കീഴാറ്റൂര്‍ ബൈപാസ് നിര്‍മാണവുമായി കേന്ദ്രം മുന്നോട്ട്; ഏറ്റെടുത്ത ഭൂമിയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു; ബദല്‍ പാത സാധ്യത അടഞ്ഞു

0
6

കണ്ണൂര്‍ : കീഴാറ്റൂരില്‍ പ്രതിഷേധങ്ങളെ മറികടന്ന് ബൈപ്പാസ് നിര്‍മ്മാണ നടപടികളുമായി കേന്ദ്രം മുന്നോട്ട്. ഏറ്റെടുത്ത ഭൂമിയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഇതോടെ ബൈപ്പാസ് അലയ്ന്‍മെന്റില്‍ മാറ്റമില്ലെന്നുള്ള കാര്യത്തില്‍ വ്യക്തതയായി. ഭൂമിയുടെ രേഖകളുമായി ഉടമകള്‍ ഉടന്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. നഷ്ടപരിഹാരം അടക്കമുള്ള കാര്യങ്ങളിലേക്ക് നീങ്ങുന്നതിനാണ് ഈ നടപടി. ജനുവരി 11 വരെയാണ് രേഖകളുമായി ഹാജരാകാനുള്ള സമയം. ബദല്‍ പാതകള്‍ക്കായുള്ള സാധ്യത പരിഗണിക്കല്‍ ഒരു ഘട്ടം വരെ എത്തിയ ശേഷമാണ് കേന്ദ്രം നടപടികളുമായി മുന്നോട്ട് പോകുന്നത്.

വയലും തണ്ണീര്‍ത്തടങ്ങളും ഒഴിവാക്കി അലൈന്‍മെന്റ് പുതുക്കണമെന്ന് വയല്‍ക്കിളികളുടെയും ബി.ജെ.പി നേതാക്കളുടെയും ആവശ്യം പരിഗണിച്ച് കീഴാറ്റൂരില്‍ ബദല്‍ പാത സാധ്യത തേടാന്‍ സാങ്കേതിക സമിതിയെ നിയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. പാത കീഴാറ്റൂരിലൂടെ കടന്ന് പോകുന്നത് പാരിസ്ഥിതികാഘാതം ഉണ്ടാക്കുമെന്നും മറ്റ് ബദലുകള്‍ ഇല്ലെങ്കില്‍ മാത്രമേ ഈ അലൈന്‍മെന്റ് പരിഗണിക്കാവൂ എന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവും നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

കീഴാറ്റൂര്‍ വയല്‍ക്കിളി സമരത്തിനു സിപിഎം ഒഴികെയുള്ള എല്ലാ രാഷ്ട്രീയ കക്ഷികളും പിന്തുണ പ്രഖ്യാപിച്ചിരുന്നു. നൂറു മീറ്റര്‍ പോലും വീതിയില്ലാത്ത വയല്‍ നികത്തി ദേശീയപാത നിര്‍മിച്ചാല്‍ അതു പരിസ്ഥിതിക്ക് ദോഷം ചെയ്യുമെന്നും ബദല്‍ മാര്‍ഗങ്ങള്‍ ചിന്തിക്കണമെന്നുമായിരുന്നു സമിതി കേന്ദ്ര സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ട്. കീഴാറ്റൂരില്‍ ഒന്‍പത് ഹെക്ടര്‍ വയല്‍ ഉള്‍പ്പെടെ 12.22 ഹെക്ടര്‍ സ്ഥലമാണ് ഏറ്റെടുക്കുന്നത്. കടന്നു പോകുന്നിടങ്ങളില്‍ വയല്‍മേഖലയില്‍പെടുന്ന സ്ഥലമുടമകളായ എട്ടുപേര്‍ അലൈന്‍മെന്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു കോടതിയെ സമീപിച്ചിരുന്നു.

നെല്‍വയല്‍ നികത്തി ബൈപ്പാസ് പാത നിര്‍മ്മിക്കുന്നതിനെതിരേ ശക്തമായ പ്രതിഷേധമായിരുന്നു നേരത്തേ ഉയര്‍ന്നത്. നാട്ടുകാരുടെ നേതൃത്വത്തില്‍ നടന്ന സമരത്തിന് ബിജെപിയുടെ പിന്തുണ കൂടി കിട്ടിയതോടെ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തി വെയ്ക്കുകയും വിദഗ്ദ്ധ സമിതിയെ പഠിക്കാന്‍ നിയോഗിക്കുകയും ചെയ്തിരുന്നു. തളിപ്പറമ്പിലൂടെ കടന്നുപോകുന്ന ദേശീയപാത 45 മീറ്ററാക്കുമ്പോള്‍ ഉണ്ടാകുന്ന നഷ്ടം പരിഹരിക്കാന്‍ കുപ്പം-കീഴാറ്റുര്‍-കൂവോട്-കുറ്റിക്കോല്‍ ബൈപ്പാസ് ഉണ്ടാക്കാനുള്ള നിര്‍ദേശം ഉയര്‍ന്നപ്പോള്‍ തന്നെ നാട്ടുകാര്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here