മന്ത്രി മാത്യു ടി. തോമസിനെതിരെ പാര്‍ട്ടിക്കുള്ളില്‍ പടനീക്കം

0
30

സന്തോഷ് സദാശിവമഠം
തിരുവല്ല ; ജലസേചന വകുപ്പ് മന്ത്രിയും മുന്‍ സംസ്ഥാന അധ്യക്ഷനുമായ മാത്യു ടി തോമസിനെതിരെ ജനതാദള്‍(എസ്) ല്‍ അണിയറ നീക്കം ശക്തം. എംഎല്‍എമാരായ കെ. കൃഷ്ണന്‍ കുട്ടിയുടെയും സികെ നാണുവിന്റെയും നേതൃത്വത്തിലുള്ള വിഭാഗമാണ് മാത്യു ടി തോമസിനെതിരെ ചരട് വലിക്കുന്നത്. മാത്യു ടിയെ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കി പകരം കെ. കൃഷ്ണന്‍ കുട്ടിയെ തല്‍സ്ഥാനത്ത് അവരോധിക്കണമെന്നാണ് ഇവരുടെ ആവശ്യം. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ദേവഗൗഡയുടെ പിന്തുണയും കൃഷ്ണന്‍ കുട്ടി വിഭാഗത്തിനാണ്.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്റെ ശക്തമായ പിന്തുണ മാത്യു ടി തോമസിന് ഉണ്ട്. ഇക്കുറി അദ്ദേഹം മന്ത്രിയായതും ആ പിന്തുണയുടെ കരുത്തിലാണ്. ജനതാദള്‍ എസിന് നിയമസഭയില്‍ മത്സരിക്കാന്‍ ‘വാരിക്കോരി’ സീറ്റ് നല്‍കിയതും പിണറായിയുടെ പ്രത്യേക താല്‍പര്യ പ്രകാരമായിരുന്നു.

2006 ലാണ് മാത്യു ടി തോമസ് ആദ്യമായി മന്ത്രിയായത്. എന്നാല്‍ മൂന്ന് വര്‍ഷത്തിന് ശേഷം രാജി വച്ചു. ജനാതാദളിലെ തന്നെ മറ്റൊരു എംഎല്‍എയായ ജോസ് തെറ്റയിലിന് മന്ത്രിയാകാന്‍ വേണ്ടിയാണ് അന്ന് രാജി വച്ചത്.

എന്നാല്‍ ഇക്കുറി അതാവര്‍ത്തിക്കാന്‍ പിണറായി സമ്മതിക്കില്ല. കാരണം, മന്ത്രി സഭയില്‍ പിണറായിയുടെ വിശ്വസ്ഥനാണ് മാത്യു ടി തോമസ്. കൂടാതെ മാര്‍ത്തോമ്മാ സഭയില്‍ നിന്നുള്ള ഏക പ്രതിനിധിയുമാണ്. മറ്റൊരു മാര്‍ത്തോമ്മാക്കാരനായ തോമസ് ചാണ്ടി മന്ത്രിസഭയില്‍ അംഗമായിരുന്നെങ്കിലും കായല്‍ കയ്യേറ്റ വിവാദത്തെ തുടര്‍ന്ന് രാജി വച്ചു. അതുകൊണ്ട് തന്നെ സഭയുമായുള്ള ബന്ധം നിലനിര്‍ത്താന്‍ മാത്യു ടി മന്ത്രിസഭയില്‍ വേണമെന്ന് പിണറായിക്ക് നിര്‍ബന്ധമുണ്ട്. മധ്യ തിരുവിതാംകൂറിലെ പ്രധാന വോട്ട് ബാങ്കാണ് മാര്‍ത്തോമ്മാ സഭ.

എന്നാല്‍, മന്ത്രി സ്ഥാനം കിട്ടിയില്ലെങ്കില്‍ പാര്‍ട്ടി പിളര്‍ത്താനുളള നീക്കത്തിലാണ് മറു വിഭാഗം. എംഎല്‍എമാരായ കെ. കൃഷ്ണന്‍ കുട്ടിയും സികെ നാണുവും നേതൃത്വം നല്‍കുന്ന പ്രബല വിഭാഗം എംപി വീരേന്ദ്രകുമാര്‍ നേതൃത്വം നല്‍കുന്ന ജനതാദളില്‍ ലയിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇക്കാര്യത്തില്‍ പല രഹസ്യ ചര്‍ച്ചകളും ഇതിനോടകം നടന്നു കഴിഞ്ഞു.

എന്നാല്‍ പാര്‍ട്ടി പിളരുന്നത് തടുക്കാന്‍ ഏത് വിധേനയും ദേവഗൗഡ ശ്രമിക്കും. അദ്ദേഹത്തിന്റെ മുമ്പിലുള്ള ഏക വഴി മാത്യു ടി തോമസിനെ മന്ത്രി സഭയില്‍ നിന്ന് പിന്‍വലിക്കുകയാണ്. എന്നാല്‍, ആ തീരുമാനം അംഗീകരിക്കാന്‍ മാത്യു ടി തയ്യാറാകുമോ എന്ന് കണ്ടറിയണം.

അതേസമയം ജനതാദള്‍ എസിലെ പ്രശ്‌നങ്ങള്‍ ആകാംക്ഷയോടെ വീക്ഷിക്കുന്നത് വീരേന്ദ്ര കുമാറിന്റെ നേതൃത്വത്തിലുള്ള ലോക് താന്ത്രിക് ജനതാദള്‍ ആണ്. ആ പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായ വര്‍ഗ്ഗീസ് ജോര്‍ജ്ജിനും നോട്ടമുള്ള മണ്ഡലമാണ് തിരുവല്ല. മുമ്പ് ഐക്യ ജനതാദള്‍ ആയിരുന്ന ഇദ്ദേഹം തിരുവല്ലയില്‍ മത്സരിച്ചിരുന്നതുമാണ്. അതുകൊണ്ട് തന്നെ മാത്യു ടി തോമസിനെതിരെയുള്ള എന്ത് നീക്കത്തിനും വേണ്ട പിന്തുണ വീരേന്ദ്ര കുമാറിന്റെ ജനതാദള്‍ ‘പുറത്ത് നിന്ന് ‘ നല്‍കും. എന്തായാലും തിരുവല്ല രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമായ നീക്കങ്ങളാകും വരും ദിവസങ്ങളില്‍ ഉണ്ടാവുക.

LEAVE A REPLY

Please enter your comment!
Please enter your name here