ഇടതു, വലതു മുന്നണികളില്‍ തര്‍ക്കം തുടരുന്നു;കോട്ടയത്ത് പി.സി. തോമസ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയാകും

0
31

കോട്ടയം: ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തില്‍ സീറ്റുകള്‍ക്കായി ബലപരീക്ഷണം നടത്താതെ കോട്ടയം സീറ്റ് സ്വന്തമാക്കാന്‍ സി.പി.എം നീക്കം. ജനതാദളി(എസ്)ന് പത്തനംതിട്ട വിട്ടുകൊണ്ട് കോട്ടയം കൈപ്പിടിയിലാക്കാനാണ് സി.പി.എം ശ്രമം. 12ന് നടക്കുന്ന ഇടതുമുന്നണി യോഗത്തിനു മുമ്പായി സീറ്റ് വിഭജനം സംബന്ധിച്ച് ധാരണയിലെത്താന്‍ സി.പി.എം, സി.പി.ഐ, ജനതാദള്‍ (എസ്) എന്നീ പാര്‍ട്ടികളുടെ സംസ്ഥാന നേതാക്കള്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.
കോട്ടയത്തിനു പകരം തിരുവനന്തപുരം സീറ്റിലേക്കാണ് ജനതാദളിന്റെ നോട്ടം. ഇല്ലെങ്കില്‍ പത്തനംതിട്ടയെങ്കിലും നല്‍കണമെന്നാണ് ആവശ്യം. എന്നാല്‍ തിരുവനന്തപുരം വിട്ടുനല്‍കില്ലെന്നാണ് സി.പി.ഐയുടെ നിലപാട്. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി ഇക്കാര്യം ജനതാദള്‍ (എസ്) പ്രസിഡന്റ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ചര്‍ച്ച നടത്തിയിരുന്നു. ശബരിമല പ്രശ്‌നമാണ് പത്തനംതിട്ടയില്‍ സി.പി.എമ്മിന്റെ സ്ഥാനാര്‍ഥി നേരിട്ടു മല്‍സരിക്കുന്നതില്‍നിന്ന് പാര്‍ട്ടിയെ പിന്നോട്ടു വലിക്കുന്നത്.
യു.ഡി.എഫിലും കോട്ടയം സീറ്റിനെച്ചൊല്ലി അഭിപ്രായവ്യത്യാസങ്ങളുണ്ട്. കേരള കോണ്‍ഗ്രസ് (എം) കൈവശം വച്ചിരിക്കുന്ന സീറ്റ് കോണ്‍ഗ്രസ് തിരിച്ചെടുക്കണമെന്നാണ് ആവശ്യമുയരുന്നത്. എന്നാല്‍ മണ്ഡലം വിട്ടുകൊടുക്കില്ലെന്ന് കേരള കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.
കോട്ടയം സീറ്റ് ഇടത്-വലത് മുന്നണികളില്‍ തലവേദനയാകുമ്പോള്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി മുന്‍ എം.പി പി.സി. തോമസിനെ തീരുമാനിച്ചതായാണ് വിവരം. കേരള കോണ്‍ഗ്രസിന് സീറ്റ് വിട്ടുനല്‍കുന്നതിനെ ബി.ഡി.ജെ.എസും ബി.ജെ.പിയും പിന്തുണച്ചിരുന്നു.
കോട്ടയം സീറ്റു ഘടകകക്ഷിക്കു വിട്ടു നല്‍കാനുള്ള ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെ തീരുമാനമാണു നിര്‍ണായകമായത്. കോട്ടയത്തെ സാധ്യതാ പട്ടികയില്‍ പി.സി.തോമസിന്റെ പേരിനു മുന്‍തൂക്കമുണ്ടായിരുന്നുവെങ്കിലും സി.പി.എം നേരിട്ട് മത്സരിച്ചാല്‍ സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തുകായിയിരുന്നു ബി.ജെ.പിയുടെ ലക്ഷ്യം. ശബരിമല സമരത്തില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ എടുത്തിട്ടുള്ളത് കോട്ടയം ജില്ലയിലാണ്. ഇതു തിരഞ്ഞെടുപ്പില്‍ പ്രയോജനപ്പെടുത്താന്‍ ബി.ജെ.പി സ്ഥാനാര്‍ഥിക്കു സാധിക്കുമെന്നു പ്രാദേശിക നേതൃത്വം വാദിച്ചു. എന്നാല്‍ ബി.ജെ.പി ദേശീയ നേതൃത്വം പി.സി. തോമസിനെ നിര്‍ദേശിച്ചത് ഇടതു, വലതു മുന്നണികളിലെ തര്‍ക്കം കൂടി കണക്കിലെടുത്താണ്.
പി.ടി. ചാക്കോയുടെ മകന്‍ എന്ന പരിഗണനയും വ്യക്തിബന്ധങ്ങളും കോട്ടയത്ത് പി.സി.തോമസിനു ഗുണം ചെയ്യുമെന്നും നേതൃത്വം വിശ്വസിക്കുന്നു. ജോസ്.കെ. മാണി രാജ്യസഭാംഗമായ ശേഷം കോട്ടയം ലോക്‌സഭയില്‍ പ്രതിനിധീകരിക്കുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here