മണ്ഡലകാലം പടിവാതിലില്‍ പ്രളയത്തില്‍ തകര്‍ന്ന റോഡുകള്‍ നന്നാക്കാന്‍ ഫണ്ടില്ല; എരുമേലിയിലെ മുന്നൊരുക്കങ്ങള്‍ ഇഴയുന്നു

0
2

എരുമേലി: മണ്ഡലകാലം തുടങ്ങാന്‍ ഇനി ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ഒരുക്കങ്ങള്‍ വെിടെയുമെത്തിയിട്ടില്ല. യുവതീപ്രവേശാനുമതി ഉള്ള സാഹചര്യത്തില്‍ സൗകര്യങ്ങള്‍ കൂടുതല്‍ ഒരുക്കുമെന്നാണ് പ്രഖ്യാപനം. എന്നാല്‍ മണ്ഡലകാലം പടിവാതിലിലെത്തിയിട്ടും എരുമേലിയില്‍ സാധാരണയൊരുക്കുന്ന ക്രമീകരണങ്ങളില്‍ പോലും ഇഴച്ചില്‍. യുവതികളെത്തിയാല്‍ പ്രത്യേക സൗകര്യങ്ങള്‍ വെവ്വേറെ ഒരുക്കേണ്ടിവരും. തീര്‍ഥാടക വാഹനങ്ങള്‍ പമ്പയ്ക്ക് വിടാത്ത സാഹചര്യത്തില്‍ നിലയ്ക്കലില്‍ തിരക്കേറുമ്പോള്‍ എരുമേലിയുടെ വിവിധ പ്രദേശങ്ങളിലും ഭക്തര്‍ ക്യാമ്പ് ചെയ്യേണ്ടിവരും.
വാഹന പാര്‍ക്കിങ്ങ്, കുടിവെള്ളം, താമസം, പ്രാഥമിക കൃത്യനിര്‍വഹണത്തിനുള്ള സൗകര്യങ്ങള്‍ തുടങ്ങിയവ വിപുലപ്പെടുത്തുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കണം. എന്നാല്‍ നിലവിലുള്ള സംവിധാനങ്ങളുടെ ക്രമീകരണം പോലും മന്ദഗതിയിലാകുന്ന എരുമേലിയിലെ കാഴ്ചകളിലൂടെ…

ഓഗസ്റ്റ് മാസത്തിലെ പ്രളയസമയത്താണ് ഭക്തരുടെ പ്രധാന പാതയായ കാഞ്ഞിരപ്പള്ളി-എരുമേലി റോഡിലെ പട്ടിമറ്റത്ത് സംരക്ഷണക്കെട്ടിന് ബലക്ഷയമുണ്ടായി റോഡ് വിണ്ടുകീറിയത്. ഇവിടെ റോഡ് പകുതി അടച്ച് ഒരുവശത്തൂടെയാണ് ഗതാഗതം. ഇരുദിശയിലേക്കും ഒരേ സമയം പോകാനാവില്ല. റോഡരുകില്‍ 20 അടിയോളം കുഴിയുള്ള ഭാഗത്ത് 70 മീറ്ററോളം നീളത്തില്‍ കോണ്‍ക്രീറ്റ് ഭിത്തികെട്ടി പ്രതലം ടാറിങ്ങ് ഉള്‍പ്പെടെ നവീകരണത്തിന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ 93 ലക്ഷം രൂപയുടെ പദ്ധതി സെപ്റ്റംബറില്‍ സര്‍ക്കാരിന് നല്കിയിരുന്നു. എന്നാല്‍ പദ്ധതിക്ക് ഭരണാനുമതി ആയില്ല. ഇനി ഭരണാനുമതി ആയാലും തീര്‍ഥാടനകാലത്ത് നടപ്പാക്കാനുമാകില്ല. തീര്‍ഥാടന കാലത്ത് ഇടതടവില്ലാതെ വാഹനങ്ങള്‍ എത്തുന്ന പാതയില്‍ ഗതാഗതം കുരുങ്ങും. പരിഹാരമായി അനുയോജ്യമായ സമാന്തരപാതകള്‍ വഴി വാഹനം തിരിച്ചുവിടാനാണ് നീക്കം.

പ്രളയം തകര്‍ത്ത എയ്ഞ്ചല്‍വാലി പാലത്തിന്റെ അനുബന്ധറോഡും സംരക്ഷണഭിത്തിയും നന്നാക്കാനും ഫണ്ടനുവദിച്ചില്ല. റോഡ്, സംരക്ഷണഭിത്തി, പാലത്തിന്റെ കൈവരി തുടങ്ങിയ നവീകരണങ്ങള്‍ക്കായി 87 ലക്ഷത്തിന്റെ പദ്ധതി സര്‍ക്കാരില്‍ സമര്‍പ്പിച്ചെങ്കിലും അനുമതി ആയിട്ടില്ല. ആറിന്റെ ഇരുകരകളിലും അനുബന്ധ റോഡ് ഒലിച്ചുപോയതിനാല്‍ നാട്ടുകാര്‍ മണല്‍ചാക്കടുക്കിയാണ് താത്കാലിക വഴി ഒരുക്കിയത്.
ഇതിനിടയില്‍ കേന്ദ്രസംഘം എരുമേലിയിലെത്തി പരിശോധന നടത്തി മടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here