ഏലക്ക വില ഉയരങ്ങളിലേക്ക്; കുരുമുളകിന് തിരിച്ചടി

0
24

കെ ബി ഉദയ ഭാനു

കൊച്ചി: ക്രിസ്തുമസ് അടുത്തതോടെ ഏലക്ക സംഭരിക്കാന്‍ ഇടപാടുകാര്‍ കാഴ്ച്ചവെച്ച മത്സരം വിലക്കയറ്റത്തിന് അവസരം ഒരുക്കി. നാളികേരോല്‍പ്പന്നങ്ങളുടെ വിലയില്‍ മാറ്റമില്ല, കൊപ്രയ്ക്ക് ഡിമാണ്ട് കുറഞ്ഞു. ടയര്‍ നിര്‍മ്മാതാക്കള്‍ റബര്‍ മാര്‍ക്കറ്റിലേയ്ക്ക് ശദ്ധതിരിച്ചു. അറബ് രാജ്യങ്ങളിലേയ്ക്കുളള ഷിപ്പ്‌മെന്റ്റ് മുന്നില്‍ കണ്ട് കയറ്റുമതിക്കാര്‍ ചുക്ക് സംഭരിച്ചു. വിദേശ ഓര്‍ഡറുകളുശട അഭാവം കുരുമുളകിന് തിരിച്ചടിയായി. കേരളത്തില്‍ സ്വര്‍ണ വില പവന് 400 രൂപ കുറഞ്ഞു.

ഏലക്ക ലേല കേന്ദ്രങ്ങളില്‍ വീണ്ടും തിളങ്ങി. പല ലേലങ്ങളിലും ഒരു ലക്ഷം കിലോയ്ക്ക് മുകളില്‍ ചരക്ക് ഇറങ്ങിയെങ്കിലും ഏലക്ക ആകര്‍ഷകമായ വിലയില്‍ നീങ്ങി. വിവിധ ലേല കേന്ദ്രങ്ങളില്‍ എത്തിയ ചരക്കില്‍ വലിയോരു പങ്കും ലേലം കൊണ്ടു. ക്രിസ്തുമസ് വേളയിലെ ഡിമണ്ട് മുന്‍ നിര്‍ത്തിയാണ് ആഭ്യന്തരവിദേശ വ്യാപാരികള്‍ ഉല്‍പ്പന്നം ശേഖരിച്ചു. വാരമധ്യം വണ്ടന്‍മേട്ടില്‍ നടന്ന ലേലത്തില്‍ മികച്ചയിനം ഏലക്ക കിലോ 1817 രൂപ വരെ കയറി. പല തോട്ടങ്ങളിലും കര്‍ഷകര്‍ കൂടുതല്‍ ശ്രദ്ധചെലുത്തി തുടങ്ങിയെങ്കിലും ഉല്‍പാദനം പതിവിലും ചുരുങ്ങിയതായാണ് വിവരം. യുറോപ്യന്‍ അന്വേഷണങ്ങള്‍ ശക്തമായാല്‍ ഏലക്ക മികവ് നിലനിര്‍ത്താം.

രാജ്യത്ത് വിവിധ പാചകയെണ്ണകളുടെ നിരക്ക് താഴ്ന്ന തലത്തില്‍ നീങ്ങിയത് നാളികേരോല്‍പ്പന്നങ്ങളുടെ മുന്നേറ്റത്തിന് തടസമായി. കൊച്ചിയില്‍ പാം ഓയില്‍ പിന്നിട്ടവാരം 6330 രൂപയില്‍ നിന്ന് 6200 രൂപയായി. ക്രിസ്തുമസ് ആവശ്യങ്ങള്‍ മുന്നില്‍ കണ്ട് ചെറുകിട ഉല്‍പാദകര്‍ വരും ദിനങ്ങളില്‍ തേങ്ങയും കൊപ്ര വില്‍പ്പനയ്ക്ക് ഇറക്കാന്‍ ഇടയുണ്ട്. ഈസ അവസരത്തില്‍ വെളിച്ചെണ്ണയ്ക്ക് ഡിമാണ്ട് ഉയര്‍ന്നില്ലെങ്കില്‍ വിലയില്‍ ചാഞ്ചാട്ടം അനുഭവപ്പെടും.

വെളിച്ചെണ്ണ വില ഉയര്‍ത്താന്‍ തമിഴ്‌നാട്ടിലെ വ്യവസായികള്‍ നടത്തിയ നീക്കം ലക്ഷ്യത്തിലെത്തിയില്ല. നാളികേര കൃഷിക്ക് ചുഴലിക്കാറ്റ് മൂലം വ്യാപക നാശം സംഭവിച്ചത് ഉയര്‍ത്തി പിടിച്ചാണ് അവര്‍ എണ്ണ വില ഉയര്‍ത്താന്‍ നീക്കം നടത്തിയത്. കാങ്കയം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വ്യവസായികളുടെ നീക്കം പക്ഷേ വിജയിച്ചില്ല. ഉയര്‍ന്ന വിലയ്ക്ക് കൊപ്ര ശേഖരിക്കാന്‍ മില്ലുകാര്‍ തയ്യാറായില്ല. വ്യവസായികളുടെ ഈ നിലപാട് അവര്‍ക്ക് തന്നെ തിരിച്ചടിയായി. കാങ്കയത്ത് എണ്ണ വില 13,550 രൂപയാണ്. കൊച്ചിയില്‍ എണ്ണ 13,800 രൂപയിലും കൊപ്ര 9225 രൂപയിലും ക്ലോസിങ് നടന്നു. മാസാരംഭ ഡിമാണ്ടിനെ ഉറ്റ് നോക്കുകയാണ് വിപണി.

തെക്കന്‍ കേരളത്തില്‍ മൂപ്പ് കുറഞ്ഞ കുരുമുളക് വിളവെടുപ്പ് പുരോഗമിക്കുന്നു. ഹെറേഞ്ചില്‍ നിന്ന് ടെര്‍മിനല്‍ മാര്‍ക്കറ്റിലേയ്ക്കുള്ള ചരക്ക് വരവ് കുറവാണ്. ഉത്തരേന്ത്യന്‍ ആവശ്യം കുറഞ്ഞ് മുലം മുളക് വില പിന്നിട്ട വാരം 800 രൂപ താഴ്ന്നു. കാര്‍ഷിക മേഖലകളില്‍ നിന്നുള്ള ചരക്ക് വരവ് കുറഞ്ഞ അളവിലാണ്.

കുരുമുളക് വിറ്റഴിക്കാന്‍ ഉല്‍പാദന രാജ്യങ്ങള്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഉത്സാഹിച്ചു. പുതുവര്‍ഷം വരെയുള്ള ആവശ്യത്തിന് വേണ്ടി മുളക് ശേഖരിക്കുന്ന തിരക്കിലാണ് യുറോപ്യന്‍ രാജ്യങ്ങള്‍. ബ്രസീലും ഇന്ത്യോനേഷ്യയും വിയെറ്റ്‌നാമും വില്‍പ്പനക്കാരായി രംഗത്തുണ്ട്. ഇന്ത്യന്‍ മുളക് വില ടണ്ണിന് 5825 ഡോളറാണ്. ഇതര ഉല്‍പാദന രാജ്യങ്ങള്‍ 25003500 ഡോളറിന് കുരുമുളക് വാഗ്ദാനം ചെയ്തു. കൊച്ചിയില്‍ അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് 36,800 രൂപ.

അറബ് രാജ്യങ്ങളുടെ വരവ് ചുക്ക് വിപണിയെ സജീവമാക്കി. തണുപ്പ് ശക്തമായതോടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ചുക്കിന് ഡിമാണ്ട് വര്‍ധിച്ചു. കയറ്റുമതി മേഖലയില്‍ നിന്നും ചുക്കില്‍ ആവശ്യകാരുണ്ട്. വിവിധ വിദേശ രാജ്യങ്ങളില്‍ നിന്ന് ചുക്കിന് ഓര്‍ഡറുണ്ട്. പുതിയ ചുക്ക് കൊച്ചിയില്‍ വില്‍പ്പനയ്ക്ക് എത്തി. കൊച്ചിയില്‍ വിവിധയിനം ചുക്ക് 19,50020,500 രൂപയില്‍ വ്യാപാരം നടന്നു.

ഉത്തരേന്ത്യയിലെ ചെറുകിട വ്യവസായികളും ടയര്‍ കമ്പനികളും റബറിലേയ്ക്ക് ശ്രദ്ധതിരിച്ചത് നിരക്ക് അല്‍പ്പം ഉയര്‍ത്തി. റബര്‍ ടാപ്പിങ് പുരോഗമിക്കുന്നതിനാല്‍ ഉല്‍പാദകര്‍ ചരക്ക് വില്‍പ്പനയ്ക്ക് ഇറക്കുന്നുണ്ട്. ക്രിസ്തുമസ് ആവശ്യങ്ങള്‍ മുന്നില്‍ കണ്ട് ഇനിയുള്ള ദിവസങ്ങളില്‍ കര്‍ഷകരും സ്ഗറ്റാക്കിസ്റ്റുകള്‍ കുടുതല്‍ ചരക്ക് വിലപ്പനയ്ക്ക് ഇറക്കാന്‍ ഉഇടയുണ്ട്. നാലാം ഗ്രേഡ് 11,900 രൂപയിലും അഞ്ചാം ഗ്രേഡ് 11,300 രൂപയിലുമാണ്.

സ്വര്‍ണ വില പവന് 400 രൂപ താഴ്ന്നു. 22,920 രൂപയിയില്‍ വില്‍പ്പനയ്ക്ക് തുടക്കം കുറിച്ച പവന്‍ ശനിയാഴ്ച്ച വ്യാപാരം അവസാനിക്കുമ്പോള്‍ 22,520 രൂപയിലാണ്. ഒരു ഗ്രാമിന് വില 2815 രൂപ. ലണ്ടനില്‍ ട്രോയ് ഔണ്‍സിന് സ്വര്‍ണ വില 1222 ഡോളര്‍.

LEAVE A REPLY

Please enter your comment!
Please enter your name here