ഉല്‍പാദനക്കുറവും വിലയിടിവും;കുരുമുളക് കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയില്‍; വില 300 രൂപ വരെയായി കുത്തനെ കുറഞ്ഞു

0
13

കൊച്ചി: ഉല്പാദനക്കുറവിനു പിന്നാലെ വില ഇടിയുക കൂടി ചെയ്തതോടെ കേരളത്തിലെ കുരുമുളക് കര്‍ഷകരുടെ മേല്‍ ദുരിതപ്പെയ്ത്ത്. കഴിഞ്ഞ വര്‍ഷം ഒരു കിലോ കുരുമുളകിന് 800 രൂപ വില കിട്ടിയപ്പോള്‍ ഈ വര്‍ഷം 275 മുതല്‍ 300 രൂപ വരെയായി കത്തനെ കുറഞ്ഞു. കേരളത്തില്‍ ഗോഡൗണുകളില്‍ കൂട്ടിയിട്ടിരുന്ന കുരുമുളക് നല്ലൊരു ഭാഗം പ്രളയത്തില്‍ ഒഴുകിപ്പോവുകയും വയനാട് ജില്ലയിലെ കുരുമുളകു കൃഷി 90% വും നശിച്ചുപോവുകയും ചെയ്തത് കര്‍ഷകര്‍ക്ക് വലിയ തിരിച്ചടിയായി.
രാജ്യാന്തര വിപണിയില്‍ വിവിധ തരം കുരുമുളകിന്റെ വില കിലോഗ്രാമിന് 225-250 രൂപയാണെന്നിരിക്കെ 500 രൂപയില്‍ താഴ്ന്ന വിലയില്‍ കുരുമുളക് ഇറക്കുമതി ചെയ്യുന്നത് തടഞ്ഞുകൊണ്ട് ഡയറക്റ്റര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് കഴിഞ്ഞ ഡിസംബറില്‍ ഇറക്കിയ ഉത്തരവ് ഇന്ത്യയുടെ കുരുമുളക് കയറ്റുമതി വ്യവസായത്തെ വന്‍ പ്രതീക്ഷ നല്‍കിയിരുന്നെങ്കിലും വിപണിയില്‍ ഇത് പ്രതിഫലിച്ചില്ല. അതേസമയം കേരളത്തിലെ കഴിഞ്ഞ വര്‍ഷങ്ങളില്‍ അനുഭവപ്പെട്ട കനത്ത ചൂടും പ്രളയവും കാരണം കേരളത്തിലെ കുരുമുളക് ഉല്പാദനം മൂന്നില്‍ ഒന്നായി കുറഞ്ഞു. കുരുമുളക് കൂടുതലായി കൃഷി ചെയ്യുന്ന വയനാട്, കാസര്‍കോട് മുതലായ പ്രദേശങ്ങളില്‍ 1967ല്‍ ഭാരതം വികസിപ്പിച്ചെടുത്ത പന്നിയൂര്‍ ഒന്ന് പിന്നീട് വികസിപ്പിച്ചെടുത്ത രണ്ടു മുതല്‍ ഏഴ് വരെ ഉള്ള ഇനങ്ങളും ബാലന്‍ കോട്ട, കരിങ്കോട്ട മലബാര്‍ എക്സല്‍ കരിമുണ്ട മുതലായവയാണ് കൂടുതലായും കൃഷി ചെയ്തുവരുന്നത്. കാലാവസ്ഥ വ്യതിയാനവും ദ്യുത വാട്ടം പോലുള്ള രോഗങ്ങളും കേരളത്തില്‍ കറുത്ത പൊന്നിന്റെ ഉല്‍പ്പാദനം 40% ത്തിലേറെ കുറവുണ്ടായതായി കര്‍ഷകര്‍ പറയുന്നു.
വിയറ്റ്നാമില്‍ നിന്നു കുറഞ്ഞ വിലയ്ക്കു വാങ്ങുന്ന കുരുമുളകിന് ഇനി മുതല്‍ ശ്രീലങ്കയില്‍ ഉല്‍പാദിപ്പിച്ച കുരുമുളകിനുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കും. ഇതോടെ എട്ട് ശതമാനം ഇറക്കുമതി തീരുവയോടെ വിയറ്റ്നാം കുരുമുളക് ശ്രീലങ്കയുടേതെന്ന പേരില്‍ ഇന്ത്യന്‍ വിപണിയില്‍ എത്താന്‍ സാധ്യത ഏറുകയാണ്. കയറ്റുമതി ഇറക്കുമതി നയത്തില്‍ ശ്രീലങ്ക മാറ്റം വരുത്തിയിട്ടു മാസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂവെങ്കിലും തൂത്തുക്കുടി, ചെന്നൈ, കൃഷ്ണപട്ടണം തുറമുഖങ്ങളില്‍ വില കുറഞ്ഞ വിയറ്റ്നാം കുരുമുളക് എത്തിത്തുടങ്ങിയതായി വ്യാപാരികള്‍ പറയുന്നു.
വിയറ്റ്നാമില്‍ കിലോഗ്രാമിന് 200 രൂപയാണ് വിലയെങ്കില്‍ കേരളത്തില്‍ കുരുമുളകിനു നിലവില്‍ മാര്‍ക്കറ്റില്‍ അണ്‍ഗാര്‍ബിള്‍ഡിന് 380 രൂപയും ഗാര്‍ബിള്‍ഡിന് 400 രൂപയും വിലയുണ്ട്. സാഫ്ത കരാര്‍ പ്രകാരം ശ്രീലങ്കയില്‍ നിന്നുള്ള കുരുമുളക് എട്ടുശതമാനം തീരുവയോടെ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാം. ആസിയാന്‍ രാജ്യങ്ങളില്‍ നിന്നാണെങ്കില്‍ തീരുവ 52%.
വിയറ്റ്നാമില്‍ നിന്നു ടണ്ണിന് 2800 ഡോളറിനു വാങ്ങുന്ന കുരുമുളകിനു ശ്രീലങ്കന്‍ ഉല്‍പന്നമെന്ന സര്‍ട്ടിഫിക്കറ്റ് ചാര്‍ത്താന്‍ 700 ഡോളര്‍ ഫീസ് ഉണ്ട്. അതു ചേരുമ്‌ബോഴും വില ടണ്ണിന് 3500 ഡോളര്‍. എങ്കിലും ഈ കുരുമുളക് ഇന്ത്യയിലെത്തുമ്‌ബോള്‍ ആകെ വില കിലോഗ്രാമിന് 257 രൂപ മാത്രമാണ്.
കുരുമുളക് കര്‍ഷകരുടെ ദുരിതത്തിത് പരിഹാരം സംസ്ഥാന സര്‍ക്കാര്‍ കൊട്ടിഘോഷിച്ചു പ്രഖ്യാപിച്ച കര്‍ഷക പാക്കേജും ‘ വിള ഇന്‍ഷൂറന്‍സും വാഗ്ദാനങ്ങളില്‍ ഒതുങ്ങിയപ്പോള്‍ കേരളത്തിലെ നാമ മാത്ര ചെറുകിട കര്‍ഷകര്‍ ഉല്‍പ്പനത്തിന് മതിയായ വില കിട്ടണം എന്ന ആവശ്യം ഉന്നയിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളുടെ പഴക്കം ഉണ്ടെങ്കിലും പരിഹാരം മാത്രം ഉണ്ടാകുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു.
അന്താരാഷ്ട്ര വിപണിയില്‍ കയറ്റുമതി യൂണിറ്റുകള്‍ മല്‍സരിക്കേണ്ടത് രാജ്യാന്തര മാര്‍ക്കറ്റില്‍ 200- 250 രൂപക്ക് വിയറ്റ്നാം അടക്കമുള്ള രാജ്യങ്ങള്‍ ലഭ്യമാക്കുന്ന അസംസ്‌കൃത കുരുമുളക് കൊണ്ട് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്ന മറ്റു അന്താരാഷ്ട്ര കമ്ബനികളുമായാണ്. ആഭ്യന്തര വിപണിയില്‍ കിലോഗ്രാമിന് 450- 470 രൂപ വിലയുള്ള കുരുമുളക് വാങ്ങി ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കിയാല്‍ അന്താരാഷ്ട്ര വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ പ്രയാസമാണ്.
വിജ്ഞാപനത്തിന് ശേഷം പോയ മൂന്നു മാസത്തെ നഷ്ടം 5,075 കോടി രൂപയാണ്. മാത്രമല്ല, കുരുമുളക് ഒറ്റയ്ക്കുള്ള ഓര്‍ഡറുകളായല്ല കയറ്റുമതി ചെയ്യപ്പെടുന്നത്. കരാറുകളില്‍ മിക്കവയും മുളക്, മഞ്ഞള്‍, ഇഞ്ചി തുടങ്ങി വിവിധ സുഗന്ധ വ്യഞ്ജനങ്ങള്‍ കുരുമുളകിനൊപ്പം നല്‍കേണ്ടവയാണ്. വിയറ്റ്നാം പോലുള്ള രാഷ്ട്രങ്ങളില്‍ കുരുമുളക് ഉത്പാദനം മൂന്നിരട്ടി വര്‍ധിച്ചതാണ് വില കുറയാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഇന്ത്യയില്‍ പ്രതിവര്‍ഷം 20,500 മെട്രിക് ടണ്ണിലധികം കുരുമുളക് ഇറക്കുമതിയുണ്ട്. ഇതില്‍ മൂല്യവര്‍ധിത കുരുമുളക് ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന സ്പൈസ് എക്സ്പോര്‍ട്ടേഴ്സ് ഫോറം അംഗങ്ങള്‍ തന്നെ 13,500 മെട്രിക് ടണ്‍ ഇറക്കുമതി ചെയ്യുകയും, അതു തിരിച്ച് കയറ്റുമതി ചെയ്യുകയും ചെയ്യുന്നു. ഇതൊഴിച്ചുള്ള ശ്രീലങ്കയില്‍ നിന്നുള്ള 2500 മെട്രിക് ടണ്ണും ഓപ്പണ്‍ ഇറക്കുമതിയായ 4500 മെട്രിക് ടണ്‍ ഇറക്കുമതിയും ഉള്‍പ്പെടെ 7000 മെട്രിക് ടണ്ണാണ് ആഭ്യന്തര വിപണിയില്‍ പുറത്തു നിന്നു എത്തുന്നത്. സംസ്ഥാനത്താകെ കുരുമുളക് ഉല്‍പാദനത്തില്‍ കുറവുണ്ടാകുന്നതായാണ് ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പ്രസിദ്ധീകരിച്ച കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഇടുക്കിയാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കുരുമുളക് ഉല്‍പാദിപ്പിക്കുന്ന ജില്ല. വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നിവയാണ് തൊട്ടുപുറകില്‍.
2001-02 വര്‍ഷം സംസ്ഥാനത്ത് 20395 ഹെക്ടറിലായിരുന്നു കുരുമുളക് കൃഷി. 58240 ടണ്‍ ഉല്‍പാദനവും. 2015-16ല്‍ ഇത് 8548 ഹെക്ടറായി, 58 ശതമാനം കുറവ്. ഉല്‍പാദനം 42132 ടണ്‍ ആയി. 28 ശതമാനത്തിന്റെ കുറവ്. ഇടുക്കിയില്‍ 2015-16 ല്‍ 25495 ടണ്‍ ആയിരുന്നു ഉല്‍പാദനം. വയനാട് 6593ഉം കണ്ണൂര്‍ 1553ഉം കാസര്‍കോട് 1189ഉം ടണ്‍. ഇത്തവണ ഉല്പാദനം വന്‍തോതില്‍ ഇടിഞ്ഞതായി കര്‍ഷകരും വ്യാപാരികളും സാക്ഷ്യപ്പെടുത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here