വയനാട്: എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ ആദ്യമായി വയനാട്ടിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് രാഹുല്‍ ഗാന്ധി. എംപി എന്നത് ഒരു ടാഗ് മാത്രമാണെന്നും ബിജെപിയ്ക്ക് അതെടുത്ത് മാറ്റാമെന്നും രാഹുല്‍ പറഞ്ഞു. വയനാട്ടില്‍ നടന്ന പൊതു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപിക്ക് ആ ടാഗും സ്ഥാനവും വീടും ഒക്കെ എടുത്തുകളയാം, അല്ലെങ്കില്‍ എന്നെ ജയിലില്‍ അടയ്ക്കാം. പക്ഷേ, വയനാട്ടിലെ ജനങ്ങളെ പ്രതിനിധീകരിക്കുന്നതില്‍ നിന്ന് എന്നെ തടയാന്‍ അവര്‍ക്ക് കഴിയില്ല.’ രാഹുല്‍ ഗാന്ധി പറഞ്ഞു. എന്റെ വീട്ടിലേക്ക് പോലീസിനെ അയച്ച് എന്നെ ഭയപ്പെടുത്താമെന്ന് അവര്‍ കരുതുന്നു. അവര്‍ എന്റെ വീട് എടുത്തതില്‍ എനിക്ക് സന്തോഷമുണ്ട്. ആ വീട്ടില്‍ ഞാന്‍ സംതൃപ്തനായിരുന്നില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

‘നാലു വര്‍ഷം മുമ്പ് ഇവിടെ വന്ന് നിങ്ങളുടെ എംപിയായി. എന്നെ സംബന്ധിച്ചിടത്തോളം ആ പ്രചാരണം തികച്ചും വ്യത്യസ്തമായ ഒന്നായിരുന്നു. പ്രചാരണത്തില്‍ എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് നിങ്ങള്‍ സംസാരിച്ചു. ഇത്തരം പല പ്രചാരണങ്ങളും ഞാന്‍ നടത്തിയിട്ടുണ്ടെങ്കിലും ഇവിടേക്കുളള വരവ് കുടുംബത്തിലേക്ക് വരുന്നത് പോലെയായിരുന്നു. ഞാന്‍ കേരളത്തിലുളളതല്ല, എന്നാല്‍ നിങ്ങള്‍ എന്നെ സ്വീകരിച്ച രീതി എന്നെ നിങ്ങളുടെ സഹോദരനായും മകനായും തോന്നിപ്പിച്ചു’ ഗാന്ധി പറഞ്ഞു.

‘ഞാന്‍ വര്‍ഷങ്ങളായി എംപിയാണ്. ഒരു എംപി ആകുക എന്നതിന്റെ അര്‍ത്ഥമെന്താണെന്ന് ഞാന്‍ ചിന്തിച്ചു. ആളുകളെ തുല്യരായും ഉന്നതരായും കാണാനുമുള്ള വിനയം നിങ്ങള്‍ക്കുണ്ടായിരിക്കണം. ഒരു ജനപ്രതിനിധിയാകാന്‍ ജനങ്ങളുടെ വികാരങ്ങളും അവരുടെ പ്രശ്‌നങ്ങളും മനസ്സിലാക്കണം. ഒരു യഥാര്‍ത്ഥ പ്രതിനിധി വികസിക്കുന്നത് സ്വയം വിശകലനം ചെയ്യുന്നതിലൂടെയും താന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ഉപേക്ഷിച്ചുകൊണ്ടുമാണ്.’അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here