കേരള ജെം ആന്‍ഡ് ജ്വല്ലറി മേളയ്ക്ക് തുടക്കം; 350 സ്റ്റാളുകള്‍; ആഭരണങ്ങളുടെ വന്‍ശേഖരം

0
115

കൊച്ചി: രാജ്യാന്തര ആഭരണ വിപണിയുടെ പ്രൗഢിയും ആഭരണ നിര്‍മ്മാണ രംഗത്തെ അത്യന്താധുനിക സാങ്കേതിക വിദ്യകളും, കലാവൈദഗ്ധ്യവും വിളംബരം ചെയ്തുകൊണ്ട് ഒമ്പതാമത് കേരള ജെം ആന്‍ഡ് ജ്വല്ലറി ഷോ ( കെജിജെഎസ് 2018) ന് കൊച്ചി അഡ്ലക്സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്സിബിഷന്‍ സെന്ററില്‍ തുടക്കം. രാജ്യമൊട്ടുക്കുമുള്ള ആഭരണ ആര്‍ട്ടിസന്‍മാരും, ഉല്‍പാദകരും, വ്യാപാരികളും, കയറ്റുമതിക്കാരും, ജ്വല്ലറി സാങ്കേതികവിദ്യാ വിദഗ്ദ്ധരും മൂന്ന് ദിവസത്തെ വ്യാപാര മേളയില്‍ പങ്കെടുക്കുന്നു.

മേളയുടെ ഉത്ഘാടനം കൃഷിമന്ത്രി ശ്രീ. വി.എസ് സുനില്‍കുമാര്‍ നിര്‍വ്വഹിച്ചു. അങ്കമാലി എം.എല്‍.എ. ശ്രീ. റോജി എം. ജോണ്‍, കെ.ജി.ജെ.എസ് ഡയറക്ടറും, കെ.എന്‍.സി സര്‍വീസസ് സി.ഇ.ഒ.യുമായ ക്രാന്തി നഗ്വേക്കര്‍, കെജിജെഎസ് ഡയറക്ടറും, എഒജെ മീഡിയ മാനേജിംഗ് ഡയറക്ടറുമായ സുമേഷ് വദേര, കെജിജെഎസ് ഡയറക്ടറും പിവിജെ എന്‍ഡേവേഴ്സ് ചെയര്‍മാനുമായ പി.വി ജോസ്, ഓള്‍ ഇന്ത്യ ജെം ആന്‍ഡ് ജ്വല്ലറി ഫെഡറേഷന്‍ വൈസ് ചെയര്‍മാന്‍ ശ്രീ. ആനന്ദ് പത്മനാഭന്‍, സ്വരോസ്‌കി മാനേജിങ്ങ് ഡയറക്ടര്‍ ശ്രീ. രാജേന്ദ്ര ജയിന്‍, എ.കെ.ജി.എസ്.എം.എ സംസ്ഥാന പ്രസിഡന്റ് ശ്രീ. ജസ്റ്റിന്‍ പാലത്തറ, സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീ. നടേശന്‍, മദ്രാസ് ജ്വല്ലേഴ്സ് ആന്‍ഡ് ഡയമണ്ട് മര്‍ച്ചന്‍സ് അസോസിയോഷന്‍ പ്രസിഡന്റ് ജയന്തിലാല്‍ ചെല്ലാനി എന്നിവര്‍ ഉല്‍ഘാടന ചടങ്ങില്‍ സംസാരിച്ചു.

എ.ഒ.ജെ മീഡിയ, ജ്വല്ലറി വ്യാപാര കണ്‍സള്‍ട്ടേഷന്‍ രംഗത്ത് പ്രശസ്തമായ പിവിജെ എന്‍ഡേവേഴ്സ്, പ്രശസ്ത എക്സിബിഷന്‍ സംഘാടകരായ കെഎന്‍സി സര്‍വീസസ് എന്നിവരാണ് വ്യാപാര മേളയുടെ സംഘാടകര്‍. കേരളത്തിലും വിവിധ സംസ്ഥാനങ്ങളിലും ജ്വല്ലറി രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകളുടെയും, അന്താരാഷ്ട്ര സംഘടനകളുടെയും പിന്തുണയോടെയാണ് മേള സംഘടിപ്പിക്കുന്നത്.

മുന്നൂറ്റി അന്‍പതോളം സ്റ്റാളുകളാണ് വ്യാപാര മേളയിലുള്ളത്. രത്നങ്ങളുടെയും, ആഭരണങ്ങളുടെയും കമനീയ കലവറ തീര്‍ത്തുകൊണ്ടാണ് ഇരുന്നൂറ്റി അന്‍പതോളം സ്റ്റാളുകള്‍. റോസ്ഗോള്‍ഡ്, പിങ്ക് ഗോള്‍ഡ്, വൈറ്റ് ഗോള്‍ഡ് എന്നീ നിറങ്ങളിലുള്ള പ്രത്യേക ആഭരണങ്ങള്‍, പ്ലാറ്റിനം ജ്വല്ലറികള്‍, റൂബി, എമറാള്‍ഡ്, ഇന്ദ്രനീലം, പുഷ്യരാഗം എന്നീ രത്നാഭരണങ്ങള്‍, പേള്‍, കോറല്‍ മാലകള്‍, കരിമണി മാലകള്‍, നവരത്ന പണിത്തരങ്ങള്‍, പ്രഷ്യസ് & സെമി പ്രഷ്യസ് ആഭരണങ്ങള്‍, കൂടാതെ വജ്രാഭരണങ്ങളുടെ വന്‍ ശേഖരങ്ങള്‍, അണ്‍കട്ട് ആഭരണങ്ങള്‍, നഗാസ്, കുന്തന്‍, ചകറി സ്റ്റോണ്‍സ്, ജുനഗഢ് മീനാകാരി ഇനാമല്‍ പണിത്തരങ്ങള്‍, ഇതിനെല്ലാം പുറമെ കേരളത്തിന്റെ തനതായ ആഭരണങ്ങളായ ലൈറ്റ്വെയ്റ്റ് ഫാന്‍സി ആഭരണങ്ങള്‍, പാലക്ക, നാഗപടം, പൂത്താലി, കാശ്മാല, അഷ്ടലക്ഷ്മി, മുല്ലമൊട്ട്, മാങ്ങാമാല, താലിക്കൂട്ടം, ചന്ദ്രമിന്നി, പതക്കം, പവിത്രക്കെട്ട്, ജിമിക്കി തുടങ്ങിയ ആഭരണങ്ങള്‍, കയറുപിരി, മുടിച്ചി, ചെത്തരഞ്ഞാണം തുടങ്ങിയ ഹാന്‍ഡ് മെയ്ഡ് ചെയിനുകള്‍ എന്നിങ്ങനെ പലതരത്തിലുള്ള ആഭരണങ്ങളുടെ വന്‍ ശേഖരങ്ങള്‍ ഈ എക്സിബിഷന്റെ മുതല്‍ക്കൂട്ടാണ്.

ലോകത്തിന്റെ വിവിധ വിഭാഗങ്ങളില്‍ നിന്നെത്തുന്ന സ്വര്‍ണാഭരണങ്ങള്‍,രത്നാഭരണങ്ങള്‍, എന്നിവ കേരളത്തിലെ ആഭരണ നിര്‍മ്മാതാക്കള്‍ക്കും വ്യാപാരികള്‍ക്കും നേരില്‍ കാണാനും വിലയിരുത്താനുമുള്ള അവസരമാണ് സമ്മേളനം ഒരുക്കിയുട്ടുള്ളതെന്ന് കെ.ജി.ജെ.എസ് ഡയറക്ടറും, കെ.എന്‍.സി സര്‍വീസസ് സി.ഇ.ഒ.യുമായ ക്രാന്തി നഗ്വേക്കര്‍ പറഞ്ഞു. ജ്വല്ലറി രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ ഏറ്റവും വലിയ വ്യാപാര വ്യവസായ സമ്മേളനമാണിത്. കേരളത്തിന്റെ തനതായ പരമ്പരാഗത ആഭരണങ്ങള്‍ക്ക് വലിയ വിപണികള്‍ കണ്ടെത്താനുള്ള കൂട്ടായ്മകള്‍ക്കും സമ്മേളനം സഹായകമാകും.

ഇറ്റാലിയന്‍, ടര്‍ക്കി, സിംഗപ്പൂര്‍, മലേഷ്യ ഡിസൈനുകളുടെ സ്റ്റാളുകളും, ദക്ഷിണേന്ത്യയിലേയും ഉത്തരേന്ത്യയിലേയും ടെമ്പിള്‍ കളക്ഷനുകളും വ്യാപാര മേളയിലെ മനം കവരുന്ന കാഴ്ചകളാണ്. കല്‍ക്കട്ട, രാജ്കോട്ട്, അഹമ്മദാബാദ്, മുംബൈ, ജയ്പൂര്‍, ഹരിയാന, ചെന്നൈ, ബാംഗ്ലൂര്‍ എന്നിവടങ്ങളിലെ ആര്‍ട്ടിസന്‍സും, വ്യാപാരികളും ഒരുക്കുന്ന സ്റ്റാളുകളാണ് മേളയിലെ മറ്റൊരു പ്രധാന ആകര്‍ഷണമെന്ന് കെജിജെഎസ് ഡയറക്ടറും, എഒജെ മീഡിയ മാനേജിംഗ് ഡയറക്ടറുമായ സുമേഷ് വദേര പറഞ്ഞു.

ജ്വല്ലറി സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ തുലാസുകള്‍, കറന്‍സി കൗണ്ടിങ്ങ് മെഷീനുകള്‍, ജ്വല്ലറി പാക്കിങ്ങ് ബോക്സുകള്‍, നിര്‍മ്മാണത്തിനാവശ്യമായ മെഷീനറികള്‍, ടൂളുകള്‍, അലോയികള്‍ തുടങ്ങി എല്ലാ സങ്കേതിക വിദ്യകളും ഈ എക്സിബിഷന്‍ ഒരുക്കുന്നു. നിര്‍മ്മാണ ഉപകരണങ്ങളുടെയും യന്ത്രങ്ങളുടെയും പ്രത്യേക പവലിയനില്‍ നൂറോളം സ്റ്റാളുകള്‍ സജ്ജമാണ്. ഉപകരണങ്ങളില്‍ ബഹുഭൂരിപക്ഷവും ജര്‍മനി, ഇറ്റലി, ഫ്രാന്‍സ്, സ്വീഡന്‍ എന്നീ രാജ്യങ്ങളില്‍ നിര്‍മ്മിച്ചവയാണ്. ഈ മേഖലയിലെ സാങ്കേതിക വികാസങ്ങളെ പറ്റി അറിയാനും പഠിക്കാനും പവലിയനുകളും, സെമിനാറുകളും, ശില്‍പശാലകളും ഉള്‍ക്കൊള്ളുന്ന വിശാലമായ സൗകര്യങ്ങളാണ് മേളയിലുള്ളതെന്ന് പിവിജെ എന്‍ഡേവേഴ്സ് ചെയര്‍മാന്‍ പി.വി ജോസ് പറഞ്ഞു.

പരമ്പരാഗത ഡിസൈനുകളും, ഡിസൈനര്‍മാരുടെ തനതായ സൃഷ്ടികളും അണിഞ്ഞ് മേളയുടെ ഒന്നാം ദിവസം പ്രശസ്ത മോഡലുകള്‍ റാംപില്‍ ചുവടുവച്ചു. വിവിധ ജില്ലകളില്‍ നിന്നായി സ്വര്‍ണ്ണ ആഭരണ വ്യാപാരവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ് ബി ടു ബി സമ്മേളനത്തില്‍ പ്രതിനിധികളായി പങ്കെടുക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here