കൈവീശി വസന്തകുമാര്‍ യാത്രയായത് മരണത്തിലേക്കോ, വേര്‍പാട് താങ്ങാനാവാതെ ഷീനയും മക്കളും

0
6

ഉസ്മാന്‍ അഞ്ചുകുന്ന്

വസന്തകുമാറിന്റെ കുടുംബം

ലക്കിടി(വയനാട്): വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് 3.15 ന് രാജ്യത്തെ നടുക്കിയ സ്‌ഫോടനത്തില്‍ തന്റെ പ്രിയതമനും രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്തപ്പോള്‍ ആറു ദിവസം മുമ്പ് കൈവീശി യാത്രയായത് മരണത്തിലേക്കായിരുന്നു എന്നത് ഷീനക്ക് ഉള്‍കൊള്ളാനാവുന്നില്ല. എന്താണ് സംഭവിച്ചതെന്നറിയാതെ കൂട്ട കരച്ചിലുകള്‍ക്കിടയില്‍ അമ്മയെ ചേര്‍ത്ത് പിടിച്ച അനാമികയോ കുഞ്ഞനുജന്‍ അമര്‍ദീപോ അറിയുന്നില്ല ഒരിക്കലും ഒരു ഭീകരതക്കും മുന്നിലും തന്റെ രാജ്യം മുട്ടുമടക്കില്ലെന്ന ദൃഢപ്രതിജ്ഞയില്‍ ജന്മനാടിനു വേണ്ടി വീരമൃത്യു ഏറ്റുവാങ്ങിയ തങ്ങളുടെ പ്രിയപ്പെട്ട പപ്പ ഇനി തിരിച്ചു വരില്ലെന്ന്.

അത്യന്തം ഹൃദയഭേദകമാണ് ലക്കിടിയിലെ ധീര സൈനികന്‍ കുന്നത്തിടവക വീട്ടില്‍ വസന്തകുമാറിന്റെ വീട്ടിലെ കാഴ്ച്ചകള്‍. സ്‌ഫോടനം നടക്കുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് വസന്തകുമാര്‍ ഷീനയുമായി സംസാരിച്ചിരുന്നു. തുടര്‍ന്ന് അമ്മക്ക് ഫോണ്‍ കൊടുക്കാന്‍ പറഞ്ഞു അമ്മ ശാന്തയുമായും ഏറെ നേരം സംസാരിച്ചു.രാത്രി ക്യാമ്പിലെത്തിയിട്ട് വിളിക്കാമെന്നു പറഞ്ഞാണ് ഫോണ്‍ കട്ടാക്കിയത്. എന്നാല്‍ തന്റെ പൊന്നുമോന്റെ ശബ്ദം ഇനിയൊരിക്കലും കേള്‍ക്കാനാവില്ലല്ലോ എന്നാണ് കരച്ചിലിനിടയിലും അമ്മയുടെ നൊമ്പരം.തന്റെ ജീവനായ രണ്ടു മക്കള്‍ക്കും ഫെബ്രുവരി ഒമ്പതിന് യാത്രയാകുന്നതിന് തൊട്ടു മുമ്പ് വാരിയെടുത്ത് ഒരുപാട് നേരം ചുംബനങ്ങള്‍ നല്‍കിയാണ് ബാഗുമായി എല്ലാവരോടും കൈവീശി വസന്തകുമാര്‍ യാത്രയായത്. ഒട്ടേറെ സ്വപ്‌നങ്ങള്‍ നെയ്‌തെടുത്താണ് ഉയരങ്ങളിലേക്ക് തന്റെ ഔദ്യോഗിക പദവി ലക്ഷ്യമിട്ട് ജമ്മുവിലെ സി.ആര്‍.പി എഫ് ക്യാമ്പില്‍ നാലു നാള്‍ മുമ്പ് വസന്തകുമാര്‍ ചുമതലയേറ്റത്. ബാക്കിയുള്ള പതിനെട്ട് വര്‍ഷവും പഞ്ചാബിലായിരുന്നു വസന്തകുമാറിന്റെ സൈനിക സേവനം.

ഭീകരാക്രമണത്തില്‍ ഒരു മലയാളി ജവാന്‍ കൂടി നഷ്ടമായതില്‍ സംസ്ഥാനം വിതുമ്പുമ്പോള്‍ വയനാട് അക്ഷരാര്‍ത്ഥത്തില്‍ കരയുകയായിരുന്നു.വിവരം അറിഞ്ഞ് നൂറു കണക്കിനാളുകളാണ് ലക്കിടി വെറ്റിനറി സര്‍വകലാശാലക്ക് അടുത്തുള്ള വീട്ടിലേക്ക് ഒഴുകിയെത്തി കൊണ്ടിരിക്കുന്നത്. ഇന്ന് കരിപ്പൂര്‍ വിമാനതാവളത്തില്‍ ഭൗതിക ശരീരം ഏറ്റുവാങ്ങുമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചത്.തുടര്‍ന്ന് വസന്തകുമാര്‍ പ്രാഥമിക പഠനം പൂര്‍ത്തിയാക്കിയ ലക്കിടി ഗവ: എല്‍ പി.സ്‌കൂളില്‍ പൊതുദര്‍ശനത്തിനു വെക്കും തുടര്‍ന്ന് പൂര്‍ണ്ണ സൈനിക ബഹുമതികളോടെ തൃക്കൈ പറ്റ തറവാട് ശ്മാശനത്തിലേക്ക് കൊണ്ടു പോകും സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി ടി.പി രാമകൃഷ്ണന്‍, എം.പി എം.എല്‍ എ മാര്‍ മറ്റ് ജനപ്രതിനിധികള്‍ എന്നിവര്‍ സംസ്‌കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.ജില്ലാ ഭരണകൂടം എഡിഎമ്മിന്റെ നേതൃത്വത്തില്‍ രണ്ട് തഹസില്‍ദാര്‍മാരും ഒട്ടേറെ ഉയര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്ന് ഇന്ന് വയനാട്ടിലെത്തുന്ന വസന്തകുമാറിന്റെ ഭൗതിക ശരീരം സംസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടത്തി വരികയാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here