കുസാറ്റിനെ വിഴുങ്ങിയ ദുര്‍ഭൂതം

0
24

പി.എ. അലക്‌സാണ്ടര്‍

കേരളത്തിലെ മുന്‍നിര വിദ്യാഭ്യാസ സ്ഥാപനമായ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല (കുസാറ്റ്)യിലെ വിദ്യാര്‍ത്ഥി സംഘര്‍ഷങ്ങള്‍ നാടിന് നാണക്കേടാകുന്നു. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ മറവില്‍ ആധിപത്യം ഉറപ്പിക്കാനാണ് കുസാറ്റില്‍ സംഘടനങ്ങള്‍ അരങ്ങറുന്നത്.
ക്യാംപസില്‍ എസ്എഫ്‌ഐക്കാണ് ആധിപത്യം. യൂണിയന്‍ ഭരണവും അവര്‍ക്കാണ്. മറ്റൊരു സംഘടനയും ക്യാംപസില്‍ വളരാന്‍ അനുവദിക്കാത്ത സാഹചര്യമാണുള്ളതെന്ന് നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. കയ്യൂക്ക് രാഷ്ട്രീയത്തെ നേരിടാന്‍ ആ സംഘടനയില്‍ നിന്ന് വിട്ടുപോയ ചിലരും വേറെ ചിലരും രംഗത്തുവന്നതോടെ സര്‍വ്വകലാശാല ക്യാംപസ് സംഘര്‍ഷഭരിതമായി.
ക്യാംപസിനുള്ളില്‍ ആണ്‍കുട്ടികള്‍ താമസിക്കുന്ന ഹോസ്റ്റലുകള്‍ കേന്ദ്രീകരിച്ചാണ് സംഘടനങ്ങള്‍ ഉടലെടുത്തത്. വിദ്യാര്‍ത്ഥി രാഷ്ട്രീയക്കാര്‍ ഭരിക്കുന്ന ഹോസ്റ്റലുകളില്‍ ആയുധങ്ങളും, മദ്യകുപ്പികളും മറ്റും ശേഖരിച്ചുവെച്ചിട്ടുള്ളതായി പരാതിയുണ്ട്. ഹോസ്റ്റല്‍ പരിസരത്തെത്തിയ പൊലീസിനെ വിദ്യാര്‍ത്ഥികള്‍ മദ്യകുപ്പികള്‍ കൊണ്ട് നേരിട്ടു. ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ഥികളുടെ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിക്കുവാന്‍ പോലും ഭരിക്കുന്ന സംഘടനകളുടെ കയ്യൂക്കുള്ള നേതാക്കള്‍ സമ്മതിക്കുന്നില്ല. പൊലീസിനുപോലും ഇടപെടാനാവാത്ത അവസ്ഥയാണ് ഇന്ന് ക്യാംപസില്‍.
് സംഘര്‍ഷങ്ങളില്‍ എസ്എഫ്‌ഐയുടെ ധാര്‍ഷ്ട്യത്തിനാണ് കരുത്ത്. പ്രാദേശിക തലത്തിലുള്ള ഡി.വൈ.എഫ്.ഐ, സി.ഐ.ടി.യു പിന്തുണയും എസ്.എഫ്.ഐക്കുണ്ടന്നാണ് സംഭവസ്ഥലത്തുവെച്ച് നാട്ടുകാര്‍ ചൂണ്ടിക്കാണിച്ചത്. കഴിഞ്ഞ 2 മാസമായി ക്യാംപസില്‍ സംഘര്‍ഷാവസ്ഥയാണ്.
എസ്.എഫ്.ഐയില്‍ നിന്ന് വിട്ടുപോയവര്‍ ഒരു പുതിയ സംഘയനയ്ക്ക് രൂപം കൊടുത്തതാണ് പ്രശ്‌നം രൂക്ഷമാക്കിയത്. എസ്.എഫ്.ഐക്കാരും പുതിയ സംഘടനക്കാരും മറ്റുചിലരും ചേര്‍ന്ന് കുസാറ്റിലെ സ്ഥിതി വഷളാക്കി.
ക്യാംപസ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട് അസ്വസ്ഥ്ത ഉണ്ടായപ്പോള്‍ പോലീസ് ഇടപെട്ടെവെന്നാക്ഷേപിച്ച് കളമശ്ശേരി പൊലീസ് സ്‌റ്റേഷനിലെ ചില്ല് അടിച്ച് തകര്‍ത്ത സംഭവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സ്‌റ്റേഷന്റെ ചില്ല് അടിച്ച് പൊട്ടിച്ച എസ.്എഫ്.ഐക്കാരനെ പൊലീസ് പിടിച്ച് സ്റ്റേഷനില്‍ ഇരുത്തി കേസ് ചാര്‍ജ് ചെയ്‌തെങ്കിലും സി.പി.ഐ ഏരിയ സെക്രട്ടറിയെത്തി സ്റ്റേഷന്‍ ജാമ്യത്തില്‍ ഇറക്കികൊണ്ടുപോയി. ഇക്കാര്യങ്ങള്‍ ഒക്കെ ചൂണ്ടിക്കാട്ടി പ്രശ്‌നത്തിന്റെ രൂക്ഷതയെപ്പറ്റി ആര്‍ഡിഒയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ആഴ്ചകള്‍ കഴിഞ്ഞിട്ടും നടപടിയൊന്നുമില്ല.
കഴിഞ്ഞ ഒരു മാസക്കാലത്തിനിടയില്‍ 120 വിദ്യാര്‍ത്ഥികളുടെ പേരില്‍ പൊലീസ് വിവിധ വകുപ്പുകളില്‍ കേസെടുത്തിട്ടുണ്ട്. സംഘടനങ്ങില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ നിരവധിയാണ്. ചില വിദ്യാര്‍ത്ഥികളുടെ പേരില്‍ വധശ്രമത്തിനു പോലും കേസെടുത്തിട്ടുണ്ട്.
ഇവിടത്തെ വിദ്യാര്‍ത്ഥികള്‍ ‘ഡിസ്‌കോ ജോക്കി’ പാര്‍ട്ടി നടത്താറുണ്ട്. ഇത്തരം പാര്‍ട്ടിളില്‍ പതിവുള്ള മദ്യ ലഹരിയില്‍ സംഘട്ടനങ്ങള്‍ ഉണ്ടായിട്ടുണ്ട്. സര്‍വ്വകലാശാല അധികൃതര്‍ ഈ പാര്‍ട്ടി നിരോധിച്ചിട്ടുമുണ്ട്. ഇങ്ങനെയുള്ള പാര്‍ട്ടികളില്‍ ഉണ്ടായ സംഘട്ടനത്തിന്റെ ഫലമായി സ്‌കൂള്‍ ഓഫ് എന്‍ജിനീയറിംഗ് അടച്ചിടേണ്ടതായും വന്നു.
വിദ്യാര്‍ത്ഥി സംഘട്ടനങ്ങള്‍ തടയാനോ, നിയമ നടപടികള്‍ സ്വീകരിക്കാനോ ആരും ഇതുവരെ മുന്നോട്ട് വന്നിട്ടില്ല. കുസാറ്റ് അധികൃതരും അനങ്ങാപ്പാറ നയത്തിലാണ്. നിലവിവുള്ളഒരു കേസുകളില്‍ പോലും സര്‍വ്വകലാശാല അധികൃതര്‍ പരാതി നല്‍കിയിട്ടില്ല.
സര്‍വ്വകലാശാലയുടെ ആക്ടിംഗ് വൈസ് ചാന്‍സിലര്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയതിനെത്തുടര്‍ന്ന് കര്‍ശന നടപടികള്‍ എടുക്കാന്‍ അദ്ദേഹം നിര്‍ദ്ദശം നല്‍കിയിട്ട് ആഴ്ച ഒന്ന് കഴിഞ്ഞു. പക്ഷേ ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല.
മികവിന്റെ മുദ്ര പതിച്ച കുസാറ്റില്‍ രാഷ്ട്രീയം മറയാക്കി ഒരുപറ്റം വിദ്യാര്‍ത്ഥികള്‍ നടത്തുന്ന ആക്രമണ പരമ്പര യൂണിവേഴ്‌സിറ്റിക്ക് കളങ്കമേല്‍പ്പിക്കുന്നു. പ്രാദേശിക രാഷ്ട്രീയ നേതൃത്വം എരിയുന്ന തീയില്‍ എണ്ണ ഒഴിച്ച് അക്രമികള്‍ക്ക് ശക്തിപകരുന്നു.
ക്യാംപസിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുന്ന രീതിയില്‍ കാര്യങ്ങള്‍ വഷളായിട്ടും അത് കണ്ടില്ലെന്ന് നടിക്കുകയാണ് കുസാറ്റ് അധികൃതര്‍. പൊലീസ് കേസെടുത്തിട്ടും സര്‍വ്വകലാശാല അധികൃതര്‍ സഹകരിക്കുന്നില്ല. രാഷ്ട്രീയ ഇടപെടലുകള്‍ തന്നെയാണ് സര്‍വ്വകലാശാല അധികൃതരുടെ നിഷ്‌ക്രിയത്വത്തിന് കാരണം.
ഇന്നേക്ക് അഞ്ചാഴ്ച മുമ്പ് സെനറ്റ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വേളയില്‍ കുസാറ്റ് ക്യാംപസില്‍ സംഘര്‍ഷം ഉണ്ടാവുമെന്നും ജീവഹാനി വരെ സംഭവിക്കാമെന്നും പൊലീസ് ആര്‍ഡിഒയെ അറിയിച്ചിരുന്നു. വിദ്യാര്‍ത്ഥി യൂണിയന്‍ പ്രതിനിധികളെയും അധ്യാപകരെയും രക്ഷിതാക്കളെയും വിളിച്ചുകൂട്ടി സമാധാന ചര്‍ച്ചകള്‍ നടത്തണമെന്നും പൊലീസ് കത്ത് മുഖേന അറിയിച്ചിരുന്നു. പക്ഷേ ആര്‍ഡിഒയുടെ ഭാഗത്തുനിന്നും ഒരു സഹകരണവും ഉണ്ടായില്ല.
ക്യാംപസില്‍ അച്ചടക്കം നിലനിര്‍ത്താന്‍ രക്ഷിതാക്കളുടെ യോഗം വിളിക്കാന്‍ അധ്യാപക പ്രതിനിധികള്‍ നിര്‍ദേശിച്ചിരുന്നു. പി.ടി.എ യോഗം വിളിച്ചപ്പോള്‍ ഒന്നും പ്രശ്‌നക്കാരുടെ രക്ഷിതാക്കള്‍ യോഗത്തില്‍ പങ്കെടുത്തിട്ടേയില്ല എന്ന് അധ്യാപകര്‍ ചൂണ്ടിക്കാട്ടി. ശല്യക്കാരുടെ രക്ഷിതാക്കള്‍ അധ്യാപകര്‍ വിളിച്ചപ്പോള്‍ അവരാരും ഫോണ്‍ പോലും എടുത്തിട്ടില്ലേത്രേ. രക്ഷിതാക്കള്‍ കൂടി ശ്രമിച്ചെങ്കില്‍ മാത്രമേ പ്രശ്‌നം പരിഹരിക്കാന്‍ ആവൂ എന്ന് അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു.
ക്യാംപസില്‍ ചുറ്റിമതിലില്ലാത്തതിനാല്‍ ആര്‍ക്കും ഏതു സമയത്തും അവിടേക്ക് ഓടി കയറാനും ഇറങ്ങാനും സാധിക്കും. മുന്‍ വൈസ്ചാന്‍സലര്‍ ഡോ. ജെ. ലതയുടെ കാലത്ത് ചുറ്റുമതില്‍ കെട്ടാന്‍ ശ്രമം നടത്തിയപ്പോള്‍ സമീപവാസികളും വിദ്യാര്‍ത്ഥികളും ഉള്ളിലുള്ള മറ്റു ചിലരും ആ ശ്രമത്തെ ചെറുത്തു തോല്‍പ്പിച്ചു.
സര്‍വ്വകലാശാലയുടെ ഹോസ്റ്റലുകള്‍ നാഥനില്ലാ കളരികളാണ്. രാഷ്ട്രീയക്കാരായ വിദ്യാര്‍ത്ഥികളുടെ അധീനതയിലാണ് ഹോസ്റ്റലുകള്‍. യൂണിവേഴ്‌സ്റ്റിയുടെ ഒരു നിയന്ത്രണവുമില്ലാത്ത ആണ്‍കുട്ടികളുടെ 4 ഹോസ്റ്റലുകളില്‍ 350ല്‍പരം വിദ്യാര്‍ത്ഥികളാണ് താമസിക്കുന്നത്. ഒരു ഹോസ്റ്റലിന് ഒരു സെക്യൂരിറ്റിയേ ഒള്ളൂ. സസെക്യൂരിറ്റിയെ കയ്യൂക്കുള്ള വിദ്യാര്‍ത്ഥികള്‍ ഭീഷണിപ്പെടുത്തി ഒതുക്കും.
2011 മുതല്‍ ഹോസ്റ്റലില്‍ താമസിക്കുന്നവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയെങ്കിലും അത് പരിശോധിക്കാന്‍ പോലും വിദ്യാര്‍ത്ഥി സംഘടനകള്‍ സമ്മതിക്കാറില്ല. പുറത്തു നിന്നും വരുന്ന അക്രമികളും ഹോസ്റ്റലില്‍ അന്തിയുറങ്ങാറുണ്ട്.
ദേശീയ തലത്തിലുള്ള പൊതുപ്രവേശന പരീക്ഷയിലൂടെ എത്തുന്ന വിദ്യാര്‍ത്ഥികള്‍, മികവുള്ള അധ്യാപകര്‍, മികച്ച അടിസ്ഥാന സൗകര്യങ്ങള്‍, പ്രശസ്തി നേടിയ ഒന്നാന്തരം വകുപ്പുകള്‍ ഇതൊക്ക കുസാറ്റിന്റെ മുഖ മുദ്രയാണ്. ദേശീയ ഗ്രേഡിങ് ഏജന്‍സിയുടെ (നാക്) എ ഗ്രേഡ് അംഗീകാരം കുസാറ്റിനുണ്ട്. വെല്‍ഫെയര്‍ റിസര്‍ച്ച് പെര്‍ഫോമന്‍സ് ഇന്‍ഡക്‌സിലെ ഉയര്‍ന്ന റേറ്റിംഗ്, മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിലെ അഗ്വതം ഇതെല്ലാം കുസാറ്റിനുണ്ട്. മാനവ വിഭവ ശേഷി മന്ത്രാലയം തയ്യാറാക്കിയ മികവില്‍ 30-ാംമത്തെ റാങ്കും ഇവര്‍ക്കാണ്. ചാന്‍സ്‌ലേഴ്‌സ് അവാര്‍ഡ്, ന്യൂട്ടണ്‍സ് ഫണ്ട് ജി.ആര്‍.പി എന്നീ രാജ്യാന്തര പങ്കാളിത്തം എന്നിവയും കുസാറ്റിനുണ്ട്.
വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നിരവധി അവാര്‍ഡുകള്‍ ദേശീയ തലത്തില്‍ സ്ഥാപനത്തിന് കിട്ടിയിട്ടുണ്ട്. പക്ഷേ ഇന്നത്തെ അവസ്ഥ പരിതാപകരമാണ്. രാഷ്ട്രീയ മുഷ്‌ക്കാണ് ഈ സ്ഥാപനത്തെ ഇങ്ങനെയാക്കിയത്.
2017-18ല്‍ 215 ഇതര സംസ്ഥാന വിദ്യാര്‍ത്ഥികള്‍ക്ക് കുസാറ്റില്‍ പ്രവേശനം ലഭിച്ചത്. അന്ന് 747 പേര്‍ക്കാണ് കേരളത്തില്‍ നിന്നും പ്രവേശനം ലഭിച്ചത്. 2018-19 ല്‍ യഥാക്രമം 225ഉം 833ഉം ആണ് ഈ കണക്ക്. കുറഞ്ഞ പഠനച്ചെലവും മികച്ച അക്കാദമി നിലവാരവും സ്ഥാപനത്തിന്റെ പ്രത്യേകതകളാണ്. ക്യാംപസ് പ്ലേയ്‌സ്‌മെന്റിലും സ്ഥാപനം മികച്ചതുതന്നെ. പക്ഷേ ഈ നേട്ടങ്ങളുടെയൊക്കെ ശോഭ കെടുത്തുന്നത് ക്യാംപസ് രാഷ്ട്രീയവും, രാഷ്ട്രീയക്കാരുടെ അഴിഞ്ഞാട്ടവുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here