സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് കര്‍ഷകന്റെ ആത്മഹത്യ; പ്രതിഷേധം ശക്തമാകുന്നു

0
4

അടിമാലി:സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് അടിമാലി ആനവിരട്ടിയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു.വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞായിരുന്നു ആനവിരട്ടി സ്വദേശി കോട്ടക്കല്ലില്‍ വീട്ടില്‍ രാജുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കടക്കെണിയെ തുടര്‍ന്ന് തോപ്രാംകുടി മേരിഗിരി സ്വദേശി സന്തോഷും ,മകന് ജപ്തി നോട്ടീസ് ലഭിച്ചതില്‍ മനംനൊന്ത് ചെമ്പകപ്പാറ സ്വദേശി സഹദേവനും ആത്മഹത്യ ചെയ്തതിനു പിന്നാലെയാണ് സാമ്പത്തിക ബാധ്യത ഭയന്ന് 62 കാരനായ രാജുവും ജീവന്‍ ഒടുക്കിയത്.വീടിനോട് ചേര്‍ന്ന കൊക്കോ മരത്തില്‍ രാജു തൂങ്ങി മരിച്ചനിലയിലാണ് കണ്ടെത്തിയത്. .അടിമാലിയില്‍ പ്രവര്‍ത്തിച്ചു വരുന്ന ധനകാര്യ സ്ഥാപനത്തില്‍ നിന്നും രാജു ഏതാനും നാളുകള്‍ക്ക് മുമ്പ് പത്ത് ലക്ഷം രൂപ വായ്പയെടുത്തിരുന്നു.വായ്പ തിരിച്ചടവ് മുടങ്ങിയതോടെ പുരയിടത്തിന്റെ ഒരു ഭാഗം വിറ്റ് കടം തീര്‍ക്കാന്‍ രാജു ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.
വായ്പ തിരിച്ചടവിനുള്ള സമ്മര്‍ദ്ദം ഏറിയതിനിടയിലാണ് അപ്രതീക്ഷിതമായി രാജു ജീവന്‍ അവസാനിപ്പിച്ചതെന്നു ബന്ധുക്കള്‍ പറയുന്നു. .സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ജീവിതം അവസാനിപ്പിക്കുന്നതായുള്ള ആത്മഹത്യകുറിപ്പ് രാജുവിന്റെ വസ്ത്രത്തില്‍ നിന്നും പോലീസ് കണ്ടെടുത്തു.സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ഇടുക്കിയില്‍ ജീവന്‍ അവസാനിപ്പിക്കുന്നവരുടെ എണ്ണം ഏറിയ സാഹചര്യത്തില്‍ പ്രതിഷേധവും ശക്തമാകുകയാണ്.
വാഴത്തോപ്പ് സ്വദേശി നെല്ലിപ്പുഴയില്‍ എന്‍.എം ജോണി ഈ മാസം ഏഴിന് സാമ്പത്തിക ബാധ്യത ഭയന്ന് ജീവന്‍ ഒടുക്കിയിരുന്നു.
പ്രളയ ശേഷം സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊററ്റോറിയം അവസാനിക്കാന്‍ ആറ് മാസം ബാക്കി നില്‍ക്കെ വായ്പ തിരിച്ചടവിന് ധനകാര്യസ്ഥാപനങ്ങള്‍ ചെലുത്തുന്ന സമ്മര്‍ദ്ദം അവസാനിപ്പിക്കണമെന്ന് മരിച്ച രാജുവിന്റെ ഭവനം സന്ദര്‍ശിച്ച ശേഷം ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here