ജലസേചന വകുപ്പ്കാന്റീനും പൂട്ടി ; പെരുവണ്ണാമൂഴിയിലേക്കു വരുന്നവര്‍ ഭക്ഷണവും കരുതണം

0
5
അടച്ചിട്ടിരിക്കുന്ന പെരുവണ്ണാമൂഴിയിലെ ഏക ഭക്ഷണ ശാലയായ ജലസേചന
വകുപ്പിന്റെ കാന്റീന്‍.

പേരാമ്പ്ര: ജില്ലയിലെ അറിയപ്പെടുന്ന ടൂറിസ്റ്റു കേന്ദ്രമായ പെരുവണ്ണാമൂഴിയിലേക്കു വരുന്ന ടൂറിസ്റ്റുകള്‍ പൊതിച്ചോര്‍ കരുതിയില്ലെങ്കില്‍ പട്ടിണി കിടക്കേണ്ടി വരും. ഏക ഭക്ഷണശാലയായ കെ.വൈ.ഐ.പി കാന്റീനും പൂട്ടിയിരിക്കുന്നു. വര്‍ഷം തോറും ലേലത്തില്‍ പിടിക്കുന്നവരാണിതിന്റെ നടത്തിപ്പ്. കാലാവധി കഴിഞ്ഞതിനാല്‍ നടത്തിക്കൊണ്ടിരുന്നവര്‍ പ്രവര്‍ത്തനം നിര്‍ത്തി താക്കോലേല്‍പ്പിച്ചു സ്ഥലം വിട്ടു. പുതിയ ലേലം വെച്ചിട്ടു എടുക്കാന്‍ ആളിനെയും കിട്ടുന്നില്ല. ഉയര്‍ന്ന നിരക്കിലുള്ള ലേല തുകയാണു നിശ്ചയിച്ചിരിക്കുന്നതെന്നതാണു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇതു കുറക്കാതെ കാന്റീന്‍ എടുക്കാന്‍ ആളെ കിട്ടുകയില്ലെന്ന സ്ഥിതി സംജാതമായിരിക്കുകയാണ്. കുറ്റ്യാടി ജലസേചന വകുപ്പധികൃതരാണു ടൂറിസ്റ്റു കേന്ദ്രത്തിന്റെ നടത്തിപ്പുകാര്‍. ചുറ്റും സര്‍ക്കാര്‍ സ്ഥലമാണെന്നതിനാല്‍ സ്വകാര്യ സംരംഭകര്‍ക്കു പെരുവണ്ണാമൂഴിയുമായി ബന്ധപ്പെട്ടു ഭോജന ശാലകള്‍ ആരംഭിക്കാനാവുകയുമില്ല. നിത്യവും ധാരാളം സന്ദര്‍ശകര്‍ എത്തുന്ന മേഖലയാണു പെരുവണ്ണാമൂഴി ടൂറിസ്റ്റു കേന്ദ്രം. തിന്നുകയുമില്ല തീറ്റുകയുമില്ല എന്ന അധികൃത നിലപാടാണ് ഈ ടൂറിസ്റ്റു കേന്ദ്രത്തിന്റെ അധോഗതിക്കു കാരണമാകുന്നത്. വകുപ്പു മന്ത്രിയും സ്ഥലത്തെ മന്ത്രിയും ഉദ്യോഗസ്ഥ പടയും ഇവിടെ വന്നു തമ്പടിച്ചു പെരുവണ്ണാമൂഴിയുടെ വികസനത്തെക്കുറിച്ചു ആലോചനയും ചര്‍ച്ചയും നടത്തിയിട്ടു കാലം അധികമായിട്ടില്ല. പച്ച വെള്ളം കുടിക്കണമെങ്കില്‍ ഡാമിലെ വെള്ളം കോരിക്കുടിക്കേണ്ട ഗതികേടാണു സന്ദര്‍ശകര്‍ക്കിപ്പോഴുള്ളത്. രാത്രിയായാല്‍ പൂര്‍ണ്ണ അന്ധകാരവുമാണിവിടെ.

LEAVE A REPLY

Please enter your comment!
Please enter your name here