.എ. മാര്‍പങ്കെടുക്കുന്നു.
ഈ വര്‍ഷം ആറന്മുളയിലെ പ്രളയ ബാധിതരായ ആറന്മുള കണ്ണാടി, പള്ളിയോട നിര്‍മ്മാണ തൊഴിലാളികളെ സഹായിക്കാനായി ഹാന്‍ഡി ക്രാഫ്റ്റ് എക്സിബിഷനും സംഘടിപ്പിക്കുന്നുണ്ട്. പുസ്തകോത്സവം ചെയര്‍മാന്‍ ഡോ. എം. സി ദിലീപ്കുമാര്‍, അഡ്വ.എം.ശശിശങ്കര്‍, ഇ.എം.ഹരിദാസ്, ഡോ.ഗോപിനാഥ് പനങ്ങാട്, ജി. കെ പിള്ള എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here