എപ്പോഴും എവിടെയും തീപിടിക്കാവുന്ന നാട്

0
18

മുരളി തുമ്മാരുകൂടി

എറണാകുളത്ത് ചെരുപ്പിന്റെ ഷോ റൂമിലെ അഗ്‌നിബാധയുടെ ചിത്രങ്ങള്‍ രാവിലെ തൊട്ടേ ആളുകള്‍ അയച്ചു തരുന്നുണ്ട്. ഉയര്‍ന്ന കെട്ടിടങ്ങളിലെ അഗ്‌നിബാധയാണ് കേരളത്തിലെ അടുത്ത വലിയ ദുരന്തം എന്ന് പ്രവചിച്ചിരുന്നതിനാല്‍ എന്റെ നാക്കിന്റെ നിറം അറിയാനും ശ്രമമുണ്ട്. ഭാഗ്യത്തിന് മരണം ഒന്നും സംഭവിച്ചില്ല, ഭാഗ്യം; ഭാഗ്യം കൊണ്ട് മാത്രം.

കേരളത്തിലെ ഒന്നാമത്തെ നഗരമാണ് കൊച്ചി. ജനസംഖ്യയുടെ കാര്യത്തിലായാലും സമ്പത്തിന്റെ കാര്യത്തില്‍ ആയാലും. സര്‍ക്കാരിന്റെ, നേവിയുടെ, വിമാനത്താവളത്തിന്റെ, റിഫൈനറിയുടെ അങ്ങനെ അനവധി അഗ്‌നിശമന സംവിധാനങ്ങള്‍ അവിടെ ഉണ്ട്. പക്ഷെ അതുകൊണ്ട് മാത്രം കൊച്ചി സുരക്ഷിതം ആണെന്ന് കരുതരുത്. ഏറ്റവും കൂടുതല്‍ ഉയര്‍ന്ന കെട്ടിടങ്ങള്‍ അവിടെയാണ്, ഏറ്റവും പഴയ ഉയര്‍ന്ന കെട്ടിടങ്ങളും ഇവിടെയാണ്. കേരളത്തില്‍ മൊത്തം ടൌണ്‍ പ്ലാനിങ്ങില്‍ അത്രമാത്രം പ്ലാനിങ്ങ് ഒന്നുമില്ല. പടക്കക്കടയുടെ മുകളില്‍ നഴ്‌സറി സ്‌കൂള്‍ ഉണ്ടെന്ന് കേട്ടാലും ഞാന്‍ അതിശയപ്പെടില്ല. ഫ്‌ളാറ്റുകളില്‍ ഉള്ള അഗ്‌നി സുരക്ഷാ സംവിധാനങ്ങള്‍ ആരും നോക്കാറുകൂടിയില്ല. ഒരു സുരക്ഷാ ഡ്രില്‍ എന്നത് പൊലീസ് സ്റ്റേഷനില്‍ പോലും ഉണ്ടാകാറില്ല.

അപ്പോള്‍ തീ എവിടെയും തുടങ്ങാം, ആരെയും കൊല്ലാം. ഇതിപ്പോള്‍ തിരക്കുള്ള നഗരത്തിന്റെ മാത്രം കാര്യമല്ല. നമ്മുടെ ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റ് കണ്ടിട്ടുള്ള സുരക്ഷാ വിദഗ്ദ്ധര്‍ തലയില്‍ കൈ വച്ച് ഉടന്‍ സ്ഥലം കാലിയാക്കാന്‍ നോക്കും. മരത്തിന്റെ ഫ്‌ളോര്‍, പ്ലൈവുഡിന്റെ പാനല്‍, എവിടെയും കെട്ടുകെട്ടായി ഫയലുകള്‍, നിലത്തൂടെ ലൂസ് ആയി കിടക്കുന്ന ഇലക്ട്രിക് വയറുകള്‍, പല റൂമുകളിലും ചായയും കാപ്പിയും ഉണ്ടാക്കാനുള്ള സംവിധാനം. മുറികളില്‍ നിന്നും എങ്ങനെയാണ് പുറത്തെത്തുന്നത് എന്ന് സന്ദര്‍ശകര്‍ക്ക് ഒട്ടും പിടി കിട്ടാത്ത തരത്തിലുള്ള ഇടനാഴികളും കോണികളും. ഓരോ തവണയും മന്ത്രിമാരുടെയും സെക്രട്ടറിമാരുടെയും ഒക്കെ റൂമിനടുത്തുകൂടെ പോകുമ്പോള്‍ ഞാന്‍ ഈ കാര്യം ഓര്‍ക്കാറുണ്ട്. എന്നെങ്കിലും ഇവിടെ ഒരു ഫയര്‍ സേഫ്റ്റി ഓഡിറ്റ് നടന്നിട്ടുണ്ടോ ?. ഏതെങ്കിലും കാലത്ത് ഒരു ഫയര്‍ ഡ്രില്‍ അവിടെ സാധിക്കുമോ ?. എന്നാണ് ഭരണ സിരാകേന്ദ്രത്തിന് ‘തീ പിടിക്കുന്നത്’. എനിക്ക് കരിനാക്ക് ഉണ്ടെന്ന് അറിയാവുന്നവര്‍ അവിടെ ഉണ്ട്, അവരൊന്നു പേടിച്ചോട്ടെ എന്നോര്‍ത്ത് പറഞ്ഞതാണ്. അങ്ങനെ എങ്കിലും ഒരു സുരക്ഷാ ഓഡിറ്റ് അവിടെ നടക്കട്ടെ!

അതൊക്കെ അവിടെ നില്‍ക്കട്ടെ. ഔദ്യോഗികമായി വലിയ മാറ്റങ്ങള്‍ ഒന്നും പ്രതീക്ഷിക്കേണ്ട. പക്ഷേ വായനക്കാര്‍ക്ക് ചെയ്യാവുന്ന ഒരു കാര്യം പറയാം. സൗത്തില്‍ തീ പിടുത്തം ഉണ്ടെന്ന് കേട്ടാല്‍ നേരെ എതിരേ ദിശയിലേക്ക് പോവുക. കാരണം വഴിയേ പോകുന്ന തീ ഓട്ടോറിക്ഷ പിടിച്ചു തലയിലേക്ക് ഇടേണ്ട കാര്യം ഇല്ലല്ലോ.

ഇന്ന് രാവിലെ സൗത്തില്‍ ഫയര്‍ എഞ്ചിനുകള്‍ക്ക് എത്തിപ്പറ്റാന്‍ പോലും പറ്റാത്ത തരത്തില്‍ ആള്‍ക്കൂട്ടമാണ് കണ്ടത്. ഒരു കാര്യവും ഇല്ല, ആളുകള്‍ വന്ന് നിറയുകയാണ്, ആകാശത്തെ ഏറോബാറ്റിക്ക്‌സ് ഒക്കെ കാണാന്‍ കൂടുന്നത് പോലെ. ഒരു കാര്യവും ഇല്ലാത്ത സ്ഥലത്ത് പോയി ചുമ്മാ നോക്കി നില്‍ക്കുന്ന സ്വഭാവത്തിന് rubberneck എന്നാണ് ഇംഗ്ലീഷിലെ പേര്. റബ്ബര്‍ കൃഷി വ്യാപകമായതുകൊണ്ടാണോ എന്തോ ഞാന്‍ കണ്ടിട്ടുള്ള ലോകത്തിലെ റബര്‍ കഴുത്തിന്റെ തലസ്ഥാനം ആണ് കേരളം. അഗ്‌നിശമനം മാത്രമല്ല, കോടതിയില്‍ പ്രതിയെ കൊണ്ട് വരുന്നത്, മരം വെട്ടുന്നത്, കിണറില്‍ ആളിറങ്ങുത് എന്നിങ്ങനെ നമുക്ക് യാതൊരു ആവശ്യവും ഇല്ലാത്തിടത്തെല്ലാം മലയാളി ഹാജര്‍ ആണ്. എന്ന് വച്ച് നാട്ടില്‍ പണിയില്ലാത്തവരുടെ എണ്ണം കൂടി എന്നൊന്നും ചിന്തിക്കരുത്. എന്തെങ്കിലും ഒരു നല്ല കാര്യത്തിന് വേണ്ടി, ഉദാഹരണത്തിന് കാലാവസ്ഥ വ്യതിയാനത്തെ പറ്റി ഒരു സെമിനാര്‍ നടത്തി നോക്കൂ. ബിരിയാണി കൊടുക്കാം എന്ന് പറഞ്ഞാല്‍ പോലും നാലു മലയാളിയെ കിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here