ഭാര്യയെ ആക്രമിക്കാന്‍ പാഞ്ഞടുത്ത കാട്ടുപന്നിയെ അടിച്ചു കൊന്ന വിമുക്ത ഭടനെതിരെ കേസെടുത്ത് വനംവകുപ്പ്

0
5

പേരാമ്പ്ര: വീട്ടു പരിസരത്ത് തുണി അലക്കി കൊണ്ടിരുന്ന വീട്ടമ്മയെ അക്രമിക്കാന്‍ പാഞ്ഞടുത്ത കാട്ടുപന്നിയെ അടിച്ചു കൊന്നതിനെതിരെ ഭര്‍ത്താവിനെതിരെ കേസെടുത്ത് വനം വകുപ്പ്. ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ മുതുകാട്ടില്‍ കഴിഞ്ഞ പത്തൊന്‍പതാം തിയതി പകലാണു സംഭവം. മേഖലയിലെ ഒരു കര്‍ഷകന്റെ കൃഷിയിടത്തിലെ കിണറ്റില്‍ കാട്ടുപന്നി വീണതാണു പ്രശ്‌നത്തിന്റെ തുടക്കം. പെരുവണ്ണാമൂഴി വനം വകുപ്പിനെ നാട്ടുകാര്‍ വിവരമറിയിച്ചു. ഇവരെത്തി ഇതിനെ കയര്‍ കെട്ടി കരക്കു കയറ്റിയെങ്കിലും ഉദ്യോഗസ്ഥരെ വെട്ടിച്ചു കാട്ടുപന്നി രക്ഷപെട്ടു. ഈ പോക്കിനിടയിലാണു വീട്ടമ്മയെ ആക്രമിക്കാന്‍ തുനിഞ്ഞത്. ഇതു കണ്ടു തടയാന്‍ ശ്രമിച്ച ഭര്‍ത്താവ് കൊമ്മറ്റത്തില്‍ജയിംസിനു കൈയ്യില്‍ കിട്ടിയത് വീട്ടുമുറ്റത്തുണ്ടായിരുന്ന കോടാലിയാണ്. ഇതു കൊണ്ടടിച്ചു വീഴ്ത്തി വിമുക്തഭടനായ ഭര്‍ത്താവ് കാട്ടു പന്നിയില്‍ നിന്നു ഭാര്യയെ രക്ഷിക്കുകയായിരുന്നു. പന്നിയെ അന്വേഷിച്ചു പിന്നാലെയെത്തിയ വനം വകുപ്പധികൃതര്‍ വിവരമറിഞ്ഞു. പരിശോധനയില്‍ കാട്ടുപന്നി ചത്തതായി അവര്‍ മനസിലാക്കി. പന്നിയുടെ ജഢം വാഹനത്തില്‍ കയറ്റിക്കൊണ്ടു പോയ വനപാലകര്‍ ജയിംസിനെയും ഒപ്പം അനുനയിപ്പിച്ചു കൊണ്ടു പോകുകയായിരുന്നു. ഇങ്ങനെ ഒരു സന്ദര്‍ഭത്തില്‍ ആരായാലും ചെയ്തു പോകുന്ന കാര്യമേ ചെയ്തിട്ടുള്ളുവെന്നും പറഞ്ഞ് ജയിംസിനെ അവര്‍ ആശ്വസിപ്പിച്ചു. വനപാലകരെ വിശ്വസിച്ചു അദ്ദേഹം ഒപ്പം പോയി. വീട്ടില്‍ അന്നു വൈകീട്ടു നടക്കുന്ന ഒരു ചടങ്ങില്‍ പോകണമെന്നു പറഞ്ഞപ്പോള്‍ 21 നു ഹാജരാകണമെന്ന നിബന്ധനയോടെ ജയിംസിനെ പോകാന്‍ അനുവദിച്ചു. എന്നാല്‍ ഇദ്ദേഹം ഹാജരായില്ല. ഇതിനിടയില്‍ കാട്ടു പന്നിയെ ആക്രമിച്ചു കൊന്നെന്ന കുറ്റം ചുമത്തി കേസെടുക്കാന്‍ വനപാലകര്‍ നീക്കം നടത്തുന്ന കാര്യം ജയിംസറിഞ്ഞു. ഇദ്ദേഹത്തെ പിടിക്കാനായി നിയമ പാലകര്‍ വീടു വളഞ്ഞെങ്കിലും ജയിംസിനെ കണ്ടെത്താനായില്ല. സംഭവത്തെക്കുറിച്ചു വിവരം തിരക്കിയപ്പോള്‍ അയാളെ കാണാനില്ലെന്നും കാട്ടുപന്നിയെ കൊന്നതിനു ജെയിംസിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഡപ്യൂട്ടി റെയ്ഞ്ചര്‍ പറഞ്ഞു. മാസങ്ങള്‍ക്കു മുമ്പ് തയ്യില്‍ ജയ് മോനെന്ന യുവാവിനെ കേസില്‍ കുരുക്കിയ മാതൃകയില്‍ മറ്റൊരു കര്‍ഷകനെ കൂടി കേസില്‍ കുടുക്കി വലക്കാനാണു വനപാലകര്‍ ശ്രമിക്കുന്നതെന്നു കേരളാ കോണ്‍ഗ്രസ് (ജേക്കബ്) ജില്ലാ ജനറല്‍ സെക്രട്ടറി രാജന്‍ വര്‍ക്കി ആരോപിച്ചു. കാട്ടുപന്നിയെ ജനവാസ കേന്ദ്രത്തില്‍ വിട്ട വനപാലകര്‍ക്കെതിരെയാണു കേസെടുക്കേണ്ടത്. സ്വന്തം ഭാര്യയെ വന്യമൃഗത്തിന്റെ ആക്രമണത്തില്‍ നിന്നു രക്ഷിച്ച ഭര്‍ത്താവു കുറ്റാരോപിതനായി ഒളിവില്‍ കഴിയേണ്ടി വരുന്നത് നീതികരിക്കാനാവില്ല. ചില രാഷ്ട്രീയ നേതാക്കള്‍ സംഭവത്തില്‍ മുതലെടുക്കാന്‍ ശ്രമിക്കുമ്പോള്‍ കര്‍ഷകസംഘടനകള്‍ മൗനം പാലിക്കുന്നത് അവസാനിപ്പിക്കണമെന്നും രാജന്‍ വര്‍ക്കി ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here