ബൈക്കില്‍ കര്‍ണാടകയിലേക്കു പോയ കുറ്റ്യാടി സ്വദേശിയെ കാണാതായ സംഭവം: തെരച്ചില്‍ തുടരുന്നു

0
7

കോഴിക്കോട്: കര്‍ണാടകയിലേക്ക് ബൈക്കില്‍ പുറപ്പെട്ട കുറ്റ്യാടി സ്വദേശിയെ കാണാതായ സംഭവം പ്രത്യേക സ്‌ക്വാഡ് അന്വേഷിക്കും. സൗത്ത് അസി.കമ്മീഷണര്‍ അബ്ദുള്‍ റസാഖിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. അതേസമയം അസി.കമ്മീഷണര്‍ ഇപ്പോള്‍ ശബരിമല ഡ്യൂട്ടിയിലാണ്. പകരം ട്രാഫിക് സൗത്ത് അസി.കമ്മീണര്‍ക്കാണ് ചാര്‍ജ്ജ്. വരും ദിവസങ്ങളില്‍ പ്രത്യേക സ്‌ക്വാഡ് സന്ദീപിന്റെ തിരോധാനം സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.കോഴിക്കോട് പാലാഴിയിലെ സ്വകാര്യ കമ്പനിയിലെ മാര്‍ക്കറ്റിംഗ് മാനേജരായ സന്ദീപ് നവംബര്‍ 24ന് പാലാഴിയിലെ ഫ്‌ളാറ്റില്‍ നിന്ന് യാത്ര തിരിച്ചതാണ്. രണ്ടു ദിവസത്തിന് ശേഷവും സന്ദീപ് വീട്ടിലെത്താതിരുന്നതിനെ തുടര്‍ന്ന് ഭാര്യ ഷിജി നല്ലളം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.തുടര്‍ന്ന് കര്‍ണാടക പോലീസിന്റെ സഹാത്തോടെ നടത്തിയ അന്വേഷണത്തില്‍ സന്ദീപിന്റെ ബൈക്കും ഹെല്‍മറ്റും വാച്ചും ബാഗും ചിക്കമംഗളുരു ജില്ലയിലെ ശൃംഗേരികൊപ്പ റൂട്ടിലെ എന്‍ആര്‍പുരയില്‍ നിന്ന് കണ്ടെത്തിയിരുന്നു.
നദിക്ക് സമീപമുളഅള ബസ് വെയ്റ്റിംഗ് ഷെഡിന് സമീപത്തായി ബൈക്ക് നിര്‍ത്തിയിട്ട നിലയിലായിരുന്നുള്ളത്. ബസ് വെയ്റ്റിംഗ് ഷെഡിന്റെ ഒരു കിലോമീറ്റര്‍ മുമ്പുവരെ സന്ദീപ് ബൈക്ക് ഓടിച്ചു പോകുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിട്ടുണ്ടെന്ന് പോലീസ് പറയുന്നു.
എന്നാല്‍ അതിനുശേഷം ബൈക്ക് നിര്‍ത്തിയിട്ട സ്ഥലത്ത് എത്തുന്നത് വരെ എന്തു സംഭവിച്ചു. എന്നതിനെക്കുറിച്ച് ഒരു വിവരവുമില്ല. വാച്ചിന്റെ സ്ട്രാപ്പും ചില്ലും തകര്‍ന്നിരുന്നു. മുങ്ങല്‍ വിദഗ്ധരും അഗ്നിശമന സേനാംഗങ്ങളും നദിയില്‍ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല. സന്ദീപിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയെങ്കിലും കൂടുതല്‍ തെളിവുകള്‍ ലഭിച്ചിട്ടില്ല.
യാത്രയില്‍ സന്ദീപിന്റെ കൈവശമുള്ള വസ്തുക്കള്‍ തട്ടിയെടുക്കാനുള്ള ശ്രമമാണോയെന്ന സംശയത്തിലായിരുന്നു പോലീസ്. മാവോയിസ്റ്റ് സാന്നിധ്യമില്ലാത്ത സ്ഥലമായതിനാല്‍ അത്തരത്തിലുള്ള ആക്രമണ സാധ്യതയും പോലീസ് തള്ളി. സന്ദീപ് സ്വര്‍ണവുമായി പോയിരിക്കാമെന്ന് കരുതിയാണോ ആക്രമിച്ചെതെന്ന സംശയത്തിലും അന്വേഷണം നടത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here