ചരിത്രാന്വേഷികള്‍ക്ക് കൗതുകമായി ശ്രീകൃഷ്ണപുരത്തെ അയിരുമടകള്‍

0
22

ശ്രീകൃഷ്ണപുരം :ബ്രിട്ടീഷ് ഭരണ കാലത്ത് ഇരുമ്പ് അയിര് ഖനനത്തിന് കുഴിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന ഗുഹകള്‍ക്ക് സമാനമായ ശ്രീകൃഷ്ണപുരത്തെ നിരവധി അയിരുമടകള്‍ ചരിത്ര അന്വേഷികള്‍ക്ക് കൗതുകമാകുന്നു. ശ്രീകൃഷ്ണപുരത്തും പരിസര പ്രദേശങ്ങളായ കൂട്ടിലക്കടവ്, എളമ്പുലാശ്ശേരി, രാഗം കോര്‍ണര്‍, കുളവള്ളി പറമ്പ് എന്നിവിടങ്ങളിലുമാണ് ഇവ കണ്ടെത്തിയിട്ടുള്ളത്. തീര്‍ത്തും ഈ ഗുഹകള്‍ മനുഷ്യ നിര്‍മിതമാണ്.

താരതമ്യേന ഉയര്‍ന്നതും നല്ല ഉറപ്പുള്ള കറുത്ത വെട്ടുകല്ലും ഉള്ളിടത്തു നിന്നാണ് ഒരാള്‍ക്ക് ഇറങ്ങാന്‍ കഴിയുന്ന നിലയിലൂള്ള കുഴിയോടുകൂടി അയിരുമട ആരംഭിക്കുന്നത്.ഇറങ്ങാന്‍ പടവുമുണ്ട്.ഉള്ളില്‍ ഇറങ്ങിയാല്‍ നിവര്‍ന്നു നടക്കാന്‍ കഴിയും വിധം സാമാന്യം നല്ല വിസ്താരത്തിലാണ് ഇതിന്റെ നിര്‍മ്മിതി.തുടര്‍ന്ന് തുരങ്കം പോലെയാണ്.തൊട്ടടുത്ത പ്രദേശത്തു കാണുന്ന ഗുഹാമുഖം വരെ കിലോമീറററുകള്‍ ദൈര്‍ഘ്യത്തില്‍ ഇവ നീണ്ടു കിടക്കുന്നുവെന്നും പ്രായമായവര്‍ പറയുന്നു. ഭൂമിയുടെ പ്രതലത്തിനു സമാന്തരമായി ഇവ നീണ്ടു പോകുന്നു. നേര്‍ രേഖയിലൊന്നുമല്ലതാനും.

ഇതിനിടയില്‍ ഇടക്കിടക്ക് ഭൂപ്രതലത്തില്‍ നിന്ന് ഇറങ്ങും വിധംതുരങ്കത്തിലേക്കുള്ള മുഖങ്ങളുമുണ്ട്. ഓക്‌സിജന്‍ അകത്തേക്ക് കടക്കാനിത് വഴിയൊരുക്കും.ഇവക്കെല്ലാം വെട്ടുകല്ലില്‍ തീര്‍ത്ത അടപ്പുകളും അടുത്തകാലം വരെ ഉണ്ടായിരുന്നതായി പഴമക്കാര്‍ പറയുന്നു. എല്ലായിടത്തും ഏതാണ്ട് ഒരേ ഘടനയില്‍ തന്നെയാണ് ഇവയുടെ നിര്‍മ്മിതി. ഇതിന്റെ ചരിത്ര പശ്ചാത്തലം പരിശോധിച്ചാല്‍ ബ്രിട്ടീഷ് ഭരണകാലത്ത് ഇരുമ്പയിര്‍ ഘനനത്തിനായി കുഴിച്ചവയാണ് എന്ന വാദത്തിനാണ് യാഥാര്‍ത്ഥ്യവുമായി അടുത്ത ബന്ധമുണ്ടാകാന്‍ സാധ്യത. അയിരുമടകള്‍ക്കടുത്തായി കറുത്തതും,ഇരുമ്പിന്റെ അംശം അടങ്ങിയതുമായ ബലമുള്ള കീടക്കല്ലുകള്‍ ധാരാളമായി കണ്ടിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് ആദ്യ സര്‍വ്വേ നടന്നസമയത്താകാം ഇവ നിര്‍മ്മിക്കപ്പെട്ടതെന്നും പറയപ്പെടുന്നു.കോട്ടപ്പുറത്ത് പട്ടാള ക്യാംപ് പ്രവര്‍ത്തിച്ചിരുന്നു എന്നും ടിപ്പുവിന്റെ പടയോട്ടക്കാലത്ത് ആളുകള്‍ ഈ തുരങ്കങ്ങളില്‍ ഒളിച്ചിരുന്നു എന്നും പറയപ്പെടുന്നു.

1921 ലെ മലബാര്‍ കലാപകാലത്ത് പേടിച്ച് ഇവിടങ്ങളില്‍സ്ത്രീകള്‍ അടക്കം ഒളിച്ചിരുന്നു എന്നും ചിലര്‍ പറയുന്നു. സാക്ഷര കേരളത്തിന്റെ സാമ്പത്തിക പ്രതീകമായ റബ്ബര്‍ കൃഷിക്കായി പറമ്പുകളില്‍ ജെ.സി.ബി. കയറിയിറങ്ങിയതോടെ മിക്കവയും നശിപ്പിക്കപ്പെട്ടു. ശേഷിക്കുന്നവയുടെ ചരിത്രമൂല്യം തിരിച്ചറിയാതെ ആവശ്യമില്ലാത്ത പാഴ് വസ്തുക്കളും,മാലിന്യങ്ങളും വലിച്ചെറിയുന്ന ഇടങ്ങളായി ഇവ മാറുകയും ചെയ്തിട്ടുണ്ട്.

ടിപ്പുവിന്റെ പടയോട്ടം,ബ്രിട്ടീഷ് ആധിപത്യം,മലബാര്‍ കലാപം,ഇരുമ്പയിര്‍ ഖനനം അങ്ങിനെ ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് സഞ്ചരിക്കാന്‍ വെളിച്ചം പകരുന്ന നമുക്കു ചുററുമുള്ള ഇത്തരം അവശേഷിപ്പുകള്‍ തിരിച്ചറിയപ്പെടാതെ പോകുകയാണ്. ഇതിന്റെ കൂടുതല്‍ പഠനം നടത്തണം എന്നാവശ്യപ്പെട്ട് ചരിത്ര അന്വേഷകര്‍ തൃശൂര്‍ കേരള ചരിത്ര പഠന ഗവേഷണ കേന്ദ്രത്തിലേക്ക് കത്തയച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here